
പുൽപള്ളി ∙ ജില്ലയിലെ വലിയ പാടങ്ങളിലൊന്നായ ചേകാടിയിൽ ഇരുപ്പൂകൃഷി ഉറപ്പാക്കാൻ നിർമിച്ച പദ്ധതി ഏതാണ്ട് അനാഥാവസ്ഥയിൽ. മോട്ടറുകൾ തകരാറിലായതിനെ തുടർന്ന് പമ്പിങ് മുടങ്ങിയതിനു പുറമേ ഓപ്പറേറ്ററില്ലാത്തതും പദ്ധതിയുടെ ലക്ഷ്യങ്ങളെ തകിടംമറിക്കുന്നു. 250 ഏക്കറോളമുള്ള പാടത്ത് ജലസേചനത്തിന് ഒരുവഴിയുമില്ലാതിരുന്നപ്പോഴാണ് ഇറിഗേഷൻ വകുപ്പ് 2 കോടിയിൽ പരം രൂപ ചെലവിട്ട് 6 വർഷം മുൻപ് പദ്ധതി നിർമിച്ചത്.
ഇത് പ്രവർത്തനം ആരംഭിച്ചശേഷം ഇതുവരെയാരും ഇവിടെ പുഞ്ചക്കൃഷി നടത്തിയിട്ടുമില്ല.
കബനിയിൽ നിന്നുവെള്ളമെടുത്താണ് വിലങ്ങാടി മുതൽ പന്നിക്കൽ വരെയുള്ള ഭാഗത്ത് വെള്ളമെത്തിച്ചിരുന്നത്. പദ്ധതിയുടെ കനാൽ ദീർഘിപ്പിക്കൽ ഇപ്പോഴും നടക്കുന്നുണ്ട്. മോട്ടർ തകരാർ പരിഹരിക്കണമെന്നും സ്ഥിരമായി ഓപ്പറേറ്ററെ നിയമിക്കണമെന്നുമാവശ്യപ്പെട്ട് കർഷകർ പലവട്ടം അധികൃതർക്കു നിവേദനം നൽകിയിരുന്നു.ഇപ്പോഴത്തെ മഴ മാറി ഒരാഴ്ച വെയിൽ തെളിഞ്ഞാൽ പാടം വിണ്ടുകീറും.
ചേകാടി പാടത്തേക്ക് മുൻപ് വെള്ളമെത്തിച്ചിരുന്ന മുടവൻകര പദ്ധതി തകർന്നടിഞ്ഞു കിടക്കുന്നു. 40 വർഷം മുൻപ് വനമധ്യത്തിലെ മുടവൻകര തോട്ടിൽ നിർമിച്ച പദ്ധതിക്ക് 4 കിലോമീറ്ററോളം കനാലുണ്ട്.
വനത്തിലൂടെയുള്ള കനാൽ തകർന്നു.പന്നിക്കൽ പദ്ധതി നിശ്ചലമായതോടെ കഴിഞ്ഞദിവസം കർഷകർ കനാൽ നന്നാക്കിയാണ് പാടത്ത് വെള്ളമെത്തിച്ചത്.
അരികുതകർന്ന കനാലിൽ മണൽചാക്കുകൾ അടുക്കിയാണ് നീരൊഴുക്ക് ഉറപ്പാക്കിയത്.എന്നാൽ ഏതുസമയത്തും ഇതുതകരുമെന്ന് കർഷകർ പറയുന്നു.പാടത്ത് നടീൽ ഉത്സവവും മറ്റും നടത്തുന്നവർ ജലസേചന പദ്ധതി നന്നാക്കാൻ തയാറാവണമെന്ന് കർഷകർ പറയുന്നു.
കൃഷി പരാജയപ്പെടുന്നതിന്റെ സാക്ഷ്യമായി ഇവിടെ തരിശുപാടത്തിന്റെ അളവേറുന്നുമുണ്ട്. പുഞ്ചക്കൊല്ലി, വിലങ്ങാടി, പന്നിക്കൽ എന്നിവിടങ്ങളിലായി 50 ഏക്കറോളം പാടത്ത് ഇക്കൊല്ലം കൃഷിയില്ല.
രൂക്ഷമായ വന്യമൃഗശല്യവും സാമ്പത്തിക പ്രതിസന്ധിയുമാണിതിനു കാരണമായി പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]