
മുള്ളൻപാറ ∙ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി ഭീതി പരത്തി. ശനിയാഴ്ച രാത്രിയിലെത്തിയ കാട്ടാന വ്യാപക കൃഷി നാശം വരുത്തിയാണ് തിരികെ കാടുകയറിയത്.
വൈത്തിരി മേഖലയിൽ സ്ഥിരമായി എത്തുന്ന മോഴയാനയാണ് കഴിഞ്ഞദിവസം മുള്ളൻപാറയിലെത്തിയത്. കഴിഞ്ഞ 2ന് രാത്രിയിൽ പഴയവൈത്തിരി ഹണി മ്യൂസിയത്തോടു ചേർന്ന പാർക്കിലുമെത്തിയിരുന്നു.
കഴിഞ്ഞ കുറേനാളുകളായിട്ടു മുള്ളൻപാറക്കാരുടെ ജീവിതം കാട്ടാനകളുടെ നടുവിലാണ്. ജൂലൈ 2ന് രാത്രിയിൽ പ്രദേശത്തിറങ്ങിയ 3 കാട്ടാനകൾ മണിക്കൂറുകളോളമാണു ഭീതി പരത്തിയത്.
അന്നു കാട്ടാനക്കൂട്ടത്തിന്റെ മുൻപിൽ നിന്നു പ്രദേശവാസികളായ 2 പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വ്യാപക കൃഷിനാശം വരുത്തിയ കാട്ടാനകളെ വനംവകുപ്പ് സംഘത്തിന്റെ മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് അന്നു തിരികെ കാടുകയറ്റാനായത്.
വനത്താലും സ്വകാര്യ തോട്ടങ്ങളാലും ചുറ്റപ്പെട്ട മേഖലയാണിത്.
100 ലധികം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. പ്രദേശത്ത് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങൾ കാടുമൂടി കിടക്കുന്നതാണ് വന്യമൃഗ ശല്യം രൂക്ഷമാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
വനമേഖലയിൽ നിന്നിറങ്ങുന്ന കാട്ടാനക്കൂട്ടം പകൽസമയങ്ങളിൽ ഇൗ തോട്ടങ്ങളിൽ തമ്പടിക്കും.
പിന്നീടു മുള്ളൻപാറ പുഴ കടന്ന് വൈകിട്ടോടെ ജനവാസ മേഖലയിലേക്കിറങ്ങും. വനാതിർത്തികളിൽ ഫെൻസിങ് അടക്കമുള്ള പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിച്ച് വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്കെത്തുന്നത് തടയണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെയായിട്ടും അംഗീകരിക്കപ്പെട്ടിട്ടില്ല.
മുള്ളൻപാറ അടക്കമുള്ള മേഖലകളിൽ ഫെൻസിങ് അടക്കമുള്ളവ സ്ഥാപിക്കാൻ ഒട്ടേറെത്തവണ ഫണ്ട് അനുവദിക്കപ്പെട്ടിരുന്നെങ്കിലും അധികൃതരുടെ കെടുകാര്യസ്ഥത കാരണം നടപ്പിലായില്ലെന്നും നാട്ടുകാർ പറയുന്നു.
എസ്റ്റേറ്റ് പാടിക്ക് മുന്നിൽ; ആശങ്ക
ചോലമല ∙ എസ്റ്റേറ്റ് പാടിക്കു തൊട്ടുമുൻപിലായി കാട്ടാനയെത്തിയത് ആശങ്കയ്ക്കിടയാക്കി. ശനിയാഴ്ച രാത്രി പത്തോടെയാണ് മേഖലയിലെ എസ്റ്റേറ്റ് പാടിക്കു മുൻപിൽ കാട്ടാനയെത്തിയത്.
മണിക്കൂറുകളോളം പ്രദേശത്ത് കാട്ടാന നിലയുറപ്പിച്ചു. വനംവകുപ്പ് സംഘം സ്ഥലത്തെത്തി കാട്ടാനയെ എളമ്പിലേരി വനമേഖലയിലേക്കു തുരത്തി.
കാട്ടാനകൾ പതിവായി എത്താൻ തുടങ്ങിയതോടെ ചോലമലയിലെ ജനജീവിതം ആശങ്കയിലായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]