ബത്തേരി∙ കോളിയാടി പെലക്കുത്തു വീട്ടിൽ ജിനേഷ് സുകുമാരൻ ആറു മാസം മുൻപ് ഇസ്രയേലിൽ ദുരൂഹ സാഹചര്യത്തിൽ മരിക്കാനിയടായ സംഭവത്തിലും പിന്നീട് ഭാര്യ രേഷ്മ കോളിയാടിയിലെ വസതിയിൽ ജീവനൊടുക്കിയ സംഭവത്തിലും പണം പലിശയ്ക്കു നൽകുന്നവരുടെ പങ്ക് ആരോപിച്ച് കുടുംബം. രേഷ്മയുടെ മാതാവ് ഷൈല ഇതു സംബന്ധിച്ച് ബത്തേരി പൊലീസിൽ പരാതി നൽകി.
പണം നൽകിയവരുടെ ഭീഷണിയും ദുഷ്ടലാക്കോടെയുള്ള ഇടപെടലുമാണ് മകൾ രേഷ്മ ജീവനൊടുക്കാൻ കാരണമെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മുഖ്യമന്ത്രിക്കും കലക്ടർക്കും പരാതിയുടെ പകർപ്പുകൾ കൈമാറിയിട്ടുണ്ട്.
രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഇപ്പോൾ വന്നിട്ടുള്ള പരാതികളും പരിശോധിക്കുമെന്നും കേസന്വേഷിക്കുന്ന നൂൽപുഴ പൊലീസ് അറിയിച്ചു. ബന്ധുക്കളുടെയും മറ്റുള്ളവരുടെയും മൊഴികൾ രേഖപ്പെടുത്തി വരികയാണ്.
ബത്തേരി പൊലീസിനു ലഭിച്ച പരാതികളും നൂൽപുഴ പൊലീസിനു കൈമാറിയിട്ടുണ്ട്.ഇസ്രയേലിൽ കെയർഗിവറായിരിക്കെയാണ് ജനീഷിനെ അദ്ദേഹം ജോലി ചെയ്യുന്ന വീട്ടിൽ കഴിഞ്ഞ ജൂലൈ 4ന് മരിച്ച നിലയിൽ കണ്ടെത്തിയത്. വയോധികയായ വീട്ടുടമസ്ഥയെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
സംഭവത്തിലെ ദുരൂഹത ഇതുവരെ നീങ്ങിയിട്ടില്ല.
കഴിഞ്ഞ 30ന് രേഷ്മയും മരിച്ചതോടെ ഇവരുടെ 10 വയസ്സ് പ്രായമുള്ള മകൾ ആരാധ്യ രേഷ്മയുടെ മാതാപിതാക്കൾക്കും ജനീഷീന്റെ മാതാവിനുമൊപ്പമാണ് കഴിയുന്നത്. കോവിഡ് കാലത്തുണ്ടായ ബിസിനസ് നഷ്ടത്തിൽ കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന് ബീനാച്ചി സ്വദേശികളായ 2 പേരിൽ നിന്ന് 20 ലക്ഷം രൂപ ജനീഷ് കടം വാങ്ങിയിരുന്നതായി കുടുംബം നൽകിയ പരാതിയിൽ പറയുന്നു.4 ചെക്ക് ലീഫുകളും മുദ്രപ്പത്രങ്ങളും ഈടായി നൽകിയിരുന്നു.
പണം കടം തന്നവരുടെ നിർദേശ പ്രകാരം ചുള്ളിയോട് സ്വദേശിയുടെ അക്കൗണ്ടിലേക്ക് 14,76,961 രൂപ ജനീഷ് തിരികെ നിക്ഷേപിക്കുകയും ചെയ്തു. ബാക്കി തുകയും 5 ശതമാനം പലിശയും ചേർത്ത് പല തവണയായി മടക്കി നൽകി.
