പനമരം ∙ ജില്ലയിലെ കൃഷിയിടങ്ങളിൽ മിക്ക കൃഷികൾക്കും മഞ്ഞളിപ്പും ഓല കരിച്ചിലും വ്യാപിക്കുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. നെല്ലിന് ഭീഷണിയായി ഓല കരിച്ചിലും മഞ്ഞളിപ്പും വ്യാപകമാകുന്നതിന് പുറമേയാണ് കമുക്, കുരുമുളക്, കാപ്പി, തെങ്ങ് ഇഞ്ചി അടക്കമുള്ള കൃഷികൾക്കും മഞ്ഞളിപ്പും ഇല കരിച്ചിലും ബാധിച്ച് കൃഷി തന്നെ നശിക്കുന്ന അവസ്ഥ.
കാലവർഷം കഴിഞ്ഞു വെയിൽ തെളിഞ്ഞതോടെ കുരുമുളകുകൃഷിയെ ബാധിക്കുന്ന മഞ്ഞളിപ്പ് രോഗം ഒരു ചെടിയിൽ നിന്നു മറ്റൊന്നിലേക്ക് അതിവേഗം പടരുന്നതിനൊപ്പം തന്നെ കമുകിനും മഞ്ഞളിപ്പും ഓല കരിച്ചിൽ രോഗവും പടരുകയാണ്.
വൈറസ് രോഗകാരിയായ വൈറൽ യെല്ലോയിങ് എന്ന മഞ്ഞളിപ്പുരോഗമാണ് മുൻപ് ഏറെയും കമുകിനു ബാധിച്ചത്. ഇപ്പോൾ കുമിൾ രോഗകാരിയായ ഓലകരിച്ചിൽ രോഗം മൂലമാണ് കമുകു കൃഷി ഇല്ലാതാകുന്നത്. ചൂടുവെള്ളം ഒഴിച്ചതു പോലുള്ള ഓലകരിച്ചിൽ രോഗത്തെ തുടർന്ന് കൃഷിയിടത്തിലെ കായ്ഫലമുള്ളതും അല്ലാത്തതുമായ കമുകുകൾ പട്ട
ഒടിഞ്ഞും ഉണങ്ങിയും നശിക്കുകയാണ്.വിവിധ രോഗങ്ങൾ മൂലം കഴിഞ്ഞ 10 വർഷത്തിനിടെ ജില്ലയിൽ നശിച്ച കമുകിൻ തോട്ടങ്ങൾ ഒട്ടേറെയാണ് 13000 ഹെക്ടർ കമുകിൻ തോട്ടങ്ങളിൽ 90 ശതമാനത്തെയും രോഗബാധ അലട്ടുന്നുണ്ടെന്ന് കൃഷി വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. വൈറസ്, കുമിൾ വഴിയാണ് രോഗബാധയെന്നതിനാൽ ഫലപ്രദമായ പ്രതിവിധിയില്ല.
പുതുതായി പ്ലാന്റ് ചെയ്ത തോട്ടങ്ങളിലും പുനരുദ്ധാരണം നടത്തി രണ്ടും മൂന്നും വർഷമായ കൃഷിയിടങ്ങളിലും പ്രായമായ കമുകും കുരുമുളകുചെടിയും മഞ്ഞളിപ്പ് രോഗത്തിന്റെ പിടിയിലാണ്.കുരുമുളകു ചെടിയുടെ ഇല മഞ്ഞ നിറത്തിലാകുന്നതോടെയാണ് മഞ്ഞളിപ്പ് രോഗം എന്ന സാവധാന വാട്ടത്തിന്റെ ആരംഭം.
പിന്നീട് ഇലകളും തിരികളും കൊഴിയുകയും കണ്ണിത്തല മുറിഞ്ഞ് ഉണങ്ങിനശിക്കുകയും ചെയ്യും. പനമരം, പൂതാടി പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലാണ് കുരുമുളക് അടക്കമുള്ള കൃഷികൾക്ക് മഞ്ഞളിപ്പ് രോഗം കൂടുതലായി കാണുന്നത്.രോഗബാധയ്ക്കു പുറമേ വിളയുടെ വിലയിടിവും കർഷകരുടെ നട്ടെല്ലൊടിക്കുന്നു.
കൃഷികളെ ബാധിക്കുന്ന രോഗങ്ങളെ പൂർണമായും നിയന്ത്രിക്കുന്നതിനുള്ള മരുന്നുകൾ കണ്ടുപിടിച്ചില്ലെങ്കിൽ ഭാവിയിൽ കൃഷിയോട് വിടപറയേണ്ടി വരുമെന്ന് കർഷകർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]