കുന്നമ്പറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായുള്ള ഭവന പദ്ധതിക്കായി കോൺഗ്രസ് ഏറ്റെടുത്ത ഭൂമിയിൽ യഥാർഥത്തിൽ വന്യജീവി ശല്യമല്ല, സിപിഎമ്മിന്റെ ശല്യമാണ് ജനങ്ങൾ നേരിടുന്ന പ്രശ്നമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി. കുന്നമ്പറ്റയിലെ ഭൂമിയിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. പദ്ധതി കോൺഗ്രസ് നടപ്പിലാക്കരുതെന്നാണ് സിപിഎമ്മിന്റെ ആഗ്രഹം. കോൺഗ്രസ് ഭൂമി വാങ്ങി റജിസ്റ്റർ ചെയ്തപ്പോൾ സിപിഎമ്മിന് അസ്വസ്ഥത തുടങ്ങി.
എല്ലാകാര്യങ്ങളും ശാസ്ത്രീയമായി പഠിച്ച് ഒരു ഭവനപദ്ധതി നടപ്പിലാക്കാൻ ഒരുക്കുമ്പോൾ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം സർക്കാർ കാണിക്കണം. ദുരന്തമുണ്ടായപ്പോൾ ഇവിടെ ഭരിക്കുന്ന പാർട്ടിയുടെ കൊടി നോക്കിയല്ല ജനങ്ങളും കോൺഗ്രസ് സർക്കാരുകളും അടക്കം സഹായിച്ചതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
അതിനൊന്നും ഒരു വിലയുമില്ല.
ദുരന്തമുണ്ടായ സമയത്ത് കോൺഗ്രസ് ഒരു പദ്ധതി പ്രഖ്യാപിച്ചു. ഭൂമിയുമായി ബന്ധപ്പെട്ട് കാലതാമസമുണ്ടായി.
അതും പരിഹരിച്ച് പദ്ധതി തുടങ്ങാനിരിക്കുമ്പോൾ ഇതിനെ ശല്യപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ കാരണം കോൺഗ്രസ് വീടുകൾ പണിയരുതെന്ന ആഗ്രഹം കൊണ്ടാണ്. വയനാട്ടിൽ ആനയും പുലിയും കടുവയുമിറങ്ങുന്നത് കഴിഞ്ഞ 10 വർഷമായി ജനങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നപ്പോൾ അതൊന്നും കേൾക്കാത്ത സർക്കാരാണ്, കോൺഗ്രസ് പദ്ധതിയുമായി എത്തുമ്പോൾ കാട്ടാനത്തോട്ടമെന്നൊക്കെ വിളിക്കുന്നത്.
കോൺഗ്രസ് ജനങ്ങൾക്ക് നൽകിയ വാക്കുപാലിക്കും.
പരമാവധി സൗകര്യങ്ങളോടുകൂടിയ ജനങ്ങൾക്ക് സന്തോഷത്തോടെ വസിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണയാണ് സർക്കാർ നൽകേണ്ടതെന്നും ഷാഫി പറഞ്ഞു. ഡിസിസി പ്രസിഡന്റ് ടി.ജെ.ഐസക്, ടി.സിദ്ദീഖ് എംഎൽഎ, കെപിസിസി അംഗങ്ങളായ പി.പി.ആലി, കെ.ഇ.വിനയൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അമൽജോയ്, ഡിസിസി ജനറൽ സെക്രട്ടറി ബിനു തോമസ്, വി.എ.മജീദ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

