കൽപറ്റ ∙ വയനാട്ടിലെ സ്കൂളുകളിൽനിന്നു കൊഴിഞ്ഞുപോകുന്ന വിദ്യാർഥികളിൽ നാലിൽ മൂന്നു പേരും പട്ടികവർഗക്കാരെന്നു കണക്ക്. ജില്ലയിലെ സ്കൂളുകളിൽ ജൂലൈയിൽ പകുതി ദിവസങ്ങളിൽപ്പോലും ക്ലാസിലെത്താത്ത വിദ്യാർഥികൾ 618 ആണ്.
ഇതിൽ ബഹുഭൂരിപക്ഷവും പട്ടികവർഗത്തിൽപെട്ടവർ. ഓഗസ്റ്റിൽ, ക്ലാസിലെത്താത്തവരുടെ എണ്ണം 434 ആയി കുറഞ്ഞെങ്കിലും പട്ടികവർഗക്കാരായ എല്ലാ കുട്ടികളെയും സ്കൂളിലെത്തിക്കുകയെന്ന ലക്ഷ്യം ഇനിയും അകലെ.
ഈ സാഹചര്യത്തിൽ കൊഴിഞ്ഞുപോക്ക് തടയാൻ പ്രത്യേക കർമപദ്ധതി തയാറാക്കുകയാണു വിദ്യാഭ്യാസ വകുപ്പും ജില്ലാ ഭരണകൂടവും .
സ്കൂളിലെത്തണം എല്ലാവരും, കൂടെയുണ്ട് നാടൊന്നാകെ എന്ന സന്ദേശത്തോടെ എല്ലാ കുട്ടികളെയും സ്കൂളിലെത്തിക്കുക ലക്ഷ്യമിട്ടാണ് വിവിധ വകുപ്പുകൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ ആകെ സ്കൂൾ വിദ്യാർഥികളിൽ 20 ശതമാനം പട്ടികവർഗവിഭാഗത്തിൽ നിന്നുള്ളവരാണ്. പഠനം പാതിവഴിയിൽ നിർത്തി കൊഴിഞ്ഞുപോകുന്നവരിൽ നാലിൽ മൂന്ന് പേരും പട്ടികവർഗക്കാരാണെന്ന കണക്ക് അടിസ്ഥാനമാക്കിയാണ് പട്ടികവർഗ വിഭാഗത്തിന് പ്രഥമ പരിഗണന നൽകി കർമപദ്ധതി തയാറാക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
വ്യക്തമായ കാരണമില്ലാതെ സ്കൂളിലെത്താത്ത വിദ്യാർഥികളുടെ കണക്കുകൾ സ്കൂളുകളിൽ രേഖപ്പെടുത്തി പ്രത്യേക ഡ്രോപ് ഔട്ട് റജിസ്റ്റർ സൂക്ഷിക്കും.
കർമപദ്ധതിയിലൂടെ വിവിധ വകുപ്പുകൾ ഡ്രോപ് ഔട്ട് റജിസ്റ്റർ അവലോകനം ചെയ്യും. വിദ്യാർഥികളുടെ ഹാജർ ഉറപ്പാക്കാൻ നോഡൽ അധ്യാപകരുടെ നിയമനം, മൂന്ന് ദിവസത്തിൽ കൂടുതൽ സ്കൂളുകളിലെത്താത്തവരുടെ വീടുകളിൽ അധ്യാപകർ, പിടിഎ പ്രതിനിധികൾ, ട്രൈബൽ പ്രൊമോട്ടർമാർ എന്നിവരുടെ സംയുക്ത സന്ദർശനം എന്നിവ പദ്ധതിയിലൂടെ ഉറപ്പുവരുത്തും.
ഒരോ വിദ്യാലയത്തിനും ഒരു പ്രൊമോട്ടർക്ക് വ്യക്തിഗത ഏകോപന ചുമതലയും നൽകും.
സ്കൂളിൽ എത്താത്ത ഓരോ കുട്ടിയുടെയും വിവരങ്ങൾ പട്ടികവർഗ വികസന വകുപ്പ് സമയബന്ധിതമായി പഠിച്ച് പ്രശ്നങ്ങൾ പരിഹരിക്കും. കുടുംബങ്ങളിൽ വിവിധ ബുദ്ധിമുട്ടുകളാൽ പഠനം തുടരാൻ പ്രയാസപ്പെടുന്ന കുട്ടികളെ പ്രീ-പോസ്റ്റ്- എംആർഎസ് ഹോസ്റ്റലുകളിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കും.
സമൂഹത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ ഉന്നതികൾ കേന്ദ്രീകരിച്ച് വിഡിയോ പ്രചാരണം നടത്തും.
പ്രത്യേക ഇടപെടൽ ആവശ്യമുള്ള വിഷയങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് പട്ടികവർഗവികസന വകുപ്പിനെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കും. സ്കൂൾ-തദ്ദേശസ്വയംഭരണ- താലൂക്ക്-ജില്ലാതലത്തിൽ അവലോകന സമിതികൾ പ്രവർത്തിക്കും. പത്താം ക്ലാസ് വിജയിച്ച് തുടർ പഠനത്തിന് അപേക്ഷ നൽകാത്തവരുടെയും ഹയർസെക്കൻഡറി പ്രവേശനം ലഭിച്ചിട്ടും പോകാത്ത വിദ്യാർഥികളുടെയും കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാനാണു തീരുമാനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]