മീനങ്ങാടി ∙ രണ്ടര കോടി മുടക്കിയിട്ടും നന്നായില്ല, വീണ്ടും വീണ്ടും ടാറിങ് നടത്തി കാരാപ്പുഴ–കാക്കവയൽ റോഡ്. മാസങ്ങൾക്ക് മുൻപ് രണ്ടര കോടി മുടക്കി നവീകരിച്ച കാരാപ്പുഴ–കാക്കവയൽ റോഡാണ് പാടെ കുഴികളായി മാറിയതോടെ നാണക്കേടിൽ നിന്ന് തലയൂരാൻ ജലസേചന വകുപ്പ് വീണ്ടും ടാറിങ് ആരംഭിച്ചത്.
കുഴികളേറെയുള്ള ഭാഗങ്ങളാണ് വീണ്ടും ടാറിങ് നടത്തുന്നത്. റോഡിന്റെ ശോച്യവസ്ഥയിൽ യാത്ര ചെയ്യാനാകാതെ വലയുകയാണ് നാട്ടുകാരും വിനോദ സഞ്ചാരികളും.
എഴര കിലോമീറ്ററോളം ദൂരത്തിന് 2. 40 കോടി ചെലവഴിച്ച് നവീകരിച്ചിട്ട് ആറ് മാസം പോലും തികയുന്നതിന് മുൻപാണ് തകർന്നത്.
‘കുഴിയിൽ’ വീണ് കോടികൾ
കോടികൾ ചെലവഴിച്ച് റോഡിന്റെ മുഴുവൻ പ്രവർത്തികൾ പൂർത്തിയാക്കിയിട്ട് ആറ് മാസം പോലും തികഞ്ഞിട്ടില്ല.
ഇതിനിടെ മൂന്നാം തവണയാണ് റോഡിലെ കുഴികളടക്കുന്നത്. നിർമാണം പൂർത്തിയാക്കി രണ്ട് മാസം തികയുന്നതിന് മുൻപ് റോഡിൽ പലഭാഗങ്ങളിലായി കുഴികൾ രൂപപ്പെട്ടു. ടാറിങ് പാടെ ഇളകി പോയിട്ടാണ് കുഴികളുണ്ടായത്.
ഇത് ഒരു മാസം മുൻപ് സിമന്റിട്ട് ഉണ്ടായ കുഴികളെല്ലാം അടച്ചിരുന്നു.
എന്നാൽ അതിന് ശേഷം റോഡിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും കുഴികൾ രൂപപ്പെടുകയും ടാറിങ് മുഴുവൻ ഇളകി പോകുകയും ചെയ്തു. ഇടക്ക് അടച്ചതെല്ലാം വീണ്ടും കുഴികളായി മാറുകയും കൂടുതൽ വലുതാകുകയും ചെയ്തു. കാക്കവയൽ സ്കൂളിന്റെ പരിസരം, പമ്പിന്റെ മുൻ ഭാഗം, തെനേരി, കല്ലുപാടി, കാരാപ്പുഴ തുടങ്ങിയ ഒട്ടുമിക്ക ഭാഗങ്ങളിലും വൻതോതിൽ തകർന്നിട്ടുണ്ട്.
മഴ പെയ്താൽ റോഡിൽ നിറയെ വെള്ളക്കുഴികളുമാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കുഴികളടച്ച് വീണ്ടും ടാറിങ് തുടങ്ങിയത്.
കുഴികളേറെയുള്ള ഭാഗങ്ങൾ പൂർണമായും ടാറിങ് നടത്തുകയാണ് ജലസേചന വകുപ്പ്.
ക്രമക്കേടെന്ന് ആക്ഷേപം
വലിയ തുക ചെലവഴിച്ചിട്ടും റോഡ് മാസങ്ങൾ കൊണ്ട് തകർന്നതിന് പിന്നിൽ വലിയ ക്രമക്കേടുണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്. ആവശ്യത്തിന് വേണ്ട
അസംസ്കൃത വസ്തുക്കൾ ചേർക്കാതെയാണ് നിർമാണം നടത്തിയതിനാലാണ് റോഡ് തുടരെ പൊളിയുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ജലസേചന വകുപ്പിന് കീഴിലെ റോഡ് വീണ്ടും വീണ്ടും തകർന്നിട്ടും ഉദ്യോഗസ്ഥർ ഒരു നടപടിയും സ്വീകരിക്കാത്തത് ക്രമക്കേടിന് ഒത്താശ ചെയ്യുന്നതിനാലാണെന്നാണ് ആരോപണം ഉയരുന്നത്.
ജലസേചനവകുപ്പിന്റെ കാരാപ്പുഴയിലെ ഒാഫിസിന് മുൻവശം അടക്കം പൂർണമായും തകർന്ന അവസ്ഥയിലാണെങ്കിലും ഉദ്യോഗസ്ഥർ കണ്ടതായി ഭാവിക്കുന്നില്ല.
ക്രമക്കേടുകൾ റോഡ് നിർമാണത്തിലുണ്ടായിട്ടും കരാറുകാരൻ അടക്കമുള്ളവർക്കെതിരെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]