കൽപറ്റ ∙ തിരുവോണദിനത്തില്‍ 3195 ഓണസദ്യയൊരുക്കി വിപണനം ചെയ്ത് കുടുംബശ്രീ നേടിയത് 3,86,960 രൂപയുടെ വിറ്റുവരവ്. ജില്ലയില്‍ ഇതാദ്യമായാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഓണസദ്യ തയ്യാറാക്കി വിതരണം ചെയ്ത് വിജയം കൈവരിച്ചത്.
പരാതികളൊന്നുമില്ലാതെ മികച്ച ഗുണമേന്മയില് അല്പം പോലും വിട്ടുവീഴ്ച ചെയ്യാതെ കൃത്യസമയത്ത് വീടുകളില്‍ സദ്യയെത്തിക്കാൻ കുടുംബശ്രീ പ്രവര്‍ത്തകർക്കായി.18 വിഭവങ്ങളടങ്ങിയ 200 രൂപയുടെ സദ്യയ്ക്കായിരുന്നു ആവശ്യക്കാരേറെയും. രണ്ടു തരം പായസം, കാളന്, ഓലന്‍, അവിയല്‍, തോരന്‍, പച്ചടി, പുളിയിഞ്ചി, കൂട്ടുകറി, വറുത്തുപ്പേരി, ശര്‍ക്കര വരട്ടി തുടങ്ങിയ വിഭവങ്ങള്‍ പറഞ്ഞ സമയത്തിന് മുമ്പ് വീടുകളിലെത്തിച്ച് കുടുംബശ്രീ അംഗങ്ങള്‍ പാചക മികവും വിശ്വാസ്യതയും ഉറപ്പിച്ചു.
300, 250, 180 രൂപ വിലയുണ്ടായിരുന്ന മറ്റു സദ്യ പാക്കേജുകള്‍ക്കും മികച്ച സ്വീകരണമാണ് ലഭിച്ചതെന്ന് കുടുംബശ്രീ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ഇന്‍-ചാർജ് വി.കെ സലീന പറഞ്ഞു.ഇന്‍സ്റ്റന്റ് സദ്യകളൊരുക്കുന്ന കാറ്ററിങ് സ്ഥാപനങ്ങള്‍ക്കൊപ്പം കുടുംബശ്രീ ആദ്യമായാണ് പുത്തന്‍ സംരംഭത്തിനൊരുങ്ങിയത്.
ഓഗസ്റ്റ് 11 മുതല്‍ സെപ്റ്റംബര്‍ നാല് വരെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കുടുംബശ്രീയുടെ നാല് കോള്‍ സെന്ററുകളിലേക്ക് ലഭിച്ച 3195 ഓണ സദ്യകള്‍ക്കുള്ള ഓര്‍ഡറുകളില്‍ നിന്നും 3,86,960 രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീയ്ക്ക് ലഭിച്ചത്.ഓഗസ്റ്റ് 11 മുതല്‍ 31 വരെയായിരുന്നു സദ്യകളുടെ ഓര്‍ഡര്‍ സ്വീകരിക്കാന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. രണ്ടാഴ്ച കൊണ്ട് രണ്ടായിരത്തിലധികം ഓര്‍ഡറുകള്‍ കിട്ടിയതോടെ പ്രവര്‍ത്തകര്‍ ആവേശത്തിലായി.
പലയിടങ്ങളില്‍ നിന്നും കൂടുതല്‍ ആവശ്യക്കാര്‍ എത്തിയതോടെ ഓര്‍ഡര്‍ സ്വീകരിക്കല്‍ സെപ്റ്റംബര്‍ നാല് വരെ നീട്ടി.
ജില്ലയുടെ ഏതു ഭാഗത്ത് നിന്നും എളുപ്പത്തില്‍ ഓര്‍ഡര്‍ സ്വീകരിക്കാനായി മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് ഗ്രൂപ്പുകളുടെ മേല്‍നോട്ടത്തില്‍ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, പനമരം ബ്ലോക്കുകളിലായി നാല് കോള്‍ സെന്ററുകളാണ് പ്രവര്‍ത്തിച്ചിരുന്നത്.ജില്ലയിലെ 10 കഫെ കാറ്ററിങ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഓണസദ്യ പാചകം ചെയ്ത് ആവശ്യകാരിലേക്ക് എത്തിച്ചത്. വലിയ തോതില്‍ ഓര്‍ഡറുകള്‍ ഉണ്ടായിട്ടും, ഗുണമേന്മയില് നഷ്ടപ്പെടാതെ നിശ്ചിത സമയത്തിനകം തന്നെ സദ്യ ഓര്‍ഡറുകള്‍ വിതരണം ചെയ്ത് പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ഈ ഓണക്കാലത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍ നേടിയെടുത്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]