
കൽപറ്റ ∙ സംസ്ഥാന സാക്ഷരത മിഷൻ സംഘടിപ്പിച്ച നാലാം ക്ലാസ്, ഏഴാം ക്ലാസ് തുല്യതാ പരീക്ഷകൾ അവസാനിച്ചു. കൽപറ്റ എസ്കെഎംജെ ഹൈസ്കൂൾ, മാനന്തവാടി ജിഎച്ച്എസ്എസ്, തോണിച്ചാൽ എമോസ് വില്ല സ്പെഷൽ സ്കൂൾ, മുള്ളൻകൊല്ലി സെന്റ് തോമസ് എയുപിഎസ് എന്നിവിടങ്ങളിൽ ആയാണു പരീക്ഷ നടന്നത്.
വിവിധ പ്രായക്കാരായ പരീക്ഷാർഥികൾക്ക് ഇടയിൽ താരമായി മാറി എസ്കെഎംജെയിൽ പരീക്ഷയ്ക്കെത്തിയ കമ്പളക്കാട് സ്വദേശി 60 വയസ്സുള്ള മൊയ്തു.
കമ്പളക്കാട് ജിയുപി സ്കൂളിൽ രണ്ടാം ക്ലാസിൽ പഠനം നിർത്തിയ മൊയ്തു തന്റെ ഉപജീവന മാർഗമായ ചായക്കടയ്ക്ക് അവധി നൽകിയാണു ദീർഘകാല ആഗ്രഹം സഫലമാക്കാൻ പരീക്ഷയ്ക്ക് എത്തിയത്.
ഏഴാം ക്ലാസ് വിദ്യാഭ്യാസമുള്ള ഭാര്യ ജമീലയെയും 3 മക്കളെയും പിന്നിലാക്കി പഠനത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കണമെന്നാണു മൊയ്തുവിന്റെ ആഗ്രഹം. ‘നാലാം ക്ലാസ് തുല്യത സർട്ടിഫിക്കറ്റ് ലഭിച്ചാൽ തുടർന്ന് ഏഴാം ക്ലാസ് പരീക്ഷയെഴുതണം.
അതും പാസായാൽ പിന്നെ പത്താം ക്ലാസ്. പിന്നെ ഹയർ സെക്കൻഡറിയും കടന്നു തുല്യതാ ക്ലാസുകളിലൂടെ പഠിച്ച് ബിരുദം നേടണം’ – സ്വപ്നങ്ങൾ മൊയ്തു പങ്കുവച്ചു.
രാധയെത്തിയത് നഴ്സറി വിദ്യാർഥിയായ മകനൊപ്പം
ഏഴാം ക്ലാസ് തുല്യത പരീക്ഷയുടെ രണ്ടാം ദിവസം കുഞ്ഞിനെ ചേർത്തു പിടിച്ചാണ് അമ്പിലേരി ഊരിലെ രാധ പരീക്ഷ എഴുതിയത്.
പരീക്ഷയ്ക്ക് തയാറായി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴാണു കുഞ്ഞ് കൂടെ വരാൻ വാശി പിടിച്ചത്. അങ്ങനെ നഴ്സറി വിദ്യാർഥിയായ ആദിത്യനെ നെഞ്ചോടു ചേർത്ത് ഏഴാം തരം തുല്യതാ പരീക്ഷയെഴുതിയ രാധയും എന്നോ നിലച്ച സ്വപ്നങ്ങൾക്കു നിറം പകരുകയാണ്.
ഈ ബാച്ചിൽ പത്താംക്ലാസ് തുല്യത കോഴ്സിൽ ചേർന്നു വിജയിച്ച് അതിനു ശേഷം പിഎസ്സി പരീക്ഷയെഴുതി സർക്കാർ ജോലി വാങ്ങണമെന്നാണു പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട
36 വയസ്സുകാരിയുടെ ആഗ്രഹം. സെപ്റ്റംബർ 15നു മുൻപ് ഡയറ്റിന്റെ നേതൃത്വത്തിൽ തുല്യത പരീക്ഷകളുടെ മൂല്യനിർണയം പൂർത്തിയാക്കും.
വിജയികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. തുടർന്നു വിജയികൾക്ക് ഈ വർഷത്തെ പത്താം ക്ലാസ് തുല്യതാ കോഴ്സിൽ റജിസ്ട്രേഷൻ നടത്താൻ അവസരവും ലഭിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]