കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ് പദ്ധതിയിലെ ആദ്യഘട്ട വീടുകൈമാറ്റം ഇൗമാസം നടക്കാനിരിക്കെ, അർഹരായ പലരും ഇപ്പോഴും ഗുണഭോക്തൃ പട്ടികയ്ക്കു പുറത്താണെന്നു ദുരന്തബാധിതർ.
ഭൂമിയും വീടുമടക്കം നഷ്ടപ്പെട്ട ആളുകൾ പുറത്തായപ്പോൾ അനർഹർ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു ദുരന്തബാധിതർ തെളിവുകൾ സഹിതം ചൂണ്ടിക്കാണിക്കുന്നു.
പുനരധിവാസത്തിനായി ഒടുവിൽ പുറത്തിറങ്ങിയ 49 പേരുടെ പട്ടികയിൽ 22 പേരെയും തിരുകി കയറ്റിയതാണെന്ന് ദുരന്തബാധിതർ പറയുന്നു. ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ട
2 പേർ പട്ടികയിലുണ്ട്.
ഇതര സംസ്ഥാനത്ത് വീടുള്ളവർ അടക്കം ഇൗ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മറ്റിടങ്ങളിൽ വീടുകൾ ഉള്ളവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
വിവാഹശേഷം മറ്റിടങ്ങളിൽ വർഷങ്ങളായി താമസിക്കുന്നവരും പട്ടികയിലുണ്ട്. ദുരന്തഭൂമിയിലെ വീടുകളിൽ വാടകയ്ക്ക് താമസിച്ചവർ പട്ടികയിൽ ഉൾപ്പെട്ടപ്പോൾ വീട്ടുടമകൾ പലരും പട്ടികയ്ക്കു പുറത്തായി.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനശബ്ദം ആക്ഷൻ കമ്മിറ്റി കഴിഞ്ഞ ഓഗസ്റ്റിൽ ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയിരുന്നെങ്കിലും ഇതുവരെയായിട്ടും അതേ അർഹതയുള്ള മറ്റു ദുരന്തബാധിതരെ പട്ടികയിൽ ഉൾപ്പെടുത്താനോ അനർഹരെ പട്ടികയിൽ നിന്നു ഒഴിവാക്കാനോ നടപടികളുണ്ടായിട്ടില്ല.
ദുരന്തശേഷം തയാറാക്കിയ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിരുന്ന പലരെയും പിന്നീട് പ്രസിദ്ധീകരിച്ച പട്ടികകളിൽ നിന്നു പുറത്തായെന്നും ഇവർ ആരോപിക്കുന്നു. ഇനിയും പട്ടികയിൽ ഉൾപ്പെടാത്ത 50 കുടുംബങ്ങളുണ്ട്.
മുണ്ടക്കൈയിലെ വിവിധ പാടികളിലെയും എച്ച്എംഎൽ ഫാക്ടറിക്ക് സമീപത്തെ (റാട്ടപ്പാടി) പാടികളിലെയും അട്ടമല, പടവെട്ടിക്കുന്ന് എന്നിവിടങ്ങളിലെ കുടുംബങ്ങളുമാണു പുനരധിവാസത്തിനുള്ള അർഹതയുണ്ടായിട്ടും ഇതുവരെ സർക്കാർ പ്രഖ്യാപിച്ച ഗുണഭോക്തൃ പട്ടികകളിൽ ഉൾപ്പെടാത്തത്.
പുനരധിവാസത്തിനായി പ്രസിദ്ധീകരിച്ച രണ്ടാംഘട്ട (ബി) പട്ടികയുടെ മാനദണ്ഡം സംബന്ധിച്ചുള്ള ഉത്തരവിൽ നോ ഗോ സോണിൽ നിന്ന് 50 മീറ്റർ പരിധിയിൽ ഒറ്റപ്പെട്ട
വീടുകൾ എന്നു രേഖപ്പെടുത്തിയതാണ് പാടികളിലെ കുടുംബങ്ങൾക്ക് തിരിച്ചടിയായത്. പാടികളെന്നു ഉത്തരവിൽ സൂചിപ്പിച്ചിട്ടില്ലാത്തതിനാൽ അധികൃതർ കയ്യൊഴിഞ്ഞു.
ഉത്തരവ് തിരുത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടികളുണ്ടായിട്ടില്ലെന്നു ഇവർ പറയുന്നു. 2019ലെ പുത്തുമല ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്നും പാടികളിൽ താമസിച്ച കുടുംബങ്ങളെ ഒഴിവാക്കിയിരുന്നു.
ഇവിടെയും ഇതാവർത്തിക്കുമോയെന്ന ആശങ്കയിലാണു മുണ്ടക്കൈയിലെയും അട്ടമലയിലെയും റാട്ടപ്പാടിയിലെയും കുടുംബങ്ങൾ.
അന്തിമ പട്ടിക എവിടെ?
പട്ടികയിൽ ഉൾപ്പെടാതെ പോയ കുടുംബങ്ങളുടെ പരാതികൾ പരിഹരിക്കാനായി ലാൻഡ് റവന്യൂ കമ്മിഷണർ അധ്യക്ഷനായി സമിതി രൂപീകരിച്ച് കഴിഞ്ഞ 17ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. അപ്പീൽ കമ്മിറ്റിയുടെ ശുപാർശ പ്രകാരമുള്ള 17 അപ്പീലുകളിലുൾപ്പെടെ എല്ലാ അപേക്ഷകളിലും ഹിയറിങ് നടത്തി കഴിഞ്ഞ 31 മുൻപ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.
എന്നാൽ, ഇതുവരെയായിട്ടും പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. സമിതിയുടെ ഹിയറിങ് നടപടികൾ പ്രഹസനമായിരുന്നെന്നും ദുരന്തബാധിതർ പരാതിപ്പെട്ടിരുന്നു.
ഹിയറിങ്ങിനായി എത്തിയവരെ നേരിൽക്കാണാൻ സമിതി തയാറായിരുന്നില്ല. ഓൺലൈൻ ഹിയറിങ്ങിനായി നൽകിയ ലിങ്കിലെ സാങ്കേതിക തകരാർ കാരണം പലർക്കും കയറാനാമായിരുന്നില്ല.
ഹിയറിങ് പൂർത്തിയായെങ്കിലും പട്ടിക ഇതുവരെയായിട്ടും സർക്കാരിന് സമർപ്പിച്ചിട്ടില്ലെന്നാണു സൂചന. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

