ബത്തേരി∙ കോളിയാടി പെലക്കുത്ത് വീട്ടിൽ ജിനേഷിന്റെയും ഭാര്യ രേഷ്മയുടെയും അസ്വഭാവിക മരണങ്ങളിൽ വീട്ടുകാരിൽ നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ജിനേഷുമായി പണമിടപാട് നടത്തിയവരിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു തുടങ്ങി.
പരാതിയിൽ പരാമർശിക്കുന്ന മൂന്നു പേരിൽ ഒരാളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴിയെടുത്തു. ബാക്കി രണ്ടു പേരെക്കൂടി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഇസ്രയേലിൽ കെയർഗീവറായിരിക്കെ കഴിഞ്ഞ ജൂലൈ നാലിനാണ് ജിനേഷിനെ മരിച്ച നിലയിൽ കണ്ടത്.
രേഷ്മ കഴിഞ്ഞ 30ന് വിഷം അകത്തു ചെന്ന് മരണപ്പെടുകയും ചെയ്തു.
സാമ്പത്തിക പരാധീനത നിമിത്തമാണ് ജിനേഷ് വിദേശ ജോലിക്കു പോയതെന്നും ജിനേഷിനു പണം കടം നൽകിയവർ ഇരുവരെയും പലപ്പോഴായി ഭീഷണിപ്പെടുത്തിയിരുന്നെന്നുമാണ് വീട്ടുകാർ പറയുന്നത്. ജിനേഷ് കടം വാങ്ങിയിരുന്ന 20 ലക്ഷം രൂപ വിവിധ ഘട്ടങ്ങളായി തിരികെ നൽകിയിരുന്നെന്നും അവർ പറയുന്നു.
എന്നാൽ തങ്ങൾക്ക് പണം ലഭിക്കാനുള്ളതിനാലാണ് കോടതി വഴി അറ്റാച്ച്മെന്റ് നോട്ടീസ് നൽകിയതെന്നാണ് പണമിടപാടുകാരിൽ നിന്ന് പൊലീസിന് ലഭിച്ച മൊഴികളിലുള്ളതെന്നറിയുന്നു. ജിനേഷിന്റെയും രേഷ്മയുടെയും കുടുംബാംഗങ്ങൾ നൽകിയിട്ടുള്ള പരാതികളിൽ പരാമർശിക്കപ്പെട്ടവരോട് ഹാജരാകാനും പൊലീസ് നിർദേശിച്ചിട്ടുണ്ട്.
നേരത്തെ ജിനേഷ് നൽകിയിരുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇരുകൂട്ടരെയും വിളിച്ച് പ്രശ്നങ്ങളൊന്നും ഇല്ലെന്ന വിധത്തിൽ പറഞ്ഞ വിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്.
ബന്ധുക്കളുടെ മൊഴികളും പൊലീസ് രേഖപ്പെടുത്തി വരികയാണ്. ജിനേഷിന്റെ ദുരൂഹമരണത്തിന്റെ യഥാർഥ വിവരം എംബസി വഴി ലഭ്യമാക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.
ഒപ്പം ഇരുവരുടെയും മരണത്തിനു പിന്നിലുള്ള ദുരൂഹതകൾ അഴിക്കണമെന്നും.
കുറ്റക്കാർക്കെതിരെ നടപടി വേണം:എഐവൈഎഫ്
കോളിയാടി പെലക്കുത്ത് വീട്ടിൽ ജിനേഷിന്റെയും ഭാര്യ രേഷ്മയുടെയും അസ്വഭാവിക മരണങ്ങളിൽ സമഗ്ര അന്വേഷമം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. അന്വേഷണം കൃത്യമായ രീതിയിലല്ല നടക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
ബ്ലേഡ്മാഫിയയുടെ ഇടപെടൽ വ്യക്തമായിട്ടും പൊലീസ് നിഷ്ക്രിയത്വം തുടരുകയാണ്.ഗുണ്ടാ സംഘങ്ങളുടെയും മാഫിയകളുടെയും ഭീഷണി നിമിത്തമാണ് രേഷ്മ ജീവനൊടുക്കിയതെന്ന് കുടുംബം പരാതിയിൽ പറയുന്നു.
കുറ്റക്കാരെ അറസ്റ്റു ചെയ്ത് നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്കു തുടക്കമിടുമെന്നും യോഗം അറിയിച്ചു. ജില്ല പ്രസിഡന്റ് എം.സി.
സുമേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിഖിൽ പത്മനാഭൻ, മനാഫ് കോളിയാടി, വിൻസന്റ്, വി.എ.
അമൽ, എസ്. സൗമ്യ, സി.എം.
റഹിം, കെ. അനസ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

