
കോട്ടനാട് ∙ ഒരു രാത്രി മുഴുവൻ പുഴമൂല, 46, കുന്നമ്പറ്റ, കോട്ടനാട് മേഖലകളിലെ ജനവാസ മേഖലകളിൽ ഭീതി പരത്തി കാട്ടാനയുടെ പരാക്രമം. തുരത്താനുള്ള ശ്രമത്തിനിടെ കാട്ടാന മേപ്പാടിയിലെ വൈത്തിരി മോഡൽ ഫോറസ്റ്റ് സ്റ്റേഷനിലെ ജീപ്പിനു കേടുപാടു വരുത്തി.
ചൊവ്വാഴ്ച പുലർച്ചെ പുഴമൂലയിലെ ജനവാസ മേഖലയിലാണ് ആദ്യം കാട്ടാനയെത്തിയത്. നേരം പുലർന്നതോടെ സമീപത്തെ വനമേഖലയിലേക്കു നീങ്ങി.
അന്നു പകൽ മുഴുവൻ അവിടെ തങ്ങി. കാട്ടാനയെ തുരത്താനുള്ള ശ്രമം ചൊവ്വ വൈകിട്ടോടെ മേപ്പാടി ആർആർടി സംഘം തുടങ്ങി. ഇതോടെ, അന്നു വൈകിട്ട് പുഴമൂലയിൽ നിന്നു കാട്ടാന 46ലെ ജനവാസ മേഖലയിലെത്തി.
ആർആർടി സംഘം പിന്നാലെയെത്തിയതോടെ കാട്ടാന കുന്നമ്പറ്റ സമരഭൂമി പ്രദേശത്തേക്കു നീങ്ങി. ഇതിനിടെ ഉൗട്ടി – കോഴിക്കോട് സംസ്ഥാനന്തര പാത മുറിച്ചു കടന്ന കാട്ടാന വൈകിട്ട് ആറോടെ കോട്ടനാട് എസ്റ്റേറ്റിലേക്ക് കയറി.
അവിടെ നിന്നു തുരത്താനുള്ള ശ്രമത്തിനിടെയാണു ആർആർടി സംഘം സഞ്ചരിച്ചിരുന്ന ജീപ്പിനു നേരെ കാട്ടാന പാഞ്ഞടുത്തത്. എസ്റ്റേറ്റ് റോഡിലെ വളവിന് സമീപം നിലയുറപ്പിച്ച കാട്ടാന ആർആർടി സംഘത്തിന്റെ ജീപ്പ് കണ്ടതോടെ പാഞ്ഞടുക്കുകയായിരുന്നു.
കാട്ടാനയുടെ കുത്തേറ്റ് ജീപ്പിന്റെ ഇടതുഭാഗത്തെ ഹെഡ്ലൈറ്റ് തകർന്നു.
ബോണറ്റിനു കേടുപാടുണ്ടായി. എസ്എഫ്ഒ സുന്ദരൻ, ബിഎഫ്ഒമാരായ ജയചന്ദ്രൻ, ജിതിൻ, ഡ്രൈവർ കബീർ, മേപ്പാടി ആർആർടി അംഗങ്ങളായ മാനു കുന്നമ്പറ്റ, സന്തോഷ്കുമാർ എന്നിവരാണ് ജീപ്പിലുണ്ടായിരുന്നത്.
ഇവർ ബഹളം വച്ചതോടെ കാട്ടാന പിന്തിരിഞ്ഞ് കാപ്പിത്തോട്ടത്തിലേക്കു കയറി. തുടർന്നു മേപ്പാടി–കൽപറ്റ റോഡിലെ മാനിവയൽ, ചുങ്കത്തറ മേഖലകളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് നീങ്ങി.
മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഇന്നലെ പുലർച്ചെ കൂട്ടമുണ്ട
എസ്റ്റേറ്റ് വഴി ചെമ്പ്ര വനമേഖലയിലേക്കു തുരത്തി. ആശങ്ക ഒഴിവായിട്ടില്ലെന്നും കാട്ടാന ഏതുനിമിഷവും തിരികെയെത്താമെന്നും നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ജൂൺ 20നു മേപ്പാടി നെല്ലിമുണ്ട ഒന്നാംമൈലിൽ തുരത്തുന്നതിനിടെ കാട്ടാന വനപാലക സംഘത്തിനു നേരെ പാഞ്ഞടുത്തിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]