കൽപറ്റ ∙ ‘ഒന്നിരുട്ടി വെളുത്തപ്പോഴേക്കും സർവതും നഷ്ടമായവരാണ് ഞങ്ങൾ. താമസിച്ചിരുന്ന എസ്റ്റേറ്റ് പാടിയും ജീവിത സമ്പാദ്യങ്ങളും ഉപജീവനമാർഗവുമെല്ലാം പോയി.
പക്ഷേ, ഉദ്യോഗസ്ഥരുടെ കണ്ണിൽ ഞാനും കുടുംബവും ദുരന്തബാധിതരല്ല’– ഭാര്യ രേഖയെയും മകൾ നിത്യയെയും ചേർത്തുപിടിച്ച് പ്രശാന്തൻ ചാമക്കാട് പറയുന്നു. സിപിഐ വെള്ളാർമല ലോക്കൽ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.
ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടമായിട്ടും പുനരധിവാസത്തിനുള്ള ഗുണഭോക്തൃപട്ടികയിൽ നിന്നു ഇൗ കുടുംബം ഇപ്പോഴും പുറത്താണ്.
ദുരന്തബാധിതർക്കായി കുടുംബശ്രീ ജില്ലാ മിഷൻ തയാറാക്കിയ മൈക്രോ പ്ലാൻ ഗുണഭോക്തൃ പട്ടികയിലും പ്രശാന്തനും കുടുംബവും ഉൾപ്പെട്ടിട്ടില്ല. 10 വർഷം മുൻപ് പ്രശാന്തന്റെ ഭാര്യ രേഖയ്ക്ക് ലൈഫ് ഭവന പദ്ധതിയിൽ 4 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ഇതിന്റെ പേരിലാണു ദുരന്തബാധിത കുടുംബമെന്ന പരിഗണന ലഭിക്കാതിരുന്നതെന്നാണ് പ്രശാന്തൻ പറയുന്നത്.
അതേസമയം, ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾ അടക്കം പുനരധിവാസത്തിനുള്ള ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രശാന്തൻ ആരോപിക്കുന്നു. ഒരേ സ്ഥിതിയിലുള്ള ദുരന്തബാധിതരെ പലതട്ടിലാക്കി ചിലർക്ക് വീടു നൽകുകയും ചിലരെ പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്യുന്നതിനെതിരെയാണു പരാതി.
കൊയ്നാക്കുളത്ത് പ്രശാന്തന്റെ തറവാട് ഭൂമിയിലാണ് ലൈഫ് പദ്ധതിയിൽ അനുവദിച്ച വീടിന്റെ നിർമാണം തുടങ്ങിയത്. പ്രവൃത്തി പൂർത്തിയാക്കാൻ കഴിയാതിരുന്ന വീട് പൊളിഞ്ഞു വീഴാറായ അവസ്ഥയിലാണ്.
അർഹതയുണ്ടായിട്ടും സർക്കാരിന്റെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്ത ദുരന്തബാധിതരെ കൂടി സംഘടിപ്പിച്ച് ഫെബ്രുവരി ഒന്നു മുതൽ കലക്ടറേറ്റിനു മുന്നിൽ അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണു പ്രശാന്തനും കുടുംബവും.
ഹാരിസൺസ് മലയാളം പ്ലാന്റേഷനിലെ തൊഴിലാളിയാണ് ഇദ്ദേഹം. ചൂരൽമല–അട്ടമല റോഡിലെ ഹെൽത്ത് സെന്ററിനു സമീപം എസ്റ്റേറ്റ് പാടിയിലായിരുന്നു താമസം.
ദുരന്തമുണ്ടായ രാത്രിയിൽ, അപകട സാധ്യത മുന്നിൽക്കണ്ട് പാടിയിൽനിന്നു പ്രശാന്തും കുടുംബവും സഹോദരന്റെ വീട്ടിലേക്ക് മാറിയിരുന്നു.
പ്രശാന്തനും കുടുംബവും താമസിച്ചിരുന്ന പാടി അടക്കം 3 എസ്റ്റേറ്റ് പാടികൾ ഉരുൾപൊട്ടലിൽ നാമാവശേഷമായി.
മുറിയിൽ സൂക്ഷിച്ചിരുന്ന 10 പവൻ, ഒരുലക്ഷത്തോളം രൂപ വിലവരുന്ന ബൈക്ക്, വീട്ടുപകരണങ്ങൾ, വായ്പയെടുത്ത് പാടിക്കടുത്ത് നിർമിച്ച തൊഴുത്ത്, 4 കറവപശുക്കൾ എന്നിവ ഉരുൾപൊട്ടലിൽ നഷ്ടമായി. 21 ദിവസം മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു താമസം.
തുടർന്ന് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കടൂരിലെ എസ്റ്റേറ്റ് പാടിയിലേക്ക് മാറി.
പുനരധിവാസത്തിനുള്ള ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് അടക്കം അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും ദുരന്തബാധിതരുടെ പട്ടികയിൽ അനർഹർ കയറിക്കൂടി വലിയ തോതിൽ ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും പ്രശാന്തൻ പറയുന്നു.
അരപ്പറ്റയിൽ സന്നദ്ധ സംഘടന നിർമിച്ചു നൽകിയ വീട്ടിലാണു പ്രശാന്തനും കുടുംബവും നിലവിൽ കഴിയുന്നത്. ടൗൺഷിപ്പിൽ ഉൾപ്പെടാതെപോവുകയും സന്നദ്ധസംഘടന വീടു നൽകുകയും ചെയ്യുന്നവർക്ക് 15 ലക്ഷം രൂപ നൽകുമെന്ന സർക്കാർ വാഗ്ദാനവും പ്രശാന്തന്റെ കാര്യത്തിൽ പാലിക്കപ്പെട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

