
കൽപറ്റ ∙ പ്രിയങ്ക ഗാന്ധി എംപിയുടെ മണ്ഡലമുൾപെടുന്ന വയനാട്ടിലെ കോൺഗ്രസുകാർ തമ്മിലടിക്കുന്നതു നേതൃത്വത്തിനു തലവേദനയാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഘട്ടത്തിൽ സംഘടനയിൽ ഐക്യം ഊട്ടിയുറപ്പിക്കാനായി നടത്തുന്ന യോഗങ്ങൾ പോലും കൂടുതൽ സംഘർഷത്തിനു വഴിവയ്ക്കുന്ന സ്ഥിതിയാണ്.
കഴിഞ്ഞദിവസം മുള്ളൻകൊല്ലിയിൽ നടന്ന യോഗത്തിൽ നടന്ന കയ്യാങ്കളിയോടെയാണു ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവന്നത്.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനു നേരെപ്പോലും കൈയേറ്റശ്രമമുണ്ടായി.
ഉന്തിലും തള്ളിലും വാക്കേറ്റത്തിനുമിടയിൽ പ്രസിഡന്റ് നിലത്തുവീഴുകയും ചെയ്തു. പ്രവർത്തകരെ നിയന്ത്രിക്കാൻ മുതിർന്ന നേതാക്കൾക്കും കഴിഞ്ഞില്ല.
അതിനിടെ, ഇന്നലെ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കെപിസിസി നിർവാഹകസമിതിയംഗം കെ.എൽ.
പൗലോസ്, കെ.ഇ. വിനയൻ എന്നിവരെ ക്രിമിനലുകളായി ചിത്രീകരിച്ച് പോസ്റ്ററുകളും പതിച്ചു.
ഇന്ന് കൽപറ്റയിൽ കോൺഗ്രസ് സമരസംഗമം ഉദ്ഘാടനം ചെയ്യാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എത്തുന്ന സാഹചര്യത്തിലും പാർട്ടിയിലെ തമ്മിലടിക്കു കുറവില്ല.
അതിനിടെ, അപ്പച്ചനെ മർദിച്ചെന്നാരോപിച്ച് 3 കോൺഗ്രസ് പ്രവർത്തകരെ ഒരുവിഭാഗം വാഹനത്തിൽ പിന്തുടർന്നെത്തി മർദിക്കുകയും ചെയ്തു. പരസ്പരം നൽകിയ പരാതികളിൽ ഡിസിസി ജനറൽ സെക്രട്ടറി ഉൾപെടെ 10 പേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുമുണ്ട്.
മണ്ഡലം പ്രസിഡന്റിനെ ഏകപക്ഷീയമായ നിയമിച്ചുവെന്ന വികാരമാണു ജില്ലയിലെ കോൺഗ്രസ് ശക്തികേന്ദ്രമായ മുള്ളൻകൊല്ലിയിലെ ഗ്രൂപ്പ്പോരിന്റെ പ്രധാനകാരണം. ഇതിനു മുൻപുതന്നെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ജില്ലയിലെ നേതാക്കൾ പലതട്ടിലായിരുന്നു.
നേരത്തേ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഡിസിസി പ്രസിഡന്റിനെ തെറിവിളിക്കുന്ന ഫോൺ സംഭാഷണവും പുറത്തുവന്നിരുന്നു.
തിരഞ്ഞെടുപ്പടുക്കുന്ന ഘട്ടത്തിൽപ്പോലും ഐക്യം നിലനിർത്താൻ നേതൃത്വത്തിനു കഴിയുന്നില്ലെന്ന വികാരം അണികളിൽ ശക്തമാണ്. ഇന്നു ജില്ലയിലെത്തുന്ന കെപിസിസി പ്രസിഡന്റ് ഐക്യശ്രമങ്ങൾക്കു തുടക്കം കുറിക്കും.
കൂടുതൽ വ്യാപിച്ച് കലഹം; ഇന്ന് കെപിസിസി നേതൃത്വം വയനാട്ടിൽ
പുൽപള്ളി ∙ ചെറിയൊരിടവേളയ്ക്കുശേഷം ജില്ലയിലെ കോൺഗ്രസ് ഗ്രൂപ്പിസം ശക്തമായി.
പുതിയ കെപിസിസി നേതൃത്വമുണ്ടായശേഷം മുള്ളൻകൊല്ലിയിലാണ് ആദ്യ വെടിപൊട്ടിയത്. തികച്ചും പ്രാദേശികമായുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ തെരുവിൽ ഗ്രൂപ്പ് തിരിഞ്ഞുള്ള തമ്മിലടിയിലേക്കുമെത്തി.
മണ്ഡലം പ്രസിഡന്റ് നിയമനത്തോടെയാണ് മുള്ളൻകൊല്ലിയിൽ ഡിസിസി പ്രസിഡന്റ് എൻ.ഡി.
അപ്പച്ചനെ അനുകൂലിക്കുന്ന വിഭാഗവും ഐ.സി. ബാലകൃഷ്ണന്റ അനുയായികളായ വിഭാഗവും മുള്ളൻകൊല്ലിയിൽ പോരുതുറന്നത്.
അതിന്റെ അലയൊലികൾ ജില്ലയിൽ പലയിടത്തേക്കും വ്യാപിക്കുന്നുമുണ്ട്. പോഷക സംഘടകളും ഓരോ ഗ്രൂപ്പുകളുടെ പോക്കറ്റുകളിലായി.
പാർട്ടിക്കുള്ളിലെ തർക്കം തെരുവിലേക്കുമെത്തിയതോടെ കോൺഗ്രസുകാർ തമ്മിൽ ആക്രമണങ്ങളുമുണ്ടായി. പരസ്പരം നൽകിയ പരാതികളിൽ, പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങൾ തടയുന്ന വകുപ്പ് പ്രകാരമുൾപ്പെടെ കേസ് ഉണ്ട്.
നേതൃരംഗത്തെ വീതംവയ്പുകളും അഴിമതികളുമെല്ലാം സാധാരണക്കാരായ പ്രവർത്തകരെ പാർട്ടിയിൽ നിന്നകറ്റുന്നുണ്ടെന്നു പ്രവർത്തകർ പറയുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് കുടുംബസംഗമങ്ങൾ നടത്തിയതല്ലാതെ ഒരു നേതാക്കളും പിന്നീട് താഴെത്തട്ടിലെത്തിയിട്ടില്ല. കെപിസിസി ഇടപെടലിൽ പ്രശ്നപരിഹാരങ്ങളുണ്ടാവുമെന്നും ജില്ലയിലെ കോൺഗ്രസ് ഐക്യത്തോടെ മുന്നോട്ടുപോകുമെന്നുമാണ് പ്രവർത്തകരുടെ പ്രതീക്ഷ.
കോൺഗ്രസിൽ ‘ക്രിമിനൽ’ വെടിപ്പുക; ലക്ഷ്യം ഡിസിസി പ്രസിഡന്റ് സ്ഥാനം
ബത്തേരി ∙ ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, കെപിസിസി നിർവാഹക സമിതി അംഗം കെ.എൽ.പൗലോസ്, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയൻ എന്നിവരുടെ ചിത്രങ്ങളിൽ ‘ക്രിമിനൽസ്’ എന്ന സീൽ പതിച്ച് ബീനാച്ചിയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.
ഡിസിസി പ്രസിഡന്റിനെ കയ്യേറ്റം ചെയ്യാൻ കൂട്ടു നിന്നതിന് പാർട്ടിയിൽ നിന്ന് പുറത്താക്കുക എന്നാണ് പോസ്റ്ററിലുള്ളത്.
ബീനാച്ചി എസ്റ്റേറ്റിന് എതിർ വശത്തായാണ് പോസ്റ്ററുകൾ പതിച്ച് ബോർഡ് ഉയർന്നത്. സമൂഹമാധ്യമങ്ങൾ വഴി പോസ്റ്റർ പ്രചരിച്ചതോടെ പാർട്ടിക്കകത്തും പുറത്തും മറ്റു പാർട്ടികൾക്കിടയിലും ചൂടാറാത്ത ചർച്ചയായി.
കെപിസിസി പ്രസിഡന്റ്് ഇന്ന് ജില്ലയിലെത്താനിരിക്കെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് കൃത്യമായ അജൻഡയുടെ ഭാഗമായാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
പുൽപള്ളി സംഭവത്തിന്റെ പശ്ചാത്തലമുണ്ടെങ്കിലും ജില്ലയിലെ പാർട്ടി നേതൃത്വം കൈപ്പിടിയിലൊതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വടംവലിയാണ് ‘ക്രിമിനൽ’ പോസ്റ്ററിനു പിന്നിലെ യഥാർഥ കാരണം. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഒടുവിൽ പരിഗണിക്കുന്ന പേരുകളിൽ മുൻപിലുള്ളത് കെ.ഇ.
വിനയനും ടി.ജെ. ഐസക്കുമാണന്നറിയുന്നു.
കെ.എൽ. പൗലോസും പാർട്ടിയെ ഒരിക്കൽ കൂടി നയിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ്.
അതിനാൽ തന്നെ പൗലോസിന്റെ പേരും തീർത്തും തള്ളിക്കളയാവുന്നതല്ല. പി.ഡി.
സജിയുടെ പേരും പരിഗണനയിലുണ്ടെന്ന് പറഞ്ഞു കേട്ടിരുന്നു. അതിനിടെയാണ് നേതാക്കളുടെ തല വച്ച് പോസ്റ്റർ പോര് എത്തിയത്.
മുൻപുണ്ടായിരുന്നതു പോലെ എ,ഐ എന്നിങ്ങനെ പക്ഷമില്ലെങ്കിലും കെ.സി.
വേണുഗോപാലിന്റെ പേരു പറ ഞ്ഞും ചെന്നിത്തലയുടെ പേരു പറഞ്ഞും രണ്ടു ഗ്രൂപ്പുകൾ ശക്തമാണ് ജില്ലയിൽ. യുവനേതാക്കുള്ള മൂന്നാമത്തെ പക്ഷം എ എന്നു പേരിൽ പ്രവർത്തിക്കുന്നു.
ഡിസിസി ട്രഷറർ എം.എൻ. വിജയന്റെ ആത്മഹത്യയെത്തുടർന്നുണ്ടായ വിവാദം തെല്ലൊന്നു കെട്ടടങ്ങിയെങ്കിലും പുതിയ പശ്ചാത്തലത്തിൽ, വിവാദം വീണ്ടും പുകയ്ക്കാൻ തന്നെയാണ് ഐസിയെയും വിനയനെയും എതിർക്കുന്ന പക്ഷത്തിന്റെ തീരുമാനമെന്നാണു വിവരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]