
ടൗൺഷിപ്പ്: എൽസ്റ്റണിൽ കണ്ണീരും കിനാവും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ ഉരുൾപൊട്ടലിൽ സർവതും നഷ്ടമായ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് പ്രതീക്ഷയുടെ പുലരിയായിരുന്നു ഇന്നലെ. അതേസമയം, എൽസ്റ്റൺ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾക്ക് ആശങ്കയുടെ പകലും. മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ വാഗ്ദാനം ചെയ്ത മാതൃകാ ടൗൺഷിപ്പിനായി ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിൽ പ്രാരംഭ നിർമാണം ആരംഭിച്ചു. ഇന്നലെ രാവിലെ ഒൻപതരയോടെ നിലമൊരുക്കുന്ന പ്രവൃത്തിയാണു ആദ്യം തുടങ്ങിയത്. ടൗൺഷിപ് നിർമാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി അധികൃതരും വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
നിശ്ചയിച്ച സമയപരിധിക്കുള്ളിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ഊരാളുങ്കൽ സൈറ്റ് ലീഡർ എം.പി. കുമാരൻ പറഞ്ഞു. സ്ഥലത്തെ കാടുകൾ നീക്കം ചെയ്ത് സ്ഥലം നിരപ്പാക്കുന്ന പ്രവൃത്തികളാണ് തുടങ്ങിയത്. നിർമാണ സാമഗ്രികൾ എത്തിക്കാൻ സൗകര്യം ഒരുക്കേണ്ടതിന് പ്രദേശത്തേക്കുള്ള റോഡു പണിക്കാണ് പ്രഥമ പരിഗണനയെന്ന് അധികൃതർ അറിയിച്ചു. നിലവിലുള്ള റോഡിന് വീതി കൂട്ടുന്ന പ്രവൃത്തികളും ഉടൻ ആരംഭിക്കും. കഴിഞ്ഞ മാസം 27ന് ടൗൺഷിപ് നിർമാണത്തിന്റെ പ്രതീകാത്മക ഭൂമിയേറ്റെടുക്കലും തറക്കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു.
നഷ്ടപരിഹാരത്തുക 549 കോടി രൂപയായി ഉയർത്തണമെന്നുമുള്ള എസ്റ്റേറ്റ് ഉടമകളുടെ ഹർജിയിൽ നിർമാണം നീണ്ടു പോവുകയായിരുന്നു. കഴിഞ്ഞ 10ന് നേരത്തേ കെട്ടിവച്ച 26 കോടി രൂപയ്ക്കു പുറമേ 17 കോടി രൂപ കൂടി ഹൈക്കോടതി റജിസ്ട്രിയിൽ കെട്ടിവച്ച് സർക്കാരിന് ഭൂമി കൈവശപ്പെടുത്താമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് ലഭിച്ച വെള്ളിയാഴ്ച രാത്രിയിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഭൂമിയേറ്റെടുത്തതായി കാണിച്ച് ബോർഡ് സ്ഥാപിച്ചു.
പ്രതിഷേധവുമായി തോട്ടം തൊഴിലാളികൾ
ഇന്നലെ രാവിലെ പ്രവൃത്തി ആരംഭിക്കുന്നതിനു മുൻപേ തോട്ടം തൊഴിലാളികൾ പ്രതിഷേധവുമായി സ്ഥലത്തെത്തിയിരുന്നു. സർക്കാരും എസ്റ്റേറ്റ് മുതലാളിമാരുമായുള്ള നിയമ നടപടികൾ ഇനിയും തുടരുന്നത് ആനുകൂല്യങ്ങൾ ലഭിക്കുന്നത് അനന്തമായി നീളുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ. പുനരധിവാസത്തിന് എതിരല്ലെന്നും എന്നാൽ, നഷ്ടപരിഹാരം ലഭിച്ചതിനു ശേഷം മാത്രമേ ടൗൺഷിപ് നിർമാണം തുടങ്ങാൻ അനുവദിക്കുകയുള്ളൂവെന്നും തൊഴിലാളികൾ നിലപാടെടുത്തു. രാവിലെ 10.30യോടെ സിപിഎം നേതാവ് സി.കെ.ശശീന്ദ്രൻ സ്ഥലത്തെത്തി സംസാരിച്ചെങ്കിലും തൊഴിലാളികൾ വഴങ്ങിയില്ല. കോടതിയും എസ്റ്റേറ്റ് ഉടമകളുമാണ് തൊഴിലാളികളുടെ ആനുകൂല്യങ്ങളിൽ തീരുമാനമെടുക്കേണ്ടതെന്ന് സി.കെ.ശശീന്ദ്രൻ പറഞ്ഞു. ഇതോടെ തൊഴിലാളികൾ രോഷാകുലരായി.
