
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ദുരന്ത വാർഷികത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കെ, കിൻഷിപ് ഫോസ്റ്റർ കെയർ പദ്ധതിയുടെ തണലിലാണു മാതാപിതാക്കൾ നഷ്ടമായ കുട്ടികൾ. ദുരന്തഭൂമിയിലെ 7 കുട്ടികൾക്കാണു മാതാപിതാക്കൾ ഒറ്റയടിക്കു നഷ്ടമായത്.
രണ്ടുപേർക്ക് ഇതിനിടയിൽ 18 വയസ്സു പൂർത്തിയായി. ബാക്കി 5 കുട്ടികളും കിൻഷിപ് ഫോസ്റ്റർ കെയർ പദ്ധതിയിൽ ഉറ്റ ബന്ധുക്കളുടെ സംരക്ഷണയിലാണ്.
ഓരോ ആഴ്ചയും ഫോൺ വഴിയും ഓരോ മാസവും നേരിട്ടുകണ്ടും ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഉദ്യോഗസ്ഥർ അവരുടെ ക്ഷേമം ഉറപ്പാക്കുന്നു. 3 പെൺകുട്ടികൾ ഉൾപ്പെടെ എല്ലാവരും സ്കൂളിൽ പോകുന്നുണ്ട്. ദുരന്തം സൃഷ്ടിച്ച നഷ്ടത്തിന്റെ വ്യാപ്തി തിരിച്ചറിയാനുള്ള പ്രായം ആകാത്തത് ഒരു കണക്കിന് അവർക്ക് അനുഗ്രഹമായി.
അവർ പെട്ടെന്ന് തന്നെ പൊരുത്തപ്പെട്ടു– ജില്ലാ ശിശു സംരക്ഷണ ഓഫിസർ കാർത്തിക അന്ന തോമസ് പറഞ്ഞു.
പ്രായപൂർത്തിയായ രണ്ടുപേരിൽ ഒരാളുടെ ബിരുദ വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചെലവും ബത്തേരി ഡോൺ ബോസ്കോ കോളജ് മാനേജ്മെന്റാണു വഹിക്കുന്നത്. മറ്റൊരാൾ കോഴിക്കോട് ജില്ലയിൽ പ്ലസ് വൺ വിദ്യാർഥി.
ദുരന്തത്തിൽ 11 കുട്ടികൾക്ക് പിതാവും 3 കുട്ടികൾക്കു മാതാവും നഷ്ടമായി. ഇതിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു.
ഇവരിൽ 2 പേർ തമിഴ്നാട് സ്വദേശികളാണ്. എല്ലാവരുടെയും മാനസിക, ഉല്ലാസ, പഠന–പാഠ്യേതര പ്രവർത്തനങ്ങളിലും ശിശുസംരക്ഷണ യൂണിറ്റിന്റെ ശ്രദ്ധയുണ്ട്.
കുട്ടികളിൽ പലർക്കും സംസ്ഥാന സർക്കാരിന്റെ പുനരധിവാസ ടൗൺഷിപ്പിൽ പുതിയ വീടുകൾ ഉയരുകയാണ്.
മാതാപിതാക്കൾ നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയും ആരെങ്കിലും ഒരാൾ നഷ്ടപ്പെട്ടവർക്ക് 5 ലക്ഷം രൂപയും സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം നൽകി. ഈ തുക കുട്ടിയുടെയും ജില്ലാ ശിശു സംരക്ഷണ ഓഫിസറുടെയും പേരിൽ തുടങ്ങിയ ജോയിന്റ് അക്കൗണ്ടിൽ സ്ഥിരനിക്ഷേപമാക്കി.
അതിന്റെ പലിശ കുട്ടികൾക്കു ലഭിക്കുന്നുണ്ട്. 19 കുട്ടികൾക്ക് കേന്ദ്രസർക്കാരിന്റെ സ്പോൺസർഷിപ് പദ്ധതിയിൽ പ്രതിമാസം 4000 രൂപ ലഭിക്കുന്നു. ഇതിനു പുറമേ മാതാപിതാക്കൾ ഇരുവരും നഷ്ടപ്പെട്ട
6 കുട്ടികൾക്ക് സ്വകാര്യ സംഘടനകളും വ്യക്തികളും സംസ്ഥാന സർക്കാർ മുഖേന 31.24 ലക്ഷം രൂപയും കൈമാറി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]