എന്നാൽ ചുള്ളിയോട് സ്വദേശി തനിക്ക് 20 ലക്ഷം രൂപ ലഭിക്കാനുണ്ടെന്ന് പറഞ്ഞ് ചെക്ക് ലീഫ് ഉപയോഗിച്ച് എറണാകുളം കോടതിയിലും ബീനാച്ചി സ്വദേശി മറ്റൊരു ചെക്ക് ലീഫ് ഉപയോഗിച്ച് 20 ലക്ഷം കിട്ടാനുണ്ടെന്നു കാണിച്ച് ബത്തേരി കോടതിയിലും കേസ് നൽകിയിട്ടുണ്ടെന്നും ഷൈലയുടെ പരാതിയിൽ പറയുന്നു. ഈ കേസുകളിലൂടെ ജിനേഷിന്റെ കോളിയാടിയിലുള്ള പുതിയ വീടും സ്ഥലവും അന്യായം ഫയലാക്കി അറ്റാച്ച് ചെയ്തിരിക്കുകയാണ്.
ജനീഷും രേഷ്മയും ചേർന്ന് അടുത്തിടെ കോളിയാടിയിൽ പൂർത്തിയാക്കിയ വീട്ടിൽ ഇപ്പോഴുള്ളത് ജനീഷിന്റെ മാതാവ് രാധയും രേഷ്മയുടെ മാതാപിതാക്കളായ ഷൈല, ഗിരീഷ് എന്നിവരും ജനീഷിന്റെയും രേഷ്മയുടെയും ഏകമകളായ പത്തു വയസ്സുകാരി ആരാധ്യയുമാണുള്ളത്.
രേഷ്മയുടെയും ജനീഷിന്റെയും അമ്മമാർ പറയുന്നത്:
അടുത്തിടെ വീട് അറ്റാച്ച് ചെയ്യുന്നതായുള്ള ഒരു നോട്ടിസ് വന്നിരുന്നു.
അതിനു ശേഷം രേഷ്മ ഏറെ മനോവിഷമത്തിലായിരുന്നു. കടബാധ്യതകൾക്കിടയിലും വീടു മാത്രമായിരുന്നു ബാക്കി.
അതു കൂടി നഷ്ടപ്പെടുമെന്നായപ്പോൾ അവൾക്കു പിടിച്ചു നിൽക്കാനായില്ല. ജനീഷിന് പണം കടം നൽകിയവർ ജനീഷിനെയും രേഷ്മയെയും പല തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
കാറു തടഞ്ഞും മുറിയിൽ കൊണ്ടുപോയും ജനീഷിനെ മർദിച്ചിട്ടുള്ളതായി രേഷ്മ പറഞ്ഞിട്ടുണ്ട്.
ഇക്കാര്യങ്ങൾ കഴിഞ്ഞ വർഷം ജനുവരി 8ന് ജിനേഷും ഓഗസ്റ്റ് 27ന് രേഷ്മയും പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും തുടർ നടപടി എന്തായെന്ന് അറിയില്ല. അതിൽ നടപടികളുണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ 2 ജീവനുകളും നഷ്ടപ്പെടില്ലായിരുന്നു.
ജനീഷിൽ നിന്ന് പല കടലാസുകളിലും ഒപ്പിടുവിച്ചിട്ടുണ്ട്. ഞങ്ങൾ താമസിക്കുന്ന വീടു നഷ്ടപ്പെടാൻ അനുവദിക്കില്ല.
മാതാപിതാക്കളെ നഷ്ടപ്പെട്ട കൊച്ചുമോൾക്ക് ആകെയുള്ളത് അതാണ്.
ഒപ്പം ഇസ്രയേലിൽ ജനീഷ് എങ്ങിനെയാണ് മരിച്ചതെന്നതിന്റെ വിവരങ്ങളും എംബസി വഴി ലഭ്യമാക്കണമെന്നും ഇരുവരും പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

