അമ്പലവയൽ ∙ വിമുക്തഭടൻമാർക്കായി സർക്കാർ അനുവദിച്ചു നൽകിയ ഭൂമി സ്വകാര്യ വ്യക്തികൾ കൈയ്യേറുന്നതായി ആക്ഷേപം. അമ്പലവയൽ ടൗണിൽ ബിഎസ്എൻഎൽ ഒാഫിസിന് എതിർവശത്തായിട്ടുള്ള ഭൂമിയാണ് സ്വകാര്യ വ്യക്തികൾ കയ്യേറി വാടകയ്ക്ക് കൊടുക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപണം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്ഥലത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കാനും നിരത്താനുമുള്ള ശ്രമം വിമുക്ത ഭടന്മാരുടെ ആശ്രിതരെത്തി തടഞ്ഞിരുന്നു.
രണ്ടാംലോക മഹായുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ക്ഷേമത്തിനായി അനുവദിച്ച ഭൂമിയിലാണ് ഇപ്പോൾ ആക്ഷേപം ഉയർന്നിരിക്കുന്നത്.
മുൻകാലങ്ങളിലെല്ലാം വിമുക്ത ഭടന്മാരുടെ ക്ഷേമത്തിനായി നൽകിയ സ്ഥലത്ത് അതുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പാക്കണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും ഇതുവരെ പരിഗണിക്കപ്പെട്ടില്ല.
അതിനാൽ തന്നെ പതിറ്റാണ്ടുകളായി ഈ സ്ഥലം ഒന്നിനും ഉപയോഗിക്കാതെ വെറുതെ കിടക്കുകയാണ്. ഇടക്കാലത്ത് എക്സ് സർവീസ്മെൻ ഭൂമിയാണെന്ന് കാണിച്ച് ഇവിടെ ബോർഡ് സ്ഥാപിച്ചിരുന്നെങ്കിലും വർഷങ്ങളായി അതും ഇവിടെ കാണാനില്ല.
സ്ഥലം ഉപയോഗിക്കാത്തതിനാൽ കാട് പിടിച്ച് വെറുതേ കിടക്കുകയായിരുന്നു. കാൽനട
യാത്രക്കാരും ചിലർ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും ഇവിടെ ഇടാറുണ്ട്.
78. 5 സെന്റ് ഭൂമിയാണ് ഇവിടെയുള്ളതെങ്കിലും ഇപ്പോഴത് പൂർണമായും ഉണ്ടോയെന്ന കാര്യത്തിൽ ബന്ധപ്പെട്ടവർ ആശങ്കയും പങ്കുവെക്കുന്നുണ്ട്.
പലപ്പോഴായി സ്ഥലത്ത് കയ്യേറ്റം നടന്നതായിട്ടും ആക്ഷേപം ഉയരുന്നുണ്ട്. ഇതിനിടെയാണ് സ്ഥലം മണ്ണ് നീക്കാനും വാടകയ്ക്ക് കെടുക്കാനും ശ്രമങ്ങളുണ്ടായത്.
30 വർഷത്തേക്ക് സ്ഥലം വാടകക്ക് നൽകുകയായിരുന്നു ലക്ഷ്യമെന്നാണ് വിവരം. എക്സ് സർവീസ്മെൻ കോളനി അസോസിയേഷൻ ഭാരവാഹികളാണെന്ന് അവകാശപ്പെട്ടാണ് മണ്ണ് നീക്കാനെത്തിയതെന്നാണ് ആക്ഷേപം.
ടൗണിലെ പ്രധാനപ്പെട്ടതും ലക്ഷങ്ങൾ വിലമതിക്കുന്നതുമായ സ്ഥലമായതിനാൽ പലരും സ്ഥലം കൈക്കലാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ടെന്നും കാലങ്ങളായി ആരോപണമുണ്ട്.
വിമുക്ത ഭടന്മാരുടെ ഉന്നമനത്തിനായി സ്ഥലം ഉപയോഗപ്പെടുത്തണമെന്നാണ് ഇപ്പോൾ ആവശ്യമുയരുന്നത്. വിമുക്തഭടൻമാർക്കായി സർക്കാർ അനുവദിച്ചുനൽകിയ ഭൂമി ചില വ്യക്തികൾ വ്യാജ രേഖകൾ ഉണ്ടാക്കി കൈവശപ്പെടുത്തുന്നതിനെതിരെ മുഖ്യമന്ത്രിക്കും കലക്ടർക്കും പരാതി നൽകുമെന്ന് വിമുക്ത ഭടൻമാരുടെ ആശ്രിതർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]