ദുരന്തബാധിതർക്കുള്ള ആനുകൂല്യങ്ങൾ മുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ് നിർമാണവുമായി സർക്കാർ അതിവേഗം മുന്നോട്ടു പോവുമ്പോഴും ദുരന്തബാധിതർക്കു സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളിൽ പലതും ലഭ്യമാകാതെ ദുരിതക്കയത്തിൽ തുടരുകയാണ് ഉരുൾപൊട്ടൽ ദുരന്തബാധിതർ. ദുരന്തബാധിത കുടുംബത്തിലെ 2 പേർക്ക് പ്രതിദിനം 300 രൂപ തോതിൽ പ്രഖ്യാപിച്ച ആശ്വാസധനം, 1000 രൂപയുടെ ഫുഡ് കൂപ്പൺ തുടങ്ങിയവ മുടങ്ങി.ഇതിനു പുറമേ, വാടക തുക വിതരണവും താളംതെറ്റി. ഇതോടെ, ചെറിയ പെരുന്നാളിനും വിഷുവിനും പിന്നാലെ ഇൗസ്റ്ററിനും പട്ടിണി കിടക്കേണ്ട ഗതികേടിലാണു ദുരന്തബാധിതർ.
വാടക വിതരണം പൂർത്തിയായില്ല
ദുരന്തബാധിതർക്കുള്ള മാർച്ച് മാസത്തെ വീട്ടുവാടക വിതരണം ഇനിയും പൂർത്തിയായിട്ടില്ല. ദുരന്തബാധിതരായ 568 പേർക്കാണ് പ്രതിമാസം 6000 രൂപ നിരക്കിൽ സർക്കാർ വാടക തുക വിതരണം ചെയ്തിരുന്നത്. എന്നാൽ, ഈ മാസം ഇതുവരെയായിട്ടും പലർക്കും വാടക തുക ലഭിച്ചിട്ടില്ലെന്നു ദുരന്തബാധിതർ പറയുന്നു. കഴിഞ്ഞ മാസം പലർക്കും വൈകിയാണു വാടക തുക ലഭിച്ചത്. വാടക തുക വൈകുന്നത് കാരണം പലരോടും വാടക വീടുകളിൽ നിന്നും ഒഴിഞ്ഞു പോകാൻ ഉടമകൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഫെബ്രുവരിയിൽ വാടക വിതരണം വൈകിയതിനെ തുടർന്ന് ദുരന്തബാധിതരിൽ പലരും വിവാഹമോതിരവും കമ്മലുമൊക്ക പണയം വച്ചാണ് വാടക നൽകിയിരുന്നത്. ദുരന്തത്തിനു ശേഷം ആദ്യമാസങ്ങളിൽ വാടക കൃത്യമായി ലഭിച്ചിരുന്നു. എന്നാൽ, പിന്നീട് സ്ഥിതി മാറി.
പ്രതിദിന ധനസഹായം: മന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ല
ദുരന്തബാധിതർക്കു ജീവനോപാധിയായി സർക്കാരിൽ നിന്നു ലഭിച്ചിരുന്ന 9,000 രൂപയും മുടങ്ങിയ നിലയിലാണ്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നതിനെ തുടർന്ന്, ഇതു 3 മാസത്തേക്കു കൂടി നൽകുമെന്ന് മന്ത്രി കെ.രാജൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതുവരെയായിട്ടും നടപ്പായിട്ടില്ല. ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നാണു അധികൃതരുടെ വാദം. വീടുകളും ബന്ധുക്കളെയും നഷ്ടപ്പെട്ട പലരും പുതിയ ഇടങ്ങളിലേക്ക് താമസം മാറ്റിയെങ്കിലും പുതിയ ജീവിതവുമായി പൊരുത്തപ്പെട്ട് വരുന്നതേയുള്ളു. പലർക്കും പഴയ ജോലികളോ മറ്റു വരുമാന മാർഗങ്ങളോ ഇല്ലാത്തതിനാൽ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.
