കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കുള്ള ഭവനപദ്ധതികൾ എത്രയും വേഗം പൂർത്തിയാക്കാനൊരുങ്ങി കോൺഗ്രസും മുസ്ലിം ലീഗും. മേപ്പാടി പഞ്ചായത്തിലെ വെള്ളിത്തോടിൽ ലീഗ് നിർമിക്കുന്ന 78 വീടുകളിൽ പകുതിയിലധികം വീടുകളുടെയും പ്രധാന വാർപ്പ് പൂർത്തിയായി.
കോൺഗ്രസ് കഴിഞ്ഞ ദിവസം മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിൽ ഭവനനിർമാണപദ്ധതിയുടെ ആദ്യഘട്ടമായി 3.25 ഏക്കർ ഭൂമിയുടെ റജിസ്ട്രേഷൻ പൂർത്തിയാക്കി. തൊട്ടടുത്ത ദിവസം തന്നെ നിലം ഒരുക്കലും ആരംഭിച്ചു കഴിഞ്ഞു.
മഞ്ചേരി ആസ്ഥാനമായ നിർമാൺ കൺസ്ട്രക്ഷൻസ് കമ്പനിയുടെ കീഴിലുള്ള നൂറോളം വിദഗ്ധ തൊഴിലാളികളും അനുബന്ധ തൊഴിലാളികളും പദ്ധതി പ്രദേശത്തു താമസിച്ചാണു ലീഗ് ഭവനപദ്ധതി നിർമാണം നടത്തുന്നത്.
പ്രോജക്ട് മാനേജർ സി. വാസിദിന്റെ നേതൃത്വത്തിൽ 8 എൻജിനീയർമാരുടെ മേൽനോട്ടത്തിലാണു പ്രവൃത്തികൾ.
മൂന്ന് കിടപ്പുമുറികളും സിറ്റൗട്ടും ഒരു ലിവിങ് റൂമും അടക്കം 1050 ചതുരശ്ര അടിയിൽ ആണ് ഓരോ വീടും.
ഒരു കിടപ്പു മുറിയോടു ചേർന്നു ശുചിമുറിയും ഉണ്ട്. ഒരു പൊതു ശുചിമുറിയുമുണ്ട്. രണ്ടാം നില നിർമിക്കാനാവശ്യമായ സൗകര്യവും ഉണ്ട്.
മൂന്നു വശവും കല്ലുകൊണ്ട് നിർമിച്ച സംരക്ഷണമതിലോടെ ആയിരിക്കും വീടുകൾ. വീടുകളിലേക്ക് 5 മീറ്റർ വീതിയിൽ റോഡുകളും ഉണ്ടായിരിക്കും.
പദ്ധതിപ്രദേശത്ത് നിലവിലുള്ള കിണറുകൾക്ക് പുറമേ വലിയ കിണറും പൊതു ടാങ്കും നിർമിച്ച് ഓരോ വീടുകളിലേക്കും വെവ്വേറെ ടാങ്കുകൾ സ്ഥാപിച്ചായിരിക്കും കുടിവെള്ള വിതരണം. 78 വീടുകളും ഒരു കമ്യുണിറ്റി സെന്ററുമാണു നിർമിക്കുക.
പ്രധാന വാർപ്പുകൾ പൂർത്തിയായ വീടുകളുടെ തേപ്പും മറ്റു പണികളും ആരംഭിച്ചതായി നിർമാണ ചുമതലയുള്ള നിർമാൺ കൺസ്ട്രക്ഷൻസ് കമ്പനി അധികൃതർ അറിയിച്ചു.
ആദ്യഘട്ടത്തിലാണ് വെള്ളിത്തോട് 78 വീടുകളുടെ നിർമാണം. ആകെ 105 വീടുകൾ അടങ്ങുന്നതാണു മുസ്ലിം ലീഗിന്റെ പുനരധിവാസ പദ്ധതി. മറ്റു വീടുകളുടെ നിർമാണത്തിനായി ഭൂമി കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണ്.
കോൺഗ്രസ് വീടൊരുക്കൽ കുന്നമ്പറ്റയിൽ
ഉരുൾദുരന്ത ബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച ഭവന പദ്ധതിക്കായുള്ള കുന്നമ്പറ്റയിലെ ഭൂമിയിൽ നിലമൊരുക്കൽ തുടങ്ങി.
മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിലെ മൂന്നേകാൽ ഏക്കർ ഭൂമിയിലെ കാപ്പിച്ചെടികൾ മുറിച്ചുമാറ്റുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. വേഗത്തിൽ നിർമാണപ്രവൃത്തികളിലേക്കു കടക്കേണ്ടതിനാൽ നിലമൊരുക്കുന്ന പ്രവൃത്തി പെട്ടന്നു പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റ് ടി.ജെ.ഐസക്, ടി.സിദ്ദീഖ് എംഎൽഎ, കെപിസിസി അംഗം പി.പി.ആലി, കൽപറ്റ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബി.സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.
ഭവന പദ്ധതിക്കുള്ള അടുത്ത സ്ഥലമെടുപ്പു നടപടികൾ പുരോഗമിക്കുകയാണെന്നും ടി.സിദ്ദീഖ് അറിയിച്ചു. വേഗത്തിൽ പ്രവൃത്തി പൂർത്തീകരിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നു ഡിസിസി പ്രസിഡന്റ് ടി.ജെ.
ഐസക് പറഞ്ഞു.
കോൺഗ്രസിന്റെ ഭാഗത്തുനിന്നു കാലതാമസമൊന്നും ഉണ്ടായിട്ടില്ല. നിയമക്കുരുക്കില്ലാത്ത ഭൂമി മേപ്പാടി പഞ്ചായത്തിൽ തന്നെ കണ്ടെത്താൻ സാധിച്ചു.
തോട്ട ഭൂമിയിൽ സർക്കാർ ഭവന പദ്ധതി നടത്തുമ്പോൾ സന്നദ്ധ സംഘടനകൾക്കും പാർട്ടികൾക്കും അത്തരം ഭൂമികളിൽ നിയമ പരിരക്ഷ നൽകിയിരുന്നുവെങ്കിൽ പദ്ധതിക്കായി ഭൂമി കണ്ടെത്താൻ ഒട്ടും പ്രയാസം നേരിടേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിക്ക് എങ്ങനെ തുരങ്കം വയ്ക്കാമെന്നാണു ചിലർ ചിന്തിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു.
കോഴിക്കോട്-ഊട്ടി റോഡിൽ നിന്ന് 100 മീറ്റർ മാത്രമാണു സ്ഥലത്തേക്കുള്ള ആകാശദൂരം. റോഡ് മാർഗമാണെങ്കിൽ പ്രധാന പാതയിൽ നിന്ന് 300 മീറ്ററിൽ താഴെയാണ്.
സ്ഥലത്തിന്റെ പരിസര ഭാഗങ്ങളിൽ ഒട്ടേറെ നിർമാണ പ്രവൃത്തികളും നടന്നുവരുന്നുണ്ട്. വസ്തുതകൾ ഇതായിരിക്കെ പദ്ധതിയെ ഇല്ലാതാക്കാനാണ് അനാവശ്യ ആരോപണങ്ങളുമായി ചിലർ രംഗത്തെത്തിയിട്ടുള്ളതെന്നും നേതാക്കൾ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

