
വൈത്തിരി ∙ ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി കൊടും കുറ്റവാളിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ജില്ലയിലെ സ്ഥിരം കുറ്റവാളിയായ പൊഴുതന പെരുങ്കോട കാരാട്ട് വീട്ടിൽ കെ.
ജംഷീർ അലിയെയാണ് (41) അറസ്റ്റു ചെയ്തത്. ജയ്പൂരിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞദിവസം തിരുവനന്തപുരം വർക്കലയിൽ വച്ചാണ് ഇയാളെ പൊലീസ് സാഹസികമായി പിടികൂടിയത്.
മംഗലാപുരം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു ഇയാളെന്നു പൊലീസ് പറഞ്ഞു.
നിരന്തര കുറ്റവാളിയായ പ്രതിക്കെതിരെ വൈത്തിരി, മേപ്പാടി, ഷോളൂർമട്ടം, കൂനൂർ, കേണിച്ചിറ, കൽപറ്റ, പടിഞ്ഞാറത്തറ, വെള്ളമുണ്ട പൊലീസ് സ്റ്റേഷനുകളിലും എക്സൈസിലും കൊലപാതകം, മോഷണം, പോക്സോ, ലഹരിക്കടത്ത്, കവർച്ച, അടിപിടി തുടങ്ങി ഒട്ടേറെ ക്രിമിനൽ കേസുകളുണ്ട്. തമിഴ്നാട് ഷോളർമറ്റം പൊലീസ് സ്റ്റേഷൻ പരിധിയിൽ കോടനാട് എസ്റ്റേറ്റിൽ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി കെട്ടിതൂക്കി കവർച്ച നടത്തിയെന്ന കേസിലും ഇയാൾ വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ്.
കൂടാതെ, ഇയാൾ മുൻപും കാപ്പ നിയമ പ്രകാരമുള്ള നടപടിയുടെ ഭാഗമായി നാടുകടത്തപ്പെട്ടിട്ടുള്ളതും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതുമാണ്.
വീണ്ടും കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ടു വരികയായിരുന്ന ഇയാൾക്കെതിരെ കാപ്പ നിയമ പ്രകാരം ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ റിപ്പോർട്ട് പ്രകാരം കലക്ടർ ഡി.ആർ.മേഘശ്രീ ഉത്തരവിടുകയായിരുന്നു. ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
കൽപറ്റ ഡിവൈഎസ്പി പി.എൽ.ഷൈജുവിന്റെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടർ എൻ.വി.ഹരീഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ കെ.കെ.വിപിൻ, ഷബീർ അലി, സതീഷ് കുമാർ, വി.പി ഷഹീർ, മുഹമ്മദ് സക്കറിയ എന്നിവർ അടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]