
പതഭൂതം ! റോഡിൽ മുട്ടൊപ്പം ഉയരത്തിൽ, ഒരു കിലോമീറ്ററോളം ദൂരത്തിൽ പതഞ്ഞൊഴുകി വെള്ളപ്പത; അമ്പരപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി ∙ ഇന്നലെ രാവിലെ എട്ടരയോടെ മണിച്ചിറ– പൂമല റോഡിൽ മുട്ടൊപ്പം ഉയരത്തിൽ വെള്ളപ്പത പതഞ്ഞൊഴുകിയത് നാട്ടുകാരിൽ അമ്പരപ്പുളവാക്കി. ചെറിയ ചാറ്റൽമഴ പെയ്യാൻ തുടങ്ങിയപ്പോൾ പത കൂടുതൽ ഉയരത്തിൽ ഒഴുകാൻ തുടങ്ങി. പതയുടെ ഉറവിടം അന്വേഷിച്ചു ചെന്നപ്പോഴാണ് മണിച്ചിറയിലെ ഒരു വീട്ടുമുറ്റത്തു നിന്നാണെന്ന് കണ്ടത്. ഉയരത്തിലുള്ള വീട്ടിൽ നിന്ന് ടൈൽ പാകിയ വഴിയിലൂടെ റോഡിലേക്ക് ഒഴുകിയെത്തുകയും പിന്നീട് ഇറക്കമുള്ള ഭാഗത്തേക്ക് റോഡിലൂടെ തന്നെ ഒഴുകുകയുമായിരുന്നു.
സമീപത്ത് പ്രവർത്തിക്കുന്ന സോപ്പു നിർമാണ കമ്പനിയിൽ നിന്ന് സോപ്പു നിർമാണത്തിനുപയോഗിക്കുന്ന രാസപദാർഥങ്ങൾ കൊണ്ടു വന്ന ഭീമൻ വീപ്പ കാലിയായപ്പോൾ വാങ്ങിയതാണ് വീട്ടുടമ. വീപ്പ കഴുകി വൃത്തിയാക്കുന്നതിനിടെയാണ് അതിൽ നിന്നൊഴുകിയ വെള്ളം പതഞ്ഞൊഴുകിയത്. ഒരു കിലോമീറ്ററോളം ദൂരത്തിൽ പത പരന്നതോടെ വാഹനങ്ങളോടിച്ചെത്തിയ ഡ്രൈവർമാരും ഏറെ ശ്രദ്ധിച്ചു.
വാഹനങ്ങൾ കടന്നു പോകുമ്പോൾ പല വഴിയരികിലെ കടകളിലേക്കും വീടുകളിലേക്കും നിറഞ്ഞൊഴുകി. തുടർന്ന് നഗരസഭ ആരോഗ്യവിഭാഗവും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. വ്യക്തിയിൽ നിന്ന് പിഴ ഈടാക്കുകയും സോപ്പുനിർമാണ കമ്പനിയോട് വിശദീകരണം തേടുകയും ചെയ്തു. അഗ്നിരക്ഷാ സേനയെത്തി റോഡു കഴുകി വൃത്തിയാക്കി.