
കൽപറ്റ ∙ സ്വാതന്ത്ര്യദിനത്തിന്റെ അവധിക്കൊപ്പം ശനിയും ഞായറും എത്തിയതോടെ 3 ദിവസത്തെ ആഘോഷത്തിനു വയനാട്ടിലേക്കു വിനോദസഞ്ചാരികൾ ഒഴുകുന്നു. ഇടയ്ക്കിടെ മഴ പെയ്യുന്നതു തിരിച്ചടിയാകുമെന്ന ആശങ്കയ്ക്കിടയിലും റോഡിലും ടൂറിസം കേന്ദ്രങ്ങളിലും റിസോർട്ടുകളിലും തിരക്കിനു കുറവില്ല.
ദിവസങ്ങളായി ഉറങ്ങിക്കിടന്ന വയനാടൻ ടൂറിസം മേഖലയ്ക്ക് പുത്തനുണർവ് നൽകിക്കൊണ്ടാണു സഞ്ചാരികളുടെ പ്രവാഹം. വൻകിട
റിസോർട്ടുകൾ മുതൽ ചെറുകിട ഹോംസ്റ്റേകൾ വരെ സഞ്ചാരികളെക്കൊണ്ടു നിറഞ്ഞു.
റോഡുകളിലും ടൂറിസം കേന്ദ്രങ്ങളോടു ചേർന്ന പാർക്കിങ് ഏരിയകളിലും വലിയ തിരക്കാണ്.
കഴിഞ്ഞ കുറച്ചുമാസങ്ങളായി കാലവർഷക്കെടുതികളുൾപ്പെടെയുള്ള തിരിച്ചടി ടൂറിസം മേഖലയിൽ വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. കനത്ത മഴയിലും മണ്ണിടിച്ചിലിലും വയനാട്, നെടുംപൊയിൽ ചുരത്തിലുൾപെടെ പലതവണ റോഡ് ഗതാഗതം തടസ്സപ്പെട്ടതും സഞ്ചാരികളെ പിന്നോട്ടടിച്ചു.
ഇതു റിസോർട്ടുകളടക്കമുള്ള സ്ഥാപനങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിൽ 3 ദിവസത്തെ അവധി ജില്ലയുടെ സമ്പദ്വ്യവസ്ഥയെ വലിയ തോതിൽ സഹായിക്കുമെന്ന പ്രതീക്ഷയിലാണു ടൂറിസം സംരംഭകർ.
വണ്ടി ഗുണ്ടൽപേട്ടിലേക്ക്
വയനാട്ടിലെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും ഇത്തവണ കർണാടകയിലേക്കു വഴിതിരിച്ചുവിടുന്നു.
കർണാടക അതിർത്തിയിലെ ഗുണ്ടൽപേട്ടിലേക്കാണു മിക്കവരുടെയും യാത്ര. കുന്നും മലകളും താണ്ടി, വയനാടൻ ചുരം കയറിയെത്തുന്ന സഞ്ചാരികൾ മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പൂക്കൾ നിറഞ്ഞ ഗുണ്ടൽപേട്ടിലെ പാടങ്ങളിലേക്കു പോകുന്നു.
കണ്ണെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന സൂര്യകാന്തിപ്പാടങ്ങളും ചെണ്ടുമല്ലിപ്പാടങ്ങളും സഞ്ചാരികളുടെ മനം കവരുന്ന ദൃശ്യമാണ്.
സെൽഫിയെടുക്കാനും ഫോട്ടോഷൂട്ട് നടത്താനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും സഞ്ചാരികൾ പൂപ്പാടങ്ങളിലെത്തുന്നു. ഗുണ്ടൽപേട്ടിലെ ചെറിയ ഗ്രാമങ്ങൾ പോലും വിനോദസഞ്ചാരികളുടെ സാന്നിധ്യം കൊണ്ട് സജീവമായി.
പൂപ്പാടം കാണാൻ ഒരാളുടെ കയ്യിൽ നിന്നും 20 രൂപയാണ് ഈടാക്കുന്നത്. പൂ കൃഷി പരാജയമായപ്പോഴാണ് സഞ്ചാരികൾക്കായി പൂപ്പാടമൊരുക്കിയതെന്ന് കർഷകനായ രവി പറഞ്ഞു.
ഒരാഴ്ചക്കാലം കൂടി പൂക്കൾ കൊഴിയാതെ നിൽക്കും.
എന്നാൽ, ഈ സഞ്ചാരികൾ തിരിച്ചു വയനാട്ടിലെത്തി താമസിക്കുമ്പോൾ മാത്രമേ റിസോർട്ടുകൾക്കു വരുമാനമുണ്ടാകൂവെന്ന സ്ഥിതിയുണ്ട്. ഒറ്റ ദിവസത്തെ യാത്രയ്ക്കായി ചുരം കയറുന്നവരിൽ പലരും വയനാട്ടിൽ സമയം ചെലവഴിക്കാതെ നേരെ ഗുണ്ടൽപേട്ടിലേക്കു പോയി തിരികെ മടങ്ങുന്നതാണ് കണ്ടുവരുന്നതെന്ന് വയനാട് ഇക്കോ ടൂറിസം അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് ഇസാക്ക് വലിയമണ്ണിൽ പറഞ്ഞു.
ഒരുക്കണം അടിസ്ഥാന സൗകര്യങ്ങൾ
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ എടക്കൽ ഗുഹ, സൂചിപ്പാറ വെള്ളച്ചാട്ടം, ബാണാസുര സാഗർ ഡാം, പൂക്കോട് തടാകം എന്നിവിടങ്ങളിലും തിരക്കുണ്ട്.
സൂചിപ്പാറയിലേക്കു കാടിന്റെ ഭംഗി ആസ്വദിച്ചു പോകുന്ന പാതകളിലും എടക്കൽ ഗുഹയുടെ ചെങ്കുത്തായ പടികളിലും സഞ്ചാരികളുടെ നീണ്ട നിരയാണ്.
ഡാമിലെ ബോട്ടിങ് കേന്ദ്രങ്ങളിലും പൂക്കോട് തടാകക്കരയിലും ടിക്കറ്റ് കൗണ്ടറുകൾക്ക് മുന്നിൽ നീണ്ട ക്യൂ.
ടൂറിസം മേഖലയിൽ താമസം, ഭക്ഷണം, യാത്ര എന്നിവയൊരുക്കുന്ന ചെറുകിടക്കാർക്കുൾപ്പെടെ സഞ്ചാരികളുടെ തിരക്ക് ആശ്വാസമാകും.
വഴിയോരക്കച്ചവടക്കാർക്കും കാപ്പിപ്പൊടി, കുരുമുളക്, തേൻ തുടങ്ങിയവ വിൽക്കുന്ന കടകളിലും ഇന്നലെ മുതൽ തിരക്കേറി. ഗൈഡുകൾക്കും ടാക്സി ഡ്രൈവർമാർക്കും തിരക്കുണ്ട്. ‘ഒരു വർഷത്തിനു ശേഷം ഇതാദ്യമായാണ് ഇത്രയധികം തിരക്ക് അനുഭവപ്പെടുന്നതെന്ന്’ കൽപറ്റയിലെ റിസോർട്ട് ഉടമ ബിബിൻ പറഞ്ഞു. ‘പ്രളയവും മറ്റ് പ്രശ്നങ്ങളും കാരണം ടൂറിസം മേഖല തകർന്നുപോവുകയാണോ എന്ന് ഭയന്നിരുന്നു.
എന്നാൽ ഈ മൂന്ന് ദിവസത്തെ തിരക്ക് വലിയൊരു ആശ്വാസമാണ്,’ വൈത്തിരിയിലെ ടൂറിസം സംരംഭകൻ ജോബി പറഞ്ഞു.
സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ്, വനം വകുപ്പ്, ടൂറിസം വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിലെല്ലാം ഗതാഗത നിയന്ത്രണത്തിനുൾപ്പെടെ സുരക്ഷാ ജീവനക്കാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സേവനമുണ്ട്.
എങ്കിലും, ചുരം റോഡുകളിലും പ്രധാന നഗരങ്ങളിലും ഇടയ്ക്കിടെയുണ്ടാകുന്ന ഗതാഗതക്കുരുക്ക് പലപ്പോഴും ബുദ്ധിമുട്ടിലാക്കുന്നതായി സഞ്ചാരികൾ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]