
മാനന്തവാടി ∙ സർക്കസ് അഭ്യാസികൾക്ക് പോലും ഇരുചക്ര വാഹനവുമായി ചെറ്റപ്പാലം–വള്ളിയൂർക്കാവ് ബൈപാസിലൂടെ യാത്രചെയ്യാൻ കഴിയാത്ത വണ്ണം റോഡ് പാടേ തകർന്നു. ഈ റോഡിലൂടെ കുഴിയിൽ പെടാതെ ഒരു വാഹനവും കടന്ന് പോകില്ല എന്നതാണ് അവസ്ഥ.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ചെറ്റപ്പാലം വള്ളിയൂർക്കാവ് ബൈപാസ് റോഡ് ചെളിക്കുളമായി മാറിയിട്ട് നാളുകൾ ഏറെയാണ്. തോടിന് സമാനമായ പാതയിൽ അപകടങ്ങളും പതിവാണ്.
ചെറ്റപ്പാലം മുതൽ വള്ളിയൂർക്കാവ് വരെയുള്ള ഏതാണ്ട് ഒന്നര കിലോമീറ്റർ ദൂരമാണ് പാടേ തകർന്ന് കിടക്കുന്നത്. ഇതിലൂടെ വരടിമൂല പ്രദേശത്തേക്ക് ഓട്ടോറിക്ഷ വിളിച്ചാൽ പോലും ഡ്രൈവർമാർ വരാൻ കഴിയില്ലെന്ന് നിലപാടാണ് സ്വീകരിക്കാറ്. നിറയെ കുഴിയുള്ള റോഡിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽ പെടുന്നത് നിത്യ സംഭവമായി മാറിയിട്ടുണ്ട്.
പാടത്തിന് നടുവിലൂടെ കടന്നുപോകുന്ന റോഡ് ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ഉൾക്കൊള്ളാതെയാണ് നിർമിച്ചിട്ടുള്ളത്. ചതുപ്പ് നിലമായതിനാൽ റോഡിൽ കൂടുതൽ കലുങ്കുകളും സംരക്ഷണ ഭിത്തികളും നിർമിക്കേണ്ടതുണ്ട്. ഭാരവാഹനങ്ങളുടെ അനിയന്ത്രിതമായ ഒഴുക്കും യഥാസമയം അറ്റകുറ്റപ്പണികൾ നടക്കാത്തതും റോഡ് വേഗത്തിൽ തകരാൻ ഇടയാക്കുന്നുമുണ്ട്.
എത്ര വട്ടം അറ്റകുറ്റപ്പണികൾ നടത്തിയാലും ഉടനെ തകരുന്ന റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
ഈ കാര്യം കാണിച്ച് നഗരസഭ പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയിരുന്നു. മൈസൂരു റോഡിനെയും തലശ്ശേരി റോഡിനെയും ബന്ധിപ്പിക്കുന്ന ബൈപാസിന് 3.5 കിലോമീറ്റണാണ് ദൈർഘ്യം. 12 മീറ്റർ വീതിയിൽ റോഡും 7 മീറ്റർ വീതിയിൽ ടാറിങ്ങും കലുങ്ക്, ഡ്രൈനേജ് എന്നിവയും നിർമിക്കാൻ ഏകദേശം 10 കോടി രൂപ വേണ്ടി വരുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്ക്.
സർക്കാർ ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് റോഡ് ഏറ്റെടുക്കുമെന്ന് കാണിച്ച് എക്സിക്യുട്ടീവ് എൻജിനീയർ നഗരസഭയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. കാലതാമസം ഒഴിവാക്കി എത്രയും വേഘം റോഡ് ഏറ്റെടുത്ത് നവീകരണിക്കണെന്നും വലിയ കുഴികൾ അടച്ച് അപകടസാധ്യത ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]