
പനമരം∙ ഒരു പകൽ മുഴുവൻ ജനവാസ മേഖലയിൽ ഭീതി പരത്തിയ കാട്ടാനകളെ വനത്തിലേക്ക് തുരത്താനായില്ല. പുഞ്ചവയൽ പൊതുവിതരണ കേന്ദ്രത്തിനു പിന്നിലെ സ്വകാര്യ കൃഷിയിടത്തിൽ തമ്പടിച്ച 4 കാട്ടാനകളാണ് വനത്തിലേക്ക് മടങ്ങാൻ കൂട്ടാക്കാതെ ഒരു പ്രദേശത്തെ ജനങ്ങളെയാകെ ഭീതിയിലാഴ്ത്തി ജനവാസ കേന്ദ്രത്തിൽ തുടരുന്നത്. കൃഷിയിടത്തിൽ നിന്ന് കാട്ടാനകൾ രാത്രി സ്വമേധയാ വനത്തിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിലാണ് വനപാലകരും നാട്ടുകാരുമുള്ളത്.
അല്ലാത്തപക്ഷം ഇന്നു രാവിലെ കൂടുതൽ സന്നാഹങ്ങൾ ഒരുക്കി വനത്തിലേക്ക് തുരത്താൻ നടപടി സ്വീകരിക്കുമെന്നു വനപാലകർ പറഞ്ഞു. പാതിരി സൗത്ത് സെക്ഷൻ വനത്തിലെ മണൽവയൽ ഭാഗത്തു നിന്നിറങ്ങിയ കാട്ടാനകളാണ് നേരം പുലർന്നിട്ടും വനത്തിലേക്ക് മടങ്ങാൻ കൂട്ടാക്കാതെ കൃഷിയിടത്തിൽ തമ്പടിച്ചത്.
ഇന്നലെ രാവിലെ തന്നെ കാട്ടാനകൾ കൃഷിയിടത്തിൽ തമ്പടിച്ച വിവരം അറിഞ്ഞ് ആനയെ തുരത്താൻ പുൽപള്ളി ഫോറസ്റ്റ് സെക്ഷൻ ഡപ്യൂട്ടി റേഞ്ച് ഓഫിസർ എ.നിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയെങ്കിലും പകൽ തുരത്തേണ്ട
എന്ന നാട്ടുകാരുടെ നിർദേശത്തെ തുടർന്ന് വനപാലകർ പകൽ മുഴുവൻ കാട്ടാനകൾ തമ്പടിച്ച കൃഷിയിടത്തിനു ചുറ്റും നിരീക്ഷണം ഏർപ്പെടുത്തി. തുടർന്ന് വൈകിട്ട് 6.25 ന് പടക്കം പൊട്ടിച്ച് തുരത്താൻ ശ്രമിച്ചെങ്കിലും കാട്ടാനകൾ നിലയുറപ്പിച്ച തോട്ടത്തിനുള്ളിൽ തലങ്ങും വിലങ്ങും നടന്നതല്ലാതെ കൃഷിയിടത്തിൽ നിന്ന് പുറത്തേക്കിറങ്ങാൻ കൂട്ടാക്കിയില്ല.
പകൽ 3 തവണ കാട്ടാനകൾ കൃഷിയിടത്തിൽ നിന്ന് പുറത്തിറങ്ങുന്നതിനു പാതയോരം വരെ എത്തിയെങ്കിലും വാഹനങ്ങൾ വന്നതോടെ വീണ്ടും കൃഷിയിടത്തിലേക്ക് തന്നെ മടങ്ങി. വനത്തിൽ നിന്നിറങ്ങിയ കാട്ടാനകൾ നരസി പുഴയും രണ്ട് പ്രധാന റോഡും കടന്ന് പുഞ്ചവയൽ അങ്ങാടിക്കു സമീപത്തെ ജയപ്രകാശിന്റെ വളർത്തുനായയുടെ കൂടിനും വീടിനും ഇടയിലൂടെയാണ് അങ്ങാടിയിലെ പൊതുവിതരണ കേന്ദ്രത്തിന് പിന്നിലെ കൃഷിയിടത്തിൽ തമ്പടിച്ചത്.
ഒരു മാസത്തിലേറെയായി സ്ഥിരമായി പുഞ്ചവയൽ മേഖലയിലിറങ്ങുന്ന കാട്ടാനക്കൂട്ടം ഒട്ടേറെ കർഷകരുടെ കാപ്പി അടക്കമുള്ള കൃഷി നശിപ്പിച്ചു.
ക്രാഷ് ഗാർഡ് വേലി നിർമാണത്തിനായി വനാതിർത്തിയിൽ മുൻപുണ്ടായിരുന്ന പ്രതിരോധ സംവിധാനങ്ങൾ തകർത്തതാണ് കാട്ടാനശല്യം വർധിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]