നടവയൽ∙ കലുങ്ക് നിർമാണത്തിനുവേണ്ടി റോഡ് പൊളിച്ചിട്ടിട്ട് ആഴ്ചകൾ കഴിഞ്ഞെങ്കിലും നന്നാക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കണിയാമ്പറ്റ പഞ്ചായത്തിലെ നടവയൽ ഗവ. ആയുർവേദ ആശുപത്രി ജംക്ഷനിൽ നിന്ന് കാവടം ഭാഗത്തേക്കുള്ള റോഡിലാണ് കലുങ്ക് നിർമാണത്തിന് വേണ്ടി കുഴിയെടുത്തിട്ടിരിക്കുന്നത്.
റോഡിനു കുറുകെ കുഴിയെടുത്തതിനു പുറമേ ഒരു വശത്ത് ഓവുചാൽ നിർമാണത്തിനായി 100 മീറ്ററോളം ചാലുകീറുകയും ചെയ്തതോടെ പ്രദേശത്തെ നാട്ടുകാർക്ക് വഴിമുട്ടിയ അവസ്ഥയാണ്.
പ്രദേശത്തേക്ക് എത്തുന്ന ഏക റോഡിൽ കുഴിയെടുത്തിട്ടതല്ലാതെ ബാക്കി പണികൾ ഒന്നും ആരംഭിക്കാത്തതിനാൽ ജനങ്ങൾക്ക് ടൗണിലോ ആശുപത്രിയിലോ പോകണമെങ്കിൽ കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്.
വിദ്യാർഥികൾ അടക്കമുള്ള കാൽനടയാത്രക്കാർ കലുങ്കിന് വേണ്ടി കുഴിയെടുത്ത ഭാഗത്ത് താൽക്കാലിക പാലമിട്ടാണ് അങ്ങോട്ടുമിങ്ങോട്ടും കടക്കുന്നത്.
കലുങ്ക് നിർമാണം വൈകുന്നതിനെ കുറിച്ച് അന്വേഷിക്കുമ്പോൾ കാരാറുകാരൻ ആശുപത്രിയിലാണ് എന്ന മറുപടിയാണ് ലഭിക്കുന്നത്. തൊഴിലാളികളെ വച്ച് പണിയിപ്പിക്കുന്നതിന് കരാറുകാരൻ എന്തിനാണെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയില്ലെന്നും നാട്ടുകാർ പറയുന്നു. കലുങ്ക് നിർമാണത്തിനായി വീടിന്റെ മതിൽ അടക്കം പൊളിച്ചിട്ടിരിക്കുന്നതിനാൽ മഴ പെയ്താൽ ബാക്കി മതിൽ ഇടിഞ്ഞ് അപകടമുണ്ടാകുമോ എന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

