പനമരം ∙ ബീനാച്ചി – പനമരം റോഡ് പണി ഇഴയുന്നതിലും പ്രവൃത്തി ആരംഭിച്ച് 5 വർഷം കഴിഞ്ഞിട്ടും പണി പൂർത്തീകരിക്കാൻ നടപടിയില്ലാത്തതിലും പ്രതിഷേധം ശക്തമാകുന്നു. ബീനാച്ചി മുതൽ പുഞ്ചവയൽ വരെയുള്ള ഭാഗത്ത് ഒന്നാം ഘട്ട
ടാറിങ് നടത്തിയെങ്കിലും പുഞ്ചവയൽ മുതൽ പനമരം ടൗൺ വരെയുള്ള ഭാഗത്തെ പ്രവൃത്തികൾ വച്ചു താമസിപ്പിക്കുന്ന സ്ഥിതിയാണു പ്രതിഷേധത്തിനിടയാക്കുന്നത്. പണികൾ നടക്കാത്തതിനാൽ പുഞ്ചവയൽ മുതൽ പനമരം ടൗൺ വരെയുള്ള ഭാഗം പൂർണമായും തകർന്ന് തരിപ്പണമായി.
ഈ ഭാഗത്ത് റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായുള്ള മണ്ണെടുപ്പ് പോലും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല.
കൂടാതെ മാത്തൂർ ഊരിനു സമീപത്തെ പഴയ കലുങ്ക് മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒരുഭാഗം പൊളിച്ച് പുതിയ കലുങ്ക് നിർമിച്ചിട്ട് മാസങ്ങളായെങ്കിലും മറുഭാഗം പൊളിച്ച് കലുങ്ക് നിർമാണം പൂർത്തീകരിക്കാൻ പോലും നടപടിയുണ്ടായിട്ടില്ല. കലുങ്ക് നിർമാണത്തിന് എത്തിച്ച സാധനസാമഗ്രികൾ ഇവിടെ നിന്ന് മറ്റൊരു റോഡുപണിക്കായി കയറ്റിക്കൊണ്ടുപോയതായി നാട്ടുകാർ പറയുന്നു.
അടിക്കടി വാഹനാപകടങ്ങൾ ഉണ്ടാകുന്ന സ്ഥലത്താണ് കലുങ്ക് നിർമാണം പൂർത്തീകരിക്കാതെ വീണ്ടും അപകടങ്ങൾ വർധിക്കാനുള്ള സാഹചര്യം ഒരുക്കിയിരിക്കുന്നത്. കലുങ്ക് നിർമിക്കാനായി നീക്കം ചെയ്ത മണ്ണ് ഉൾപ്പെടെ റോഡിൽ തന്നെ കൂട്ടിയിട്ടിരിക്കുന്നതിനാൽ നിലവിൽ പുഞ്ചവയൽ ഇറക്കം ഇറങ്ങിവരുന്ന വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ഇരുചക്രവാഹനങ്ങൾ കുഴികളിൽ അകപ്പെടുന്നത് പതിവായിട്ടുണ്ട്.
രാത്രികാലങ്ങളിലാണ് ഇവിടെ കൂടുതൽ വാഹനങ്ങളും അപകടത്തിൽപെടുന്നത്.
പല ഭാഗങ്ങളിലും പ്രവൃത്തികൾ ഭാഗികമായി ചെയ്ത ശേഷം പിന്നീട് ഇവിടേക്ക് തിരിഞ്ഞു നോക്കാത്ത സ്ഥിതിയാണ് അപകട സാധ്യത വർധിപ്പിക്കുന്നത്.
ബന്ധപ്പെട്ട അധികൃതർ ഇക്കാര്യം ഗൗരവത്തിൽ എടുക്കുന്നില്ലെന്ന ആരോപണവുമുണ്ട്.
ഇതിനിടെ ചെറിയ പാലത്തിന്റെ പണികൾ പൂർത്തീകരിച്ച് കഴിഞ്ഞദിവസം ഇതു വഴിയുള്ള വാഹന ഗതാഗതം തടഞ്ഞ് അപ്രോച്ച് റോഡിൽ മണ്ണിടൽ പൂർത്തിയാക്കി അപകടാവസ്ഥയിലായ പഴയപാലം അടച്ച് പുതിയ പാലത്തിലൂടെ വാഹനം കടത്തിവിട്ടു തുടങ്ങുകയും ചെയ്തു. പാലത്തിന്റെ മുഴുവൻ പണികളും ഒരു മാസത്തിനുള്ളിൽ തീരുമെങ്കിലും വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച റോഡ് പണി പൂർത