പാടിച്ചിറ ∙ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന് വിളിച്ചുചേർത്ത കോൺഗ്രസ് വികസനസെമിനാർ കയ്യാങ്കളിയുടെയും പോർവിളിയുടെയും വേദിയായി. ഇരുപക്ഷമായി തിരിഞ്ഞ പ്രവർത്തകരും നേതാക്കളും തമ്മിൽ ഏറെനേരം വാക്കുതർക്കവും ബഹളവുമുണ്ടായി.സംഘർഷമായതോടെ യോഗംഉപേക്ഷിച്ച് ഭാരവാഹികൾ മടങ്ങി.ബഹളമുണ്ടാക്കിയ പ്രവർത്തകരെ ശാന്തരാക്കാൻ സ്റ്റേജിൽ നിന്നിറങ്ങിയപ്പോഴാണ് ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനുനേരെ കയ്യേറ്റശ്രമമുണ്ടായത്.
എന്നാൽ തന്നെ ആരും മർദിച്ചിട്ടില്ലെന്ന് എൻ.ഡി.അപ്പച്ചൻ പറഞ്ഞു.
ഡിസിസി സെക്രട്ടറിമാരായ പി.ഡി.സജി, എൻ.യു.ഉലഹന്നൻ, ഒ.ആർ.രഘു, ബീനാജോസ്, ബ്ലോക്ക്പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ അടക്കമുള്ള നേതാക്കൾ വേദിയിലിരിക്കെയാണ് പാർട്ടിക്ക് നാണക്കേടും അവമതിപ്പുമുണ്ടാക്കിയ അനിഷ്ടസംഭവങ്ങൾ യോഗസ്ഥലമായ ബാങ്ക് ഓഡിറ്റോറിയത്തിലുണ്ടായത്.സെമിനാറിൽ പങ്കെടുക്കുമെന്നറിയിച്ച എംഎൽഎ അടക്കമുള്ളവർ എത്തിയില്ല.
സെമിനാർ കലക്കുമെന്ന് നേരത്തെതന്നെ പ്രചാരണമുണ്ടായിരുന്നു.അതിനുള്ള ആസൂത്രിത നീക്കങ്ങൾ ചിലർ നടത്തിയെന്ന് ഔദ്യോഗികവിഭാഗം ആരോപിക്കുന്നു. പൊലീസും സ്ഥലത്തുണ്ടായിരുന്നു.
പാർട്ടി നേതൃത്വത്തിനു നൽകിയ പരാതി പരിഹരിക്കാതെ യോഗം നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലുറച്ചായിരുന്നു വിമതവിഭാഗം. ആരോപണ വിധേയരെ സംരക്ഷിക്കുകയും നാട്ടിൽ പാർട്ടിയെ വളർത്താൻ കഷ്ടപ്പെട്ടവരെ ഒതുക്കാനുമുള്ള നീക്കം അനുവദിക്കില്ലെന്ന് അവർ പറയുന്നു.
മുള്ളൻകൊല്ലിയിൽ മണ്ഡലം പുനഃസംഘടനയോടെയാരംഭിച്ച വിഭാഗീയത അനുദിനം രൂക്ഷമാകുന്നു.മണ്ഡലം പ്രസിഡന്റിനെ എതിർത്ത് ഒരുവിഭാഗം കെപിസിസി നേതൃത്വത്തിനു പരാതി നൽകിയിരുന്നു.
അതിനു പിന്നാലെ പരസ്യപ്രസ്താവനകളും ആരോപണങ്ങളും തുരുതുരായിറങ്ങി. ഇതിൽപെട്ട
ചിലർക്കെതിരെ ഡിസിസി അച്ചടക്ക നടപടിയെടുത്തെങ്കിലും പ്രശ്നപരിഹാരമായില്ല.
