
കാവുംമന്ദം∙ ഐക്കരപ്പടി റോഡിലെ ഒരുവുമ്മൽ കടവ് പാലം യാഥാർഥ്യമാക്കണമെന്നു ജനകീയ കൂട്ടായ്മ. പാലം നിർമാണം 2017ലെ ബജറ്റിൽ ഉൾപ്പെടുത്തിയെങ്കിലും നാളിതുവരെ തുടർ നടപടിയില്ലെന്ന് നാട്ടുകാർ പറഞ്ഞു.
നിലവിൽ ഇവിടെയുള്ള തടയണയുടെ മുകളിലൂടെയാണ് യാത്രക്കാർ മറുകര എത്തുന്നത്. വീതി കുറഞ്ഞ കോൺക്രീറ്റ് സ്ലാബിനു മുകളിലൂടെ ഏറെ ഭീതിയോടെയാണ് വിദ്യാർഥികൾ അടക്കമുള്ളവർ യാത്ര ചെയ്യുന്നത്. തോട്ടിൽ വെള്ളം നിറയുന്നതോടെ അപകട
സാധ്യത ഇരട്ടിയാകും. മാടക്കുന്നിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ, പള്ളി, അമ്പലം, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലേക്കും തിരിച്ച് കാവുംമന്ദം ടൗണിലേക്കും ദിവസവും ഒട്ടേറെപ്പേർ ഈ വഴി കടന്നു പോകുന്നുണ്ട്.
മുൻപ് ഇവിടെ നടന്ന അപകടത്തിൽ ആളപായവും വെള്ളത്തിൽ അകപ്പെട്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്.
കന്നുകാലികളെ ഉൾപ്പെടെ മറുകര എത്തിക്കാൻ കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ട അവസ്ഥയാണ്.
കോവിലേരിക്കുന്ന്, താഴെയിടം ഊരുകളിലെ ഗോത്ര കുടുംബങ്ങൾ അടക്കം നൂറുകണക്കിന് ആളുകൾക്ക് പുറംലോകത്ത് എത്താൻ പ്രധാന മാർഗമാണിത്. മഴക്കാലത്ത് വെള്ളം കയറി ഇവിടത്തുകാർ ദിവസങ്ങളോളം ഒറ്റപ്പെടാറുണ്ട്.
രോഗികൾ അടക്കമുള്ളവരെ മറുകര എത്തിക്കാൻ പാടുപെടുകയാണന്നു നാട്ടുകാർ പറഞ്ഞു. പാലം നിർമാണത്തിന്റെ ഭാഗമായി വർഷങ്ങൾക്കു മുൻപ് ഇവിടെ മണ്ണ് പരിശോധന നടത്തിയതായി നാട്ടുകാർ പറഞ്ഞു.
പാലത്തിലേക്കുള്ള അനുബന്ധ റോഡിനു പ്രദേശവാസികൾ സ്ഥലവും വിട്ടു നൽകിയിട്ടുണ്ട്.
എംഎൽഎ സ്ഥലം സന്ദർശിച്ചു
പാലത്തിന്റെ ആവശ്യം ബോധ്യപ്പെടുത്തുന്നതിനു ജനകീയ കൂട്ടായ്മ ടി. സിദ്ദിഖ് എംഎൽഎയെ പ്രദേശത്തേക്ക് ക്ഷണിച്ചു വരുത്തി.
നൂറുകണക്കിന് ആളുകളാണ് എംഎൽഎയുടെ സന്ദർശനത്തിന്റെ ഭാഗമായി സ്ഥലത്ത് എത്തിയത്. നിലവിലെ യാത്രാ ദുരിതം എംഎൽഎയെ ബോധ്യപ്പെടുത്തി പാലം ഉടൻ യാഥാർഥ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യം മനസ്സിലാക്കിയതായും പാലം നിർമിക്കാനുള്ള നടപടി ആലോചിക്കുമെന്നും എംഎൽഎ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]