മുള്ളൻകൊല്ലി ∙ രാപകൽ വ്യത്യാസമില്ലാതെ നാട്ടിലെ ഏതാവശ്യത്തിനും ഓടിനടന്ന മാതൃകാ പൊതുപ്രവർത്തകൻ പഞ്ചായത്ത്അംഗം ജോസ് നെല്ലേടത്തിനു നാട് വിടനൽകി. മൃതദേഹം വീട്ടിലെത്തിച്ച വെള്ളിയാഴ്ച വൈകിട്ടുമുതലാരംഭിച്ച ജനപ്രവാഹം ഇന്നലെ വൈകിട്ട് പട്ടാണിക്കൂപ്പ് പള്ളി സെമിത്തേരിയിലേക്കു മൃതദേഹമെടുക്കുംവരെ തുടർന്നു.രാഷ്ട്രീയ ഭേദമെന്യേ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നെത്തിയവർ ജോസിന്റെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തി.
സ്ഥാനമാനങ്ങളൊന്നുമില്ലാതിരുന്നകാലത്തും പൊതുആവശ്യങ്ങൾക്കും പാവപ്പെട്ടവരുടെ ആവശ്യങ്ങൾക്കും സമയവും പണവും നോക്കാതെ മുന്നിട്ടിറങ്ങുന്ന വ്യക്തത്വമാണ് ജോസിന്റേതെന്നു നാട്ടുകാർ പറയുന്നു. അഭിപ്രായ വ്യത്യാസത്തെതുടർന്ന് കോൺഗ്രസ് വിട്ട ജോസ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെയാണ് വീണ്ടുംപാർട്ടിയിൽ തിരിച്ചുകയറിയത്.
മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചു.
പ്രിയങ്കാഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്വന്തം കടയുപേക്ഷിച്ച് മുഴുവൻ ദിവസങ്ങളിലും ഫീൽഡിലുണ്ടായിരുന്നു. എന്നാൽ ജോസിനെ പാർട്ടിയിൽ തിരിച്ചെടുത്തതിലും സ്ഥാനംനൽകിയതിലും എതിർപ്പുള്ളവർ അന്നുമുതൽ ജോസിനെതിരായിരുന്നു.
പഞ്ചായത്തിൽ ക്വാറികൾ അനുവദിക്കുന്നതു സംബന്ധിച്ച വിവാദത്തിലും ജോസിനെ വലിച്ചിഴച്ചു. പാർട്ടി മണ്ഡലംകമ്മിറ്റിയിലെ പ്രശ്നങ്ങളും പാർട്ടിയും പഞ്ചായത്തും തമ്മിലുള്ള അനൈക്യവുമാണ് എക്കാലത്തും കോൺഗ്രസ് കോട്ടയായ മുള്ളൻകൊല്ലിയിൽ വിഭാഗീയതയുടെ അഴംകൂട്ടിയത്.
വയനാട്ടിലെ ഡിസിസിനേതൃത്വവും എതിർപക്ഷവും തമ്മിലുള്ള അനൈക്യം എല്ലാ പഞ്ചായത്തിലും പ്രകടമാണെങ്കിലും അത് തെരുവിലെത്തിയതും കയ്യാങ്കളിയിലും കള്ളക്കേസിലുമെത്തിയത് മുള്ളൻകൊല്ലിയിൽ മാത്രമാണ്.
പ്രശ്നങ്ങൾതീർക്കാൻ കെപിസിസി നേതൃത്വം സ്വീകരിച്ച നടപടികളും ഫലവത്തായില്ല. ഈപ്രശ്നങ്ങളിൽ സ്വയംഉള്ളുരുകിയതാണ് ജോസിന്റെ മരണത്തിനു കാരണമായത്.
ജോസിനെ ആത്മഹത്യയിലേക്കു നയിച്ചകാരണങ്ങൾ അന്വേഷിക്കുമെന്ന് ജോസിന്റെ വീട്ടിലെത്തിയ മന്ത്രി ഒ.ആർ.കേളു പറഞ്ഞു.
