പുൽപള്ളി ∙ കഷ്ടപ്പെട്ട് നട്ടുവളർത്തി പരിപാലിച്ച നെല്ലുമുഴുവൻ കാട്ടാനയും കാട്ടുപന്നിയും തിന്നുതീർത്തതിന്റെ വേദനയിലാണ് പള്ളിച്ചിറ പാടത്തെ കർഷകർ. മൂന്നുഭാഗം വനത്താൽ ചുറ്റപ്പെട്ട
ഇവിടെ വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളുണ്ടെങ്കിലും വൈദ്യുത കമ്പിപൊട്ടിച്ച് പാടത്തേക്കു കടന്നുവരുന്ന ആനകളും ഇരുട്ടിന്റെ മറവിൽ പാടത്തെവിടെയുമെത്തുന്ന പന്നിക്കൂട്ടങ്ങളും ഇത്തവണ കർഷകരുടെ വയറ്റത്തടിച്ചു.ഈ പ്രദേശത്ത് ഇതുപോലെ കാട്ടുപന്നിശല്യം മുൻപുണ്ടായിട്ടില്ലെന്നു കർഷകർ പറയുന്നു.
പന്തവും പടക്കവുമായി കർഷകർ പാടത്തിറങ്ങുമ്പോൾ നെല്ലിനിടയിൽ കൂടി ഊളിയിടുന്ന പന്നികൾ മറുഭാഗത്തെത്തി കൃഷി തകർക്കും. അവിടെ ശബ്ദമോ വെളിച്ചമോ ഉണ്ടായാലുടൻ അവ വേറെ ഭാഗത്തേക്കു നീങ്ങുന്നു.
പന്നിക്കൂട്ടം ദിവസങ്ങൾക്കുള്ളിൽ പാടം തരിപ്പണമാക്കുന്നു. വയലിൽ മാടംകെട്ടി കാവലിരുന്നിട്ടും പ്രയോജനമില്ലാത്ത അവസ്ഥ.പാടവരമ്പിലൂടെ രാത്രി ധൈര്യമായി നടക്കാനും കർഷകർ ഭയപ്പെടുന്നു.
കാട്ടുപന്നി മനുഷ്യരുടെ നേരെ തിരിഞ്ഞ് ആക്രമിക്കും.
ഇവിടെ തണൽ സ്വാശ്രയസംഘം ഒരേക്കറിൽ കൃഷിയിറക്കിയെങ്കിലും പകുതി സ്ഥലത്തെ വിളയപ്പാടെ ആനയും പന്നിയും നശിപ്പിച്ചു. കാട്ടുപന്നിയുണ്ടാക്കുന്ന കൃഷിനാശത്തിന് ഒരു പരിഹാരവുമില്ല.കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ നിയമവും സംവിധാനവുമുണ്ടെങ്കിലും അതൊന്നും നടപ്പാകുന്നില്ലെന്നു കർഷകർ പറയുന്നു.
ഓരോ പഞ്ചായത്തിലും ഷൂട്ടർമാരെയും നിയോഗിച്ചിട്ടുണ്ട്.
ഇപ്പോൾ ഷൂട്ടർമാരുടെ തോക്കുകൾ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പൊലീസ് കസ്റ്റഡിയിലാണ്. വിളവെടുപ്പുകാലത്ത് ഷൂട്ടർമാരുടെ തോക്കുകൾ പിടിച്ചുവച്ചതിനെതിരെ തോക്കുടമകൾ പ്രതിഷേധമറിയിച്ചിട്ടും നടപടിയില്ല. ആനയും പന്നിയുമെല്ലാം തിന്നതിന്റെ ബാക്കിയായി പാടത്ത് അവശേഷിക്കുന്ന കതിരുകൾ പെറുക്കുന്നതിന്റെയും കുറ്റിയായി നിൽക്കുന്ന നെല്ല് കൊയ്തെടുക്കുന്നതിന്റെയും തിരക്കിലാണ് ഇവിടുത്തെ കർഷകർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

