നടവയൽ∙ കാട്ടുപന്നി ഇരുചക്ര വാഹനത്തിൽ ഇടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരുക്കേറ്റു. നടവയൽ ടൗണിൽ അക്ഷര ജനസേവന കേന്ദ്രം നടത്തുന്ന പരിയാരം ഇറമ്പിൽ സുരേഷ് കുമാർ (43), ഭാര്യ കെ.എസ്.സരിത (34) മകൻ അബിത്രജ് (6) എന്നിവർക്കാണ് പരുക്കേറ്റത്.
സ്ഥാപനം അടച്ച് കുടുംബവുമായി വീട്ടിലേക്ക് പോകുന്നതിനിടെ ബീനാച്ചി – പനമരം റോഡിൽ കായക്കുന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം വച്ച് ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കാട്ടുപന്നി ഇടിച്ചതോടെ നിയന്ത്രണംവിട്ട
ഇരുചക്രവാഹനം മറിഞ്ഞു വീണായിരുന്നു അപകടം. മൂന്നു പേർക്കും ദേഹമാസകലം പരുക്കും ചതവുമുണ്ട്.
പന്നിക്കൂട്ടം കൃഷിയിടത്തിൽ നിന്ന് പൊടുന്നനെ റോഡിലേക്ക് ചാടിയത് യാത്രക്കാരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല.
മുൻപിൽ എത്തിയ പന്നി കുറുകെ ചാടിയതിന് പിന്നാലെ എത്തിയ പന്നി ബൈക്കിന്റെ മുൻഭാഗത്ത് ഇടിച്ചതോടെ ബൈക്ക് മറിയുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് മൂവരെയും ആദ്യം പനമരം സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി ഗവ.മെഡിക്കൽ കോളജിലും എത്തിച്ചത്.
ബൈക്കിനും സാരമായ കേടുപാടുകളുണ്ട്. ബീനാച്ചി – പനമരം റോഡിൽ വച്ച് ഇതിനോടകം തന്നെ ഇരുചക്രവാഹനങ്ങൾക്കു മുൻപിൽ കാട്ടുപന്നി ചാടി ഇരുപതിലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്.
എന്നാൽ ആർക്കും വേണ്ടവിധം നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കാട്ടുപന്നി ഇടിച്ചു പരുക്കേറ്റ വിവരം വനംവകുപ്പിനെ അറിയിച്ചെങ്കിലും ഇന്നലെ വൈകിട്ട് വരെ ആരും എത്തിയിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]