
തുടർമഴയില്ല, നട്ടതെല്ലാം മണ്ണിൽ വെന്തുരുകുന്നു; പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ പ്രതിസന്ധി രൂക്ഷം
പുൽപള്ളി ∙ നല്ല കാലാവസ്ഥയ്ക്കു തുടക്കംകുറിച്ച് പെയ്ത പുതുമഴയിൽ കൃഷിയിറക്കിയവർ ആശങ്കയിൽ. തുടർമഴ ലഭിക്കാതായതോടെ കർഷകർ നട്ട
വിത്തുകളെല്ലാം ചൂടുമണ്ണിലിരുന്ന് കരിഞ്ഞുണങ്ങുകയാണ്. മഴ ലഭിച്ചതോടെ കർഷകർ സജീവമായി പാടത്തും പറമ്പിലുമിറങ്ങി നടീലാരംഭിച്ചു.കിഴങ്ങ് വിളകളും വാഴ, കാപ്പി, കമുക് തൈകളും നട്ടു.
ഇളകിയ മണ്ണിപ്പോൾ വെയിലേറ്റ് ചുട്ടുപൊള്ളുന്നു. ഇതിനടിയിലെ വിത്തുകളും നശിക്കുന്നു.
കർണാടകാതിർത്തി പ്രദേശങ്ങളിൽ വൈകിയാണ് മഴ പെയ്തത്.ചേന, ഇഞ്ചി, കാച്ചിൽ, കപ്പ, പച്ചക്കറി തുടങ്ങിയ വിളകളെല്ലാം പലരും നട്ടു. വിത്തുമുളച്ചുയരുന്ന നാമ്പുകൾ ഇപ്പോൾ വാടിയുണങ്ങുകയാണ്.ജോലിക്കാരെ കിട്ടാത്തതിനാൽ നടീൽ ഇനിയും പൂർത്തിയാക്കാത്തവരുമുണ്ട്.
ജലസേചന സൗകര്യമുള്ള കർഷകർ നനച്ച് വിത്ത് രക്ഷിക്കുന്നു. എന്നാൽ കൂടുതൽ കൃഷിയുള്ളവർക്ക് ഇതെല്ലാം അസാധ്യമാണ്.
വിത്തിനു പൊള്ളലേറ്റാൽ അത് കൃഷിയെ ദോഷകരമായി ബാധിക്കുമെന്ന് കർഷകർ പറയുന്നു. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലാണ് പ്രതിസന്ധി രൂക്ഷമായത്.
പകൽ സമയത്തെ അസഹ്യമായ ചൂടാണ് മുഖ്യപ്രശ്നം. ജില്ലയുടെ മറ്റിടങ്ങളിൽ മാർച്ച് മുതൽ നല്ലമഴപെയ്തു.അവിടെ നടീലും നേരത്തേ പൂർത്തിയായി.
വിളകളെല്ലാം മുളച്ചുയർന്നു.തൽക്കാലം മഴ പെയ്തില്ലെങ്കിലും പ്രശ്നമില്ല. ഇവിടെ നട്ടവരും നടാനുള്ളവരും വിളകൾക്ക് വളമിട്ടവരുമെല്ലാം ആശങ്കയിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]