
കേണിച്ചിറ ∙ പൂതാടി പഞ്ചായത്തിൽ കേളമംഗലം ഒരുമിടാവ് പാടശേഖരത്തിലിറങ്ങിയ കാട്ടാന കർഷകരുടെ ഞാറ്റടി നശിപ്പിച്ചു. ഒരുമിടാവ് ഗോപാലകൃഷ്ണൻ, ഭാര്യ ഗീത, ഇവരുടെ ബന്ധുവായ കൃഷ്ണൻ എന്നിവരുടെ 3 ഏക്കർ വയലിലേക്കു ഒരാഴ്ചകൊണ്ടു പറിച്ചുനടാനിരുന്ന ഞാറാണ് ഒറ്റയാൻ തിന്നും ചവിട്ടിയും നശിപ്പിച്ചത്. കാട്ടാന ഞാറ് നശിപ്പിച്ചതിനാൽ ഇനി മുഴുവൻ വയലിലും കൃഷി ഇറക്കണമെങ്കിൽ മറ്റു കർഷകർക്ക് നാട്ടിക്കു ശേഷം ഞാറ് ബാക്കി വന്നാലേ കഴിയുകയുള്ളു.
പാതിരി സൗത്ത് സെക്ഷനിലെ കേളമംഗലം ഒരുമിടാവ് ഭാഗത്തു നിന്നിറങ്ങുന്ന കാട്ടാനയാണു കഴിഞ്ഞ 20 ദിവസമായി കൃഷിയിടത്തിലിറങ്ങി കൃഷികൾ നശിപ്പിച്ച് കർഷകരെ കണ്ണീരു കുടിപ്പിക്കുന്നത്.
മുൻ വർഷങ്ങളിലും ഞാറ് പറിച്ചു നടും മുൻപ് കാട്ടാന വയലിൽ ഇറങ്ങാറുണ്ടെങ്കിലും ആദ്യമായാണ് ഇക്കുറി വിത്ത് പാകിയ വയലിൽ ഇറങ്ങി ഞാറ് നശിപ്പിച്ചതെന്ന് കർഷകർ പറയുന്നു. കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനക്കൂട്ടത്തെ പടക്കം പൊട്ടിച്ചും ഒച്ചവച്ചും ഓടിക്കാൻ ശ്രമിച്ചാലും കൃഷിയിടത്തിൽ നിന്ന് പിൻമാറാൻ കൂട്ടാക്കുന്നില്ല. സന്ധ്യയോടെ വനത്തിൽ നിന്നിറങ്ങുന്ന കാട്ടാനക്കൂട്ടം പ്രദേശത്ത് വ്യാപക നാശനഷ്ടമാണ് വരുത്തിയത്.
ഞാർ നശിപ്പിച്ചതിന് പുറമേ ഇവരുടെയും മറ്റു പല കർഷകരുടെയും വാഴ, കപ്പ, കമുക്, തെങ്ങ്, കാപ്പി തുടങ്ങി കൃഷികളും കയ്യാലകളും കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്.
കാട്ടാനശല്യം മൂലം പ്രദേശത്തെ ജനങ്ങൾക്ക് സമാധാനമായി കഴിയാൻ പറ്റാതായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നും, വനാതിർത്തിയിൽ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച വൈദ്യുത വേലിയും കിടങ്ങും തകർന്നു കിടക്കുന്നതും അറ്റകുറ്റപ്പണി നടത്താത്തതും കാവൽക്കാരെ നിയമിക്കാത്തതുമാണു ഈ ഭാഗത്ത് കാട്ടാനശല്യം രൂക്ഷമാകാൻ കാരണമെന്നും നാട്ടുകാർ പറയുന്നു. പ്രദേശത്ത് തൂക്കുവേലി പോലുള്ള പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കാതെ പ്രദേശത്തെ വയലുകളിൽ കഷ്ടപ്പെട്ട് കൃഷിയിറക്കിയിട്ട് കാര്യമില്ലെന്നും കർഷകർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]