അൽപസമയം ഇരു കൂട്ടരും തമ്മിൽ വാക്തർക്കമുണ്ടായി. സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് ഉറപ്പു നൽകണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. തുടർന്ന് സർക്കാർ ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്. സംയുക്ത തൊഴിലാളി യൂണിയനു സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ നിർമാണം തടയുമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി.ആലി പറഞ്ഞു. 19ന് കലക്ടർ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും തൊഴിലാളികളെ കൈവിടില്ലെന്നും അധികൃതർ അറിയിച്ചതോടെയാണ് തൊഴിലാളികൾ പിന്തിരിഞ്ഞത്. രാവിലെ 10നു തുടങ്ങിയ പ്രതിഷേധം 2 മണിക്കൂറോളം നീണ്ടു.
ഇന്ന് സമരം തുടങ്ങും: സംയുക്ത ട്രേഡ് യൂണിയൻ
കൽപറ്റ ∙ എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ആനുകൂല്യ പ്രശ്നത്തിൽ ഇന്ന് മുതൽ സമരമാരംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു. ഇന്ന് 9 മണിക്ക് ടൗൺഷിപ് ഭൂമിയിൽ സമരം ആരംഭിക്കും. പുനരധിവാസ പ്രവൃത്തികളെ തടസ്സപ്പെടുത്തില്ല. തൊഴിലാളികളുടെ പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുക മാത്രമാണ് ലക്ഷ്യം. ഇന്നലെ നടന്ന ചർച്ചയിൽ സമവായം ആയില്ല. 15ന് കലക്ടറുമായി ചർച്ച നടക്കും. അത് വരെ സമരം തുടരാനാണ് സംയുക്ത ട്രേഡ് യൂണിയന്റെ തീരുമാനം. ചർച്ചയിൽ തീരുമാനം ആയില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ ചെയർമാൻ പി.പി. ആലി പറഞ്ഞു.
ചടുല നീക്കവുമായി ജില്ലാ ഭരണകൂടം
സ്ഥലം ഏറ്റെടുക്കാമെന്ന് കോടതി ഉത്തരവിറങ്ങിയതോടെ എസ്റ്റേറ്റ് മാനേജ്മെന്റ് അപ്പീൽ നൽകാനുള്ള സാധ്യത മുന്നിൽക്കണ്ട് ജില്ലാ ഭരണകൂടം നടത്തിയത് ചടുല നീക്കം. വെള്ളിയാഴ്ച വൈകിട്ട് നാലോടെ കോടതി ഉത്തരവ് ലഭിച്ച ഉടൻ കലക്ടർ ഡി.ആർ.മേഘശ്രീയുടെ നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്ന് ഭൂമി ഏറ്റെടുക്കലിനുള്ള നടപടികൾ സ്വീകരിച്ചു. കോടതിയിൽ കെട്ടിവയ്ക്കാനുള്ള 17 കോടി രൂപയിൽ 44 ലക്ഷത്തോളം രൂപ കുറവുണ്ടായിരുന്നത് സിഎംഡിആർഎഫിൽ നിന്നു അടിയന്തരമായി കണ്ടെത്തിയാണ് കോടതി റജിസ്ട്രാറുടെ പേരിൽ ട്രഷറിയിൽ കെട്ടിവച്ചത്. തുടർന്ന് ടൗൺഷിപ് പ്രൊജക്ട് ഓഫിസർ എസ്. സുഹാസിന് ഔദ്യോഗികമായി ഭൂമി ഏറ്റെടുത്തതായി കത്തു നൽകി. അതോടൊപ്പം കിഫ്കോണിനെയും ഊരാളുങ്കലിനെയും സർക്കാരിനെയും ഭൂമി ഏറ്റെടുത്തതായി അറിയിച്ചു. എസ്റ്റേറ്റ് ഉടമകൾ ഇടക്കാല ഉത്തരവിനെതിരെ വീണ്ടും കോടതിയെ സമീപിക്കുന്നതിനു മുൻപായി ടൗൺഷിപ് നിർമാണം പരാമവധി മുന്നോട്ടു കൊണ്ടു പോവുക എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു സർക്കാരിന്റെ നീക്കം. 17 കോടി രൂപ കെട്ടിവച്ചാൽ നിർമാണം തുടങ്ങാമെന്ന് കോടതി ഉറപ്പു നൽകിയിരുന്നു.