കൽപറ്റ ∙ സംസ്ഥാനത്ത് കൊണ്ടുവന്ന വനം വന്യജീവി നിയമ ഭേദഗതി ബിൽ തിരഞ്ഞെടുപ്പു തട്ടിപ്പാണെന്നും നേരത്തെ തന്നെ കേന്ദ്ര നയത്തിലുള്ള കാര്യങ്ങൾ മാത്രമാണ് പുതിയ ബില്ലെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതെന്നും ബിജെപി ജില്ലാ കമ്മിറ്റി. ഇത്രയും കാലം കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി വന്യജീവി ആക്രമണത്തെ ന്യായീകരിച്ച കേരളത്തിലെ ഇടതുപക്ഷ സർക്കാർ വയനാട്ടിലെ ജനതയോട് മാപ്പ് പറയാൻ തയാറാകണം.
നിയമനിർമാണത്തിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിക്കുമായിരുന്നുവെങ്കിൽ കഴിഞ്ഞ ഒൻപത് വർഷം പിണറായി സർക്കാർ കളഞ്ഞെതെന്തിനാണെന്ന് ജനങ്ങളോട് പറയാൻ മുഖ്യമന്ത്രി തയാറാവണം.
കർഷകരെ വന്യജീവി ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ബില്ലിലൂടെ ഒന്നും ചെയ്തിട്ടില്ല. 1972-ലെ വന്യജീവി നിയമത്തിന്റെ നിലപാടു തന്നെയാണ് പുതിയ ബില്ലിലുമുള്ളത്.
വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1) എ, 11 (1) ബി വകുപ്പുകൾ പ്രകാരം സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ മാത്രമേ നടപടി സ്വീകരിക്കാൻ കഴിയൂ. കർഷകരുടെ പരാതികൾ മന്ത്രിസഭ 2024ൽ പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും സർക്കാർ പരിഗണിച്ചിട്ടില്ല.
വന്യജീവി നിയമം നടപ്പാക്കുന്നതിലൂടെ കർഷകർക്ക് എന്താണ് ഗുണമെന്ന് പറയാൻ തയാറാകണം. വന്യജീവി ആക്രമണങ്ങൾ തടയാനും, കാർഷിക ഭൂമി സംരക്ഷിക്കാനും കാടും നാടും വേർതിരിക്കാൻ യാതൊരു നടപടികളും ബില്ലിലില്ല.
കഴിഞ്ഞ 10 വർഷത്തിനിടയ്ക്ക് 45 പേർ വന്യജീവി ആക്രമണം മൂലം മരിച്ചിട്ടുണ്ട്.
നൂറു കണക്കിനു പേർക്കു പരുക്കേറ്റു. ഇതിനെല്ലാം ഉത്തരവാദി സംസ്ഥാന സർക്കാരാണ്.
ആഗോള അയ്യപ്പ സംഗമം നടത്തി വിശ്വാസികളുടെ വോട്ട് തട്ടാൻ നോക്കുന്നത് പോലെ വന്യജീവി നിയമം ഭേദഗതി ചെയ്തു എന്ന് പറഞ്ഞ് മലയോര കർഷകരുടെ വോട്ട് തട്ടാനുള്ള ഗൂഢശ്രമം മാത്രമാണ് ബില്ലിന് പിന്നിലെന്നും ബിജെപി ആരോപിച്ചു.. വാർത്താ സമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, ജനറൽ സെക്രട്ടറിമാരായ എം.പി.സുകുമാരൻ, ടി.എംസുബീഷ്, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് കെ.എം.പ്രജീഷ്, മനോജ് വിനരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]