സംഘടനകൾ നൽകിയ ഭക്ഷ്യവസ്തുക്കൾ എവിടെ?
ഉരുൾപൊട്ടൽ ദുരന്തമുണ്ടായതിനു ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സന്നദ്ധ സംഘടനകളും വ്യക്തികളും രാഷ്ട്രീയ പാർട്ടികളും മറ്റുമായി ലോഡുക്കണക്കിന് ഭക്ഷ്യവസ്തുക്കൾ എത്തിച്ചിരുന്നു. ഇവ മേപ്പാടി പഞ്ചായത്തിന് കീഴിലെ ഇഎംഎസ് ഹാൾ, കൈനാട്ടിയിൽ ജില്ലാ ഭരണകൂടത്തിന് കീഴിലെ കലക്ഷൻ സെന്റർ എന്നിവിടങ്ങളിലായാണു സൂക്ഷിച്ചിരുന്നത്. ദുരന്തത്തിനു ശേഷം ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഇവ കൃത്യമായി വിതരണം ചെയ്തിരുന്നു.
എന്നാൽ, മേപ്പാടി പഞ്ചായത്തിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തെന്ന പരാതി ഉയർന്നതോടെ, മേപ്പാടി പഞ്ചായത്തിന് കീഴിലെ ഇഎംഎസ് ഹാളിലുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം പൂർണമായും നിർത്തിവയ്ക്കണമെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചതിന് ശേഷം മാത്രം വിതരണം പുനരാരംഭിച്ചാൽ മതിയെന്നും കാണിച്ച് കലക്ടർ ഡി.ആർ.മേഘശ്രീ കഴിഞ്ഞ നവംബർ 9ന് ഉത്തരവിറക്കി.പിന്നീട്, തുടർനടപടികളുണ്ടായില്ല.
നിലവിൽ കഴിഞ്ഞ 5 മാസമായിട്ട് ഭക്ഷ്യകിറ്റുകളുടെ വിതരണം നടന്നിട്ടില്ല. അരിയടക്കം ലോഡുക്കണക്കിന് ഭക്ഷ്യവസ്തുക്കൾ അന്നു ഇഎംഎസ് ഹാളിലും കൈനാട്ടിയിലെ കലക്ഷൻ സെന്ററിലുമായി ഉണ്ടായിരുന്നു. അവ എന്തു ചെയ്തെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതിനിടെ, കഴിഞ്ഞ മാർച്ച് 13ന് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ മന്ത്രി കെ.രാജൻ ഏപ്രിൽ ആദ്യവാരത്തോടെ ദുരന്തബാധിതർക്ക് ഭക്ഷ്യകിറ്റുകൾ നൽകണമെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതുവരെയായിട്ടും നടപ്പായിട്ടില്ല.
എങ്ങുമെത്താതെ കൂപ്പൺ വിതരണം
ദുരന്തത്തിനു ശേഷം സപ്ലൈകോ വഴി ദുരന്തബാധിതർക്ക് പ്രതിമാസം 2000 രൂപയുടെ കൂപ്പൺ നൽകിയിരുന്നു. ആദ്യ കുറച്ച് മാസങ്ങളിൽ ഇവ കൃത്യമായി ലഭിച്ചിരുന്നെന്നും പിന്നീട് മുടങ്ങിയെന്നും ദുരന്തബാധിതർ പറയുന്നു. സർവതും നഷ്ടപ്പെട്ട് വാടക വീടുകളിലും ബന്ധുവീടുകളിലുമായി അഭയം തേടിയവർക്ക് ഇൗ കൂപ്പണുകൾ ഏറെ സഹായകരമായിരുന്നു. ഏപ്രിൽ മുതൽ 6 മാസത്തേക്ക് പ്രതിമാസം 1000 രൂപയുടെ ഭക്ഷ്യകിറ്റുകൾ നൽകുമെന്ന് കഴിഞ്ഞ മാർച്ചിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ മന്ത്രി കെ.രാജൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തുടർനടപടികൾ വൈകുകയാണ്.