കൽപറ്റ ∙ എയർസ്ട്രിപ് സാധ്യതാപഠനത്തിനു വീണ്ടും സാധ്യത തെളിഞ്ഞതോടെ വയനാടിന്റെ വികസന ഭൂപടത്തിൽ പുതിയൊരു അധ്യായം കൂടി തുറക്കുന്നു. എയർസ്ട്രിപ് സാധ്യതാപഠനത്തിനായി വിദഗ്ധസംഘം വൈകാതെ എത്തുമെന്നാണ് അറിയിപ്പ്.
ജില്ലയുടെ വിനോദസഞ്ചാര, ഗതാഗത, വാണിജ്യ, കൃഷി മേഖലകളിൽ വൻ വിപ്ലവത്തിനു കാരണമാകുന്നതാണ് എയർസ്ട്രിപ് പദ്ധതി. പനമരം ചീക്കല്ലൂരിലെ ഭൂമിക്കാണു നിലവിൽ മുൻഗണനയെങ്കിലും വാര്യാട്, ചേലോട്, കാരാപ്പുഴ മേഖലകളും സംഘത്തിന്റെ പരിഗണനയിലുണ്ട്.
മുൻപ് നൈറ്റ് ഫ്രാങ്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ പഠനത്തിൽ ചീക്കല്ലൂർ പ്രദേശം എയർസ്ട്രിപ്പിന് അനുയോജ്യമാണെന്നു കണ്ടെത്തിയിരുന്നു. വിമാനത്താവളത്തിനാവശ്യമായ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുണ്ടെന്നതും വയനാട്ടിലെ 3 താലൂക്കുകളിൽനിന്നും എളുപ്പത്തിൽ എത്തിച്ചേരാനാകുമെന്നതും ചീക്കല്ലൂരിനുള്ള സാധ്യത വർധിപ്പിക്കുന്നു.
രാജ്യാന്തര ടൂറിസം ഭൂപടത്തിൽ വയനാടിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതാകും എയർസ്ട്രിപ്.
ചാർട്ടേഡ് വിമാനങ്ങൾക്കും ചെറുവിമാനങ്ങൾക്കും വയനാട്ടിലേക്കു നേരിട്ടെത്താനാകുമെന്ന സാഹചര്യത്തിൽ ആഡംബര ടൂറിസം, വെൽനെസ് ടൂറിസം എന്നിവയിലും വൻ സാധ്യതകൾ തുറക്കുമെന്നുറപ്പ്. എയർ ആംബുലൻസ് സൗകര്യം കൂടുതലായി പ്രയോജനപ്പെടുത്താമെന്നതിനാൽ, വിദഗ്ധ ചികിത്സ തേടി പുറത്തേക്കുള്ള യാത്രയ്ക്കിടെ ചുരത്തിലെ ഗതാഗതക്കുരുക്കിൽ മനുഷ്യജീവൻ പൊലിയുന്ന സ്ഥിതിയുമുണ്ടാകില്ല.
പ്രളയം, ഉരുൾപൊട്ടൽ പോലുള്ള പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ ദുരന്തനിവാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും എയർസ്ട്രിപ് സഹായിക്കും. വയനാടൻ സുഗന്ധവ്യഞ്ജനങ്ങൾ, കാപ്പി, പൂക്കൾ എന്നിവ വേഗത്തിൽ വിദേശ വിപണികളിലേക്കെത്തിക്കാനുള്ള കാർഗോ സൗകര്യവും എയർസ്ട്രിപ്പിൽ ഏർപ്പെടുത്താം.
കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളുമായി വയനാടിനെ ബന്ധിപ്പിക്കുന്ന ‘ഫീഡർ സർവീസുകൾ’ ആരംഭിക്കാനാകുമെന്നതും നേട്ടം.
ബെംഗളൂരു, മൈസൂരു നഗരങ്ങളോടു ചേർന്നു കിടക്കുന്ന എയർസ്ട്രിപ് വഴി കൂടുതൽ വിനോദ സഞ്ചാരികൾ വ്യോമമാർഗം വയനാട്ടിലെത്തും. എയർസ്ട്രിപ് വന്നാൽ, കൊച്ചിയിൽ വിമാനമിറങ്ങി മൂന്നാറിലേക്കും ആലപ്പുഴയിലേക്കും പോകാനിരിക്കുന്നവരുടെ ‘ബക്കറ്റ് ലിസ്റ്റി’ൽ വയനാടും ഇടംപിടിക്കും.
പദ്ധതിക്കായി നേരത്തെ തന്നെ തുക അനുവദിച്ചിട്ടുള്ളതു ശുഭസൂചനയാണ്. നിലവിൽ ചീക്കല്ലൂർ പ്രഥമ പരിഗണനയിൽ ഉള്ളതിനാൽ, സ്ഥലമേറ്റെടുപ്പും തുടർനടപടികളും വേഗത്തിലാകുകയും കുറച്ചു വർഷങ്ങൾക്കുള്ളിൽത്തന്നെ ജില്ലയിൽ വിമാനമിറങ്ങുന്നതു കാണാനാകുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണു വയനാട്ടുകാർ.
വയനാടിന്റെ ചിറകിൽ കുതിക്കും കേരളം
തുരങ്കപ്പാത നിർമാണത്തിന്റെ പ്രാഥമിക ജോലികൾ പുരോഗമിക്കുന്നതിന്റെയും പടിഞ്ഞാറത്തറ–പൂഴിത്തോട് ചുരമില്ലാപ്പാതയുടെ ഡിപിആർ നടപടികൾക്കു തുടക്കം കുറിച്ചതിന്റെയും ചിപ്പിലിത്തോട്–മരുതിലാവ് ബൈപാസ് ഡിപിആർ തയാറാക്കാൻ ടെൻഡർ ആയതിന്റെയും പിന്നാലെയാണ് എയർസ്ട്രിപ് പദ്ധതിക്കും ചിറകുമുളയ്ക്കുന്നത്.
ഇവയെല്ലാം നടപ്പിലായാൽ റോഡ്, വ്യോമ ഗതാഗതത്തിലൂടെ വയനാടിന്റെ കണക്ടിവിറ്റി ഏറെ മെച്ചപ്പെടുകയും ടൂറിസം–കൃഷി മേഖലയിലുൾപ്പെടെ അടിസ്ഥാന സൗകര്യവികസനത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാകുകയും ചെയ്യും.
നിലമ്പൂർ–നഞ്ചൻകോഡ് റെയിൽപാതയും ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള രാത്രിയാത്രാനിരോധനത്തിനു പരിഹാരമായി കേന്ദ്രസർക്കാർ നിർദേശിച്ച തുരങ്കപ്പാതയും യാഥാർഥ്യമായാൽ ദക്ഷിണേന്ത്യയിലെ ഏറെ പ്രാധാന്യമുള്ള ചരക്ക് ഇടനാഴിയെന്ന നിലയിലും വയനാടിനു മാത്രമല്ല, കേരളത്തിനാകെയും നേട്ടമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

