
ഉരുൾപൊട്ടലിനു ശേഷം ഗതിമാറി ഒഴുകുന്നത് 6.9 കിലോമീറ്റർ; പുന്നപ്പുഴയെ പൂർവസ്ഥിതിയിലാക്കാൻ നടപടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചൂരൽമല ∙ കുത്തിയൊലിച്ചെത്തിയ ഉരുളിൽ ഗതിമാറ്റം സംഭവിച്ച പുന്നപ്പുഴയെ പൂർവസ്ഥിതിയിലാക്കാൻ സർക്കാർ നടപടി തുടങ്ങി. മഴക്കാലത്തിനു മുൻപു പുന്നപ്പുഴയിലെ ഉരുൾ അവശിഷ്ടം നീക്കുന്ന പ്രവൃത്തിയുടെ മുന്നോടിയായി പ്രാഥമിക ഡ്രോൺ സർവേ പൂർത്തിയാക്കി. പുഴയിൽ അടിഞ്ഞ ഉരുൾ അവശിഷ്ടങ്ങൾ നീക്കാൻ കഴിഞ്ഞ മാർച്ചിൽ 195.55 കോടി രൂപയുടെ പ്രവൃത്തികൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പ്രവൃത്തിയുടെ ചുമതല. ജലവിഭവ വകുപ്പിന്റെ മേൽനോട്ടത്തിൽ കഴിഞ്ഞദിവസമാണ് പ്രാഥമിക ഡ്രോൺ സർവേ പൂർത്തിയാക്കിയത്. ഉരുൾപൊട്ടലിൽ വലിയ പാറകളും കൂറ്റൻ മരങ്ങളും വീണ് ഒഴുക്കു തടസ്സപ്പെട്ട് മെലിഞ്ഞ പുഴയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് ലക്ഷ്യം.
ഉരുൾപൊട്ടലിന് പ്രതിരോധം തീർത്തു പുഴയെയും പരിസരങ്ങളെയും ആദ്യഘട്ടത്തിൽ സുരക്ഷിതമാക്കും. ഉരുൾപൊട്ടലിൽ അടിഞ്ഞു കൂടിയ മണ്ണും പാറകളും മരത്തടികളും നീക്കുകയാണ് പ്രധാന ദൗത്യം. ഗതിമാറി ഒഴുകുന്ന പുഴ നേരത്തെ ഉണ്ടായിരുന്ന വഴികളിലേക്ക് തിരിച്ചെത്തിക്കുന്ന പ്രവൃത്തിയും നടക്കും. ഉരുളിന്റെ അവശേഷിപ്പുകൾ മഴക്കാലത്ത് ഭീഷണി സൃഷ്ടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അടിയന്തരമായി പ്രവൃത്തി പൂർത്തിയാക്കും. 8 കിലോമീറ്റർ ദൂരത്തിൽ ഒഴുകിയിരുന്ന പുഴ ഉരുൾപൊട്ടലിനു ശേഷം 6.9 കിലോമീറ്ററോളം ഗതിമാറി ഒഴുകുകയാണ്.
ചതുരാകൃതിയിൽ നെറ്റ് സ്ഥാപിച്ച് അതിൽ കല്ലിറക്കി ഉറപ്പിക്കുന്ന ഗാബിയോൺ നിർമാണ രീതിയിലാകും സംരക്ഷണം തീർക്കുക. പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ 6.9 കിലോമീറ്റർ ദൂരത്തിലാണിത്. ഇതോടൊപ്പം കരയിലെ ഉരുൾ അവശിഷ്ടങ്ങളും നീക്കും. സ്ഥലം കൃഷിക്ക് അനുയോജ്യമാക്കി മാറ്റും. പുഴ സംരക്ഷണത്തിന് പുറമേ, ഉരുൾപൊട്ടലിന്റെ ഉത്ഭവ കേന്ദ്രത്തിൽ ഡിജിറ്റൽ മുന്നറിയിപ്പ് സംവിധാനം ഒരുക്കാനും പദ്ധതിയുണ്ട്. പുതിയ പാലവും റോഡും ഉൾപ്പെടെ വേഗത്തിൽ യാഥാർഥ്യമാക്കി ചൂരൽമല ടൗൺ പുനർനിർമിക്കാനുള്ള പ്രവൃത്തികളും ഉടൻ ആരംഭിക്കും.