പഞ്ചായത്തിലെ ക്വാറി വിവാദവുമായി ബന്ധപ്പെട്ടാണ് വീണ്ടും പാർട്ടിയിൽ സ്ഫോടനമുണ്ടായത്. പഞ്ചായത്ത് പ്രസിഡന്റ്, സ്ഥിരം സമിതി അധ്യക്ഷൻ എന്നിവർക്കെതിരെ പാർട്ടിയിൽ നിന്നുതന്നെ വിമർശനവും പരാതിയുമുണ്ടായി.അതോടെ അവരെ അനുകൂലിക്കുന്നവരും വാർഡ് കമ്മിറ്റികളും മണ്ഡലംനേതൃത്വവുമായി നിസ്സഹകരണം ആരംഭിച്ചു.
ക്വാറിയുടെപേരിൽ ഇപ്പോൾ ആർക്കും പരാതിയില്ല.അവയുടെ പ്രവർത്തനം ഊർജിതമായി നടക്കുന്നു. എന്നാൽ അതിന്റെ പേരിൽ പാർട്ടിയിലാരംഭിച്ച വെടിക്കെട്ട് തുടരുന്നു.
മുള്ളൻകൊല്ലിയിലെ പ്രശ്നം പരിഹരിക്കാൻ കെപിസിസി നിർദേശപ്രകാരം ഒരാഴ്ചമുൻപ് ഡിസിസിയിൽവച്ച് ബന്ധപ്പെട്ടവരുടെ മൊഴിയെടുത്തിരുന്നു.
അന്ന് ഡിസിസി ഓഫിസിനുപുറത്തും അടിപിടിയുണ്ടായി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുള്ളൻകൊല്ലിയിലെ ആഭ്യന്തരകലഹം നേതൃത്വത്തിനു തലവേദനയായി.
കോൺഗ്രസ് പോര് തെരുവിലേക്ക്; പ്രവർത്തകരെ ആക്രമിച്ചെന്നു പരാതി
പുൽപള്ളി ∙ പാടിച്ചിറയിൽ കോൺഗ്രസ് വികസന സെമിനാറിലുണ്ടായ ബഹളത്തിന്റെ തുടർച്ചയായി കോൺഗ്രസ് പ്രവർത്തകരെ പിന്തുടർന്ന് ആക്രമിച്ചതായി പരാതി. പാടിച്ചിറയിലെ കോൺഗ്രസ് പ്രവർത്തകർ പച്ചീക്കര ഷാജി, എലവനാപ്പാറ എബിൻ എന്നിവരെയാണ് വാഹനത്തിൽ പിൻതുടർന്നെത്തിയ സംഘം പൊലീസ് സ്റ്റേഷനു മുന്നിൽവച്ച് കയ്യേറ്റം ചെയ്തത്.
അക്രമിസംഘത്തിൽ നിന്നു രക്ഷതേടി ഇരുവരും പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. യൂത്ത്കോൺഗ്രസ് പ്രവർത്തകരാണ് ഇരുവരെയും ആക്രമിച്ചതെന്ന് നേതൃത്വം വ്യക്തമാക്കി.
ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനെ പാടിച്ചിറയിൽ കയ്യേറ്റം ചെയ്തതിന്റെ പേരിലാണിതെന്നും സമൂഹ മാധ്യമങ്ങളിൽ നേതാക്കൾ അവകാശപ്പെട്ടു.
ഇന്നലെ വൈകിട്ട് ഷാജിയും എബിനും മുള്ളൻകൊല്ലിയിൽനിന്നു ജീപ്പിൽ പുൽപള്ളിയിലേക്കു വരുമ്പോൾ മറ്റൊരുസംഘം ഇവരെ പിന്തുടരുകയും പലവട്ടം വാഹനത്തെ മറികടന്ന് മുന്നിലെത്താനും ശ്രമിച്ചു. സംശയംതോന്നിയതിനാൽ പൊലീസ് സ്റ്റേഷൻ കവാടത്തിൽ വാഹനം നിർത്തി സ്റ്റേഷനിൽ കയറിയപ്പോൾ പൊലീസ് സംരക്ഷണമൊരുക്കിയെന്നും ഇരുവരും പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]