ചൗണ്ടേരിക്കുന്ന് ∙ വോട്ടുകൊള്ള വിവാദത്തിൽ ഉൾപ്പെട്ട് ഒറ്റദിവസം കൊണ്ടു ദേശീയശ്രദ്ധ നേടി കണിയാമ്പറ്റ വരദൂരിനടുത്തുള്ള ചൗണ്ടേരിക്കുന്ന് ഗ്രാമം. അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണെങ്കിലും രാജ്യതലസ്ഥാനത്തുവരെ ചൗണ്ടേരിക്കുന്ന് ചർച്ചാവിഷയമായി.
വയനാട് മണ്ഡലത്തിൽ വോട്ടുകൊള്ള നടന്നുവെന്ന് സ്ഥാപിക്കാനായി ബിജെപി എംപി അനുരാഗ് ഠാക്കൂർ ആണ് ചൗണ്ടേരിക്കാരെയും വലിച്ചിഴച്ചത്. വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട ഒട്ടേറെപ്പേർ ഒരു വീട്ടിൽ താമസിക്കുന്നുവെന്നും ഇതു വ്യാജവോട്ട് ചേർത്തതിനു തെളിവാണെന്നുമായിരുന്നു അനുരാഗ് ഠാക്കൂറിന്റെ ആരോപണം.
ഇതോടെ, ദേശീയമാധ്യമങ്ങളുൾപ്പെടെ ചൗണ്ടേരിയെക്കുറിച്ചുള്ള അന്വേഷണത്തിലായി.
അതിനിടെ, നേതാവിന്റെ വാദം ഏറ്റെടുത്ത ചില ബിജെപി പ്രവർത്തകർ ചൗണ്ടേരിക്കുന്നിലെ വള്ളിയമ്മയുടെയും മറിയുമ്മയുടെയും പേരുകൾ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇരുവരും ചൗണ്ടേരി എന്ന വീട്ടിൽ താമസിക്കുന്നതു വ്യാജവോട്ടർമാരായതുകൊണ്ടാണെന്ന മട്ടിലായിരുന്നു വ്യാപക പ്രചാരണം. ഇതു തള്ളിക്കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഫേസ്ബുക്കിൽ പോസ്റ്റിട്ടു.
കണിയാമ്പറ്റ വരദൂരിനടുത്ത ചൗണ്ടേരിക്കുന്ന് എന്ന പ്രദേശത്തുള്ളവരിലധികവും വീട്ടുപേരായി ചൗണ്ടേരി എന്ന് ഉപയോഗിക്കുന്നവരാണ്.
ചൗണ്ടേരി, ചൗണ്ടേരിക്കുന്ന്, ചൗങ്ങേരി എന്നിങ്ങനെയാണ് ഈ പ്രദേശത്തെ മിക്ക വീട്ടുപേരുകളും. ജാതി–മത വ്യത്യാസമില്ലാതെ പൊതുവായ വീട്ടുപേര് ഉപയോഗിക്കുകയും ചെയ്യുന്നു.
ഇതു മറച്ചുവച്ച്, രാഷ്ട്രീയ നേട്ടത്തിനായി തങ്ങളുടെ വീട്ടുപേര് ദുരുപയോഗം ചെയ്തതിന്റെ പ്രതിഷേധത്തിലാണു ചൗണ്ടേരിക്കാർ. ചൗണ്ടേരിയിലേക്കു പലയിടങ്ങളിൽനിന്നായി കുടിയേറിയെത്തിയവർ പെട്ടെന്നു തിരിച്ചറിയാനായി സ്ഥലപ്പേരു തന്നെ വീട്ടുപേരായി സ്വീകരിക്കുകയായിരുന്നു.
പലരുടെയും ചില രേഖകളിൽ യഥാർഥ വീട്ടുപേരും റേഷൻ കാർഡ്, വോട്ടർ ഐഡി എന്നിവയിൽ ചൗണ്ടേരി എന്നും ആണ്.
ഇതേ അവസ്ഥ ജില്ലയിലെ പല സ്ഥലങ്ങളിലുമുണ്ട്. ചില ഗ്രാമങ്ങളിൽ അവിടുത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ പേര് പൊതുവായി വീട്ടുപേരായി സ്വീകരിക്കുന്ന പ്രവണതയുമുണ്ട്. ചൗണ്ടേരിക്കുന്ന് മാത്രമല്ല, പൊന്നങ്കര, കീരിപ്പറ്റ, പള്ളിക്കുന്ന്, മണിയങ്കോട്, മാനിക്കുനി, വാഴക്കണ്ടി, പാപ്ലശേരി തുടങ്ങി വയനാട്ടിലെ ഒട്ടേറെ വീട്ടുപേരുകൾ അതതു സ്ഥലപ്പേരു കൂടിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]