ഡിസിസി പ്രസിഡന്റ് എൽ.ഡി.അപ്പച്ചൻ, പി.കെ.ജയലക്ഷ്മി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി.റോസക്കുട്ടി, സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ്, സിപിഐ ജില്ലാസെക്രട്ടറി ഇ.ജെ.ബാബു,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജസ്റ്റിൻബേബി, ഗിരിജാ കൃഷ്ണൻ, കെ.കെ.ഏബ്രഹാം, കെ.ഇ.വിനയൻ തുടങ്ങിയ നേതാക്കളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ജനപ്രതിനിധികളും ജോസിന് അന്തിമോപചാരമർപ്പിച്ചു. സംസ്കാര ചടങ്ങുകളിൽ നിരവധി വൈദികരും പങ്കെടുത്തു,
ജോസിന്റെ മരണം സമൂഹമാധ്യമങ്ങളിലെ അവഹേളനത്തിൽ മനംനൊന്ത് മനോരമ ലേഖകൻ
മുള്ളൻകൊല്ലി ∙ നാടിനു വേണ്ടപ്പെട്ടവനായ പഞ്ചായത്ത് അംഗം ജോസ് നെല്ലേടം ജീവനൊടുക്കാനുണ്ടായ പ്രധാനകാരണം സമൂഹമാധ്യമങ്ങളിലൂടെയുള്ള അവഹേളനമാണെന്നു സൂചന.
ജോസിന്റെ വീട്ടിൽനിന്നു പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ഇക്കാര്യം പരാമർശിക്കുന്നുണ്ട്. താൻ അനുഭവിക്കുന്ന വിഷമങ്ങൾ വിവരിക്കുന്നതിനു പുറമേ പാർട്ടിയിൽ നിന്നുണ്ടായ അവഗണനയും ചിലരുടെ ചതികളും കത്തിൽ വിവരിക്കുന്നുണ്ടെന്നാണു സൂചന.
മരിക്കുന്നതിന് അൽപം മുൻപ് തന്റെ സുഹൃത്തായ മാധ്യമ പ്രവർത്തകനെ വീട്ടിൽ വിളിച്ചുവരുത്തി ജോസ് നടത്തിയ പ്രതികരണവും ഇപ്രകാരംതന്നെയായിരുന്നു.
ആത്മഹത്യാക്കുറിപ്പിൽ നേതാക്കളുടെ പേരു പരാമർശിക്കുന്നുണ്ടോയെന്നതിൽ വ്യക്തതയില്ല. തന്റെയും കുടുംബത്തിന്റെയും ഭാവി തകർക്കും വിധത്തിലാണ് അസൂയാലുക്കൾ കള്ളക്കഥകൾ മെനഞ്ഞു പ്രചരിപ്പിക്കുന്നത്. അനർഹമായ ഒന്നും ഇതുവരെ ആരിൽനിന്നും താൻ സ്വീകരിച്ചിട്ടില്ലെന്നും വ്യക്തിയെന്ന നിലയിൽ ഈ അപമാനം സഹിക്കാനാവുന്നില്ലെന്നും ഇടറുന്ന സ്വരത്തിൽ ജോസ് വ്യക്തമാക്കി.
ക്വാറിക്കാരോട് കോടികൾ വാങ്ങിയെന്ന പ്രചാരണവും വേദനയുണ്ടാക്കുന്നു.
പാടിച്ചിറ, പെരിക്കല്ലൂർ, ബത്തേരി എന്നിവിടങ്ങളിലെ വിവിധ ബാങ്കുകളിലായി 50 ലക്ഷം രൂപയുടെ കടബാധ്യത തനിക്കുണ്ടെന്നും ജോസ് വ്യക്തമാക്കി.കഴിഞ്ഞ കുറെ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ ജോസിനെതിരായി വ്യാപക വ്യക്തിഹത്യയുണ്ടായി. പാർട്ടി ഫോറങ്ങളിലെ വാട്സാപ് കൂട്ടായ്മകളിലും പലവിധ കുറ്റാരോപണങ്ങളുണ്ടായി.അറിഞ്ഞും അറിയാതെയും ഇത്തരം സന്ദേശങ്ങൾ ആളുകൾ വ്യാപകമായി കൈമാറി.
അപമാനം ഭയന്ന് വീടിനു പുറത്തിറങ്ങാനാവാത്ത സാഹചര്യത്തിലാണ് ജോസ് ജീവൻ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ജോസിന്റെ മരണത്തിന് ഇതെല്ലാം പ്രേരകമായെന്നു ബന്ധുക്കളും പറയുന്നു. ഇക്കാര്യത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്ന ആവശ്യവും അവർ ഉന്നയിച്ചു. അടുത്തദിവസം ഇതുസംബന്ധിച്ച തെളിവുകൾ സഹിതം പൊലീസിനു പരാതി നൽകും.
ജോസിന്റെ മരണശേഷം പലരും വ്യാജസന്ദേശങ്ങൾ നീക്കിത്തുടങ്ങിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]