
കൽപറ്റ ∙ മേയ് ആദ്യം നേരത്തെ തുടങ്ങിയ വേനൽമഴയ്ക്കു പിന്നാലെ ഇടവേളയില്ലാതെ മഴക്കാലമായതോടെ കാർഷിക നാണ്യവിളകൾക്കു മോശം കാലം. ഈ മഴക്കാലത്ത് രണ്ടുതവണ വെള്ളം കയറിയതിനാൽ വ്യാപക കൃഷിനാശമാണുണ്ടായത്.
പതിവിനു വിപരീതമായി ഇത്തവണ മേയ് അവസാനത്തോടെ ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായി. ചെറിയ ശമനത്തിനു ശേഷം ജൂണിൽ മഴ വീണ്ടും ശക്തമാവുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിരുന്നു.
പിന്നീടും ശക്തമായ മഴയാണു തുടരുന്നത്.
കാപ്പി, ജാതിക്ക, കുരുമുളക്, അടയ്ക്ക, ഏലം എന്നീ കൃഷികൾക്കു തുടർച്ചയായ മഴ രോഗബാധ വരുത്തുകയാണ്. രണ്ടോ മൂന്നോ ആഴ്ച തുടർച്ചയായി മഴ ലഭിച്ചാൽ കാപ്പിക്കുരുക്കളിൽ വെള്ളം കെട്ടി നിന്ന് അഴുകൽ, ഞെട്ട് ചീയൽ രോഗം ബാധിക്കും.
ഇത്തവണ മഴ ആരംഭിച്ചിട്ടു 2 മാസത്തോളമായി. കാപ്പിത്തോട്ടങ്ങളിൽ കാപ്പിക്കുരു കൊഴിഞ്ഞു വീഴുന്നുണ്ട്.
അടയ്ക്കയ്ക്കു നേരത്തെ തന്നെ രോഗബാധ ഉണ്ട്.
അധിക മഴ കൂടി ആയതോടെ, കായ് പിടിക്കുന്നതിനൊപ്പം കൊഴിഞ്ഞു പോവുകയാണ്. കുരുമുളക്, ജാതിക്ക എന്നിവയ്ക്കെല്ലാം തുടർച്ചയായ മഴ ദോഷകരമാണ്.
കുരുമുളക് വള്ളികളുടെ തണ്ടുകൾ അഴുകി ഒടിഞ്ഞു വീഴുകയാണ്. ജാതിക്കയും കൊഴിയുന്നുണ്ട്.
മഴ ഇനിയും തുടർന്നാൽ അടുത്ത ഉൽപാദനത്തെ കാര്യമായി ബാധിക്കും.
47.46 കോടി രൂപയുടെ കൃഷിനാശം
മേയിൽ തുടങ്ങി ജൂലൈ ആദ്യവാരം ഉണ്ടായ കാലവർഷത്തിൽ ജില്ലയിലെ 4234 കർഷകരുടെ 477 ഹെക്ടറിലെ വിള നശിച്ചതായാണ് പ്രാഥമിക കണക്ക്. വാഴയ്ക്കും നെല്ലിനുമാണു കൂടുതൽ നാശനഷ്ടമുണ്ടായിട്ടുള്ളത്.
388 കർഷകരുടെ 138 ഹെക്ടർ സ്ഥലത്തെ നെൽക്കൃഷി നശിച്ചിട്ടുണ്ട്.3051കർഷകരുടെ 309 ഹെക്ടർ സ്ഥലത്തെ 7,71,992 കുലച്ചതും കുലക്കാറായതുമായ വാഴ കാറ്റിൽ നിലം പൊത്തി. പച്ചക്കറി, ഇഞ്ചി, മരച്ചീനി, നാണ്യവിളകൾ ഉൾപ്പെടെയുള്ള കൃഷികളെയും കാറ്റും മഴയും സാരമായി ബാധിച്ചിട്ടുണ്ട്.
47.46 കോടിയിലേറെ രൂപയുടെ നാശനഷ്ടം കാർഷിക മേഖലയിൽ ഉണ്ടായതായി ഔദ്യോഗികമായി കണക്കാക്കിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]