
താഞ്ഞിലോട് ∙ ‘വീട്ടുമുറ്റത്തു വരെ കാട്ടാനകളെത്താൻ തുടങ്ങി, കാട്ടാനകളെ ഭയന്ന് പകൽസമയങ്ങളിൽ പോലും പുറത്തിറങ്ങാൻ ഭയക്കുകയാണ്, വനംവകുപ്പ് അധികൃതരോട് പരാതി പറഞ്ഞു മടുത്തു, മറ്റു വഴികളില്ലാത്തതു കൊണ്ടാണു റോഡ് ഉപരോധത്തിനിറങ്ങിയത്, എന്നാൽ, നാട്ടുകാരെ തല്ലിയോടിക്കാനാണു പൊലീസ് ശ്രമിച്ചത്’– താഞ്ഞിലോട് സ്വദേശിനിയായ ശ്രീലത സത്യൻ പറയുന്നു.രൂക്ഷമായ വന്യമൃഗശല്യത്തിൽ പൊറുതി മുട്ടിയ നാട്ടുകാരാണു ഒടുവിൽ റോഡ് ഉപരോധവുമായി ഇന്നലെ രംഗത്തിറങ്ങിയത്. ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞ 8ന് ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പാടി ടൗണിൽ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചിരുന്നു. അന്നു നടത്തിയ ചർച്ചയിൽ, കാടും നാടും വേർതിരിക്കുമെന്നും ഫെൻസിങ് അടക്കമുള്ള പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കാമെന്നും വനംവകുപ്പ് അധികൃതർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല.
മാത്രമല്ല, കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടും കാട്ടാനയിറങ്ങി കൃഷിനാശം വരുത്തുകയും ചെയ്തു.
ഇതോടെയാണു നാട്ടുകാർ റോഡ് ഉപരോധവുമായി രംഗത്തിറങ്ങിയത്. രാവിലെ 7 നു തുടങ്ങിയ ഉപരോധം ഉച്ചയ്ക്ക് ഒന്നു വരെ നീണ്ടു.
രാവിലെ 11.30 ഓടെ മേപ്പാടി പൊലീസെത്തി സമരത്തിൽ നിന്നു പിന്മാറാൻ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു.എന്നാൽ, കലക്ടർ സ്ഥലത്തെത്താതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രതിഷേധക്കാർ നിലപാടെടുത്തു. തുടർന്നു ഉച്ചയ്ക്ക് 12 ഓടെ ഡിഎഫ്ഒ അജിത് കെ.രാമൻ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി.
കൂടുതൽ ആർആർടി സംഘത്തെ നിയോഗിച്ച് സ്ഥലത്തു ഭീതി പരത്തുന്ന ഒറ്റയാനെ തുരത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
ഇതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ആർആർടി സംഘത്തെ സ്ഥലത്തെത്തിച്ചു. എന്നാൽ, നിലവിലെ ആർആർടി സംഘത്തെ തന്നെയാണു വീണ്ടും സ്ഥലത്തെത്തിച്ചതെന്നും ഇതനുവദിക്കില്ലെന്നും പ്രതിഷേധക്കാർ നിലപാടെടുത്തു.
തുടർന്നു ഉച്ചയ്ക്ക്് 12.30 ഓടെ 9 പേരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു കൊണ്ടുപോയി. സമരപ്പന്തൽ പൊലീസ് പൊളിച്ചു മാറ്റി.
ഇതിനിടെ, പൊലീസിനു നേരെ പ്രകോപനമുണ്ടായതോടെ പ്രതിഷേധക്കാർക്കു നേരെ പൊലീസ് 10 മിനിറ്റോളം ലാത്തി വീശുകയായിരുന്നു.
ഇതിനിടെ, സ്ഥലത്തെത്തിയ ടി.സിദ്ദീഖ് എംഎൽഎയ്ക്കു നേരെ ചില പ്രതിഷേധക്കാർ തിരിഞ്ഞു. ‘ഗോ ബാക്ക്’ മുദ്രാവാക്യം വിളികളുമായി ഇവർ അദ്ദേഹത്തിനു അടുത്തേക്ക് നീങ്ങിയെങ്കിലും പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.
പിന്നാലെ, ടി.സിദ്ദീഖ് എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും മേപ്പാടി പൊലീസ് സ്റ്റേഷനിലെത്തി പൊലീസുമായി ചർച്ച നടത്തി. തുടർന്ന് കസ്റ്റഡിയിലെടുത്തവരെ പൊലീസ് വിട്ടയച്ചു. സംഘർഷത്തിൽ 3 പ്രതിഷേധക്കാർക്കും 2 പൊലീസുകാർക്കും പരുക്കേറ്റു.
9 പേർക്കെതിരെ മേപ്പാടി പൊലീസ് കേസെടുത്തു. ഉപരോധത്തെ തുടർന്നു 4 മണിക്കൂറുകളോളം മേപ്പാടി–ചൂരൽമല റോഡിൽ ഗതാഗതം മുടങ്ങി.
പൊലീസ് നടപടി അനീതി: ടി.സിദ്ദീഖ്
കൽപറ്റ ∙ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗ ആക്രമണങ്ങൾ പതിവായ സാഹചര്യത്തിൽ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് താഞ്ഞിലോട് സമാധാനപരമായി സമരം ചെയ്ത ജനങ്ങൾക്കു നേരെ നടത്തിയ പൊലീസ് നടപടി അനീതിയാണെന്ന് ടി.സിദ്ദീഖ് എംഎൽഎ. ഒരു ഭാഗത്ത് കാട്ടാനയും വന്യമൃഗങ്ങളും മറുഭാഗത്ത് വനംവകുപ്പും പൊലീസും എന്നിങ്ങനെ എല്ലാ സംവിധാനങ്ങളും ജനങ്ങൾക്കെതിരെ തിരിയുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്.
വയനാട്ടിൽ വന്യമൃഗ ആക്രമണം പ്രതിരോധിക്കാനുള്ള നടപടിക്കും നേതൃത്വം നൽകാത്ത സർക്കാർ ജനരോഷത്തെ ലാത്തി കൊണ്ടും ഭീഷണി കൊണ്ടും അടിച്ചമർത്താമെന്നാണ് കരുതുന്നതെങ്കിൽ ആ വ്യാമോഹം ഒരിക്കലും വിലപ്പോവില്ല. ഈ അതിക്രമങ്ങൾക്കു നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
സ്വരക്ഷയ്ക്കു വേണ്ടിയുള്ള ജനകീയ സമരങ്ങളെ അക്രമം കൊണ്ട് അടിച്ചമർത്താനുള്ള പൊലീസിന്റെ ശ്രമത്തെ കയ്യുംകെട്ടി നോക്കിനിൽക്കില്ല. ജനവികാരം തീരെ ഉൾക്കൊള്ളാതെ അക്രമത്തിന് നേതൃത്വം നൽകിയ പൊലീസുകാർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു.
അപലപനീയം: യുഡിഎഫ്
കൽപറ്റ ∙ രൂക്ഷമായ വന്യമൃഗശല്യത്തിൽ പൊറുതി മുട്ടിയതിനെ തുടർന്ന് താഞ്ഞിലോട് നിവാസികൾ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തിയ അതിക്രമം അപലപനീയമാണെന്നും ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി.
വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിൽ സർക്കാർ സമ്പൂർണ പരാജയമാണ്. ജനാധിപത്യസമരങ്ങളെ അടിച്ചമർത്തി ഇല്ലാതാക്കാനുള്ള ഒരു ശ്രമവും അംഗീകരിക്കില്ല.
ഇതിനെതിരെ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും യോഗം അറിയിച്ചു. ചെയർമാൻ ടി.ഹംസ, കൺവീനർ പി.പി.ആലി എന്നിവർ പ്രസംഗിച്ചു.മേപ്പാടി ∙ താഞ്ഞിലോട് നടന്ന ജനകീയ പ്രതിഷേധ സമരത്തിനു നേരെ ലാത്തിച്ചാർജ് നടത്തിയ പൊലീസ് നടപടി അപലപനീയമാണെന്നും ഇതിനെതിരെ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.
പ്രസിഡന്റ് ബി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
ജീവിതം കാട്ടാനക്കൂട്ടത്തിന് നടുവിൽ
മേപ്പാടി പഞ്ചായത്തിലെ ചെമ്പ്ര വനമേഖലകളോടു ചേർന്ന ജനവാസ മേഖലകളിൽ മുൻപെങ്ങുമില്ലാത്തവിധം കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ജൂൺ 19ന് മേപ്പാടി ടൗണിന് 500 മീറ്റർ അകലെ വരെ കാട്ടാനക്കൂട്ടമെത്തിയിരുന്നു.
ടൗണിനോടു ചേർന്ന മാപ്പിളത്തോട്ടം മേഖലയിലാണു കാട്ടാനക്കൂട്ടമെത്തിയത്. കുട്ടിയാനകൾ അടക്കമുള്ള 7 അംഗ കാട്ടാനക്കൂട്ടം അന്നു പകൽ മുഴുവൻ ടൗണിനെ മുൾമുനയിലാക്കി. സ്കൂളും ഒട്ടേറെ വീടുകളും വ്യാപാര സ്ഥാപനങ്ങളുമുള്ള മേഖലയിലാണ് കാട്ടാനക്കൂട്ടമെത്തിയത്.
മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ അന്നു രാത്രി എട്ടരയോടെയാണു കാട്ടാനകളെ വനത്തിലേക്കു തുരത്താനായത്.
തുരത്തുന്നതിനിടെ കാട്ടാനക്കൂട്ടം മേപ്പാടി–ചൂരൽമല റോഡിലുമെത്തിയിരുന്നു.
കഴിഞ്ഞ മേയ് 9ന് മേപ്പാടി ടൗണിന് ഒന്നര കിലോമീറ്റർ അകലെ വരെ കാട്ടാനക്കൂട്ടമെത്തിയിരുന്നു. അന്നും കുട്ടിയാനകൾ അടക്കമുള്ള 7 അംഗ കാട്ടാനക്കൂട്ടമാണ് ജനവാസ മേഖലകളെ വിറപ്പിച്ചത്.
ഒരു പകലും രാത്രിയും മുഴുവൻ നാടിനെ വിറപ്പിച്ച കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശവും വരുത്തിയിരുന്നു. നെല്ലിമുണ്ട, പാറക്കംവയൽ, ചുളിക്ക, കടൂർ, അമ്പലക്കുന്ന്, എളമ്പിലേരി, എരുമക്കൊല്ലി, പുഴമൂല എന്നിങ്ങനെ ചെമ്പ്ര മലയടിവാരത്തോടു ചേർന്ന മേഖലകളെല്ലാം കാട്ടാന ഭീതിയിലാണ്.
േപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല, മേപ്പാടി ടൗണിനോട് ചേർന്ന ഭാഗങ്ങൾ, എരുമക്കൊല്ലി, കാപ്പിക്കാട്, പുഴമൂല, ആനക്കാട്, 46, കോട്ടനാട്, കുന്നമ്പറ്റ മേഖലകളിലാണു കാട്ടാന ശല്യം അതിരൂക്ഷമായിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായിട്ട് നെല്ലിമുണ്ട, പാറക്കംവയൽ, ചുളിക്ക, താഞ്ഞിലോട് മേഖലകൾ കാട്ടാനശല്യം രൂക്ഷമാണ്. കാടിറങ്ങിയ ഒറ്റയാനാണു നിലവിൽ ഇൗ പ്രദേശങ്ങളിൽ ഭീതി പരത്തുന്നത്.
കഴിഞ്ഞദിവസം പാറക്കംവയലിലെ ജനവാസ മേഖലയിറങ്ങിയ കാട്ടാനകൾ വ്യാപക കൃഷിനാശമാണ് വരുത്തിയത്. കഴിഞ്ഞ ജൂൺ 17ന് രാത്രിയിൽ കാട്ടാനക്കൂട്ടത്തിന്റെ മുൻപിൽ നിന്നു 2 പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പ്രദേശവാസിയായ ഓട്ടോറിക്ഷാ ഡ്രൈവർ ഷെഫീഖാണ് കാട്ടാനകളെ ആദ്യ കണ്ടത്.
പിന്നാലെ സ്കൂട്ടർ യാത്രക്കാരനുമുണ്ടായിരുന്നു. ഇരുവരും തലനാരിഴയ്ക്കാണ് കാട്ടാനകളുടെ മുൻപിൻ നിന്നു രക്ഷപ്പെട്ടത്.
ഇതിനോടു ചേർന്ന കടൂർ, അമ്പലക്കുന്ന് മേഖലകളിലും മുൻപെങ്ങുമില്ലാത്തവിധം കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ 18ന് കടൂരിലെ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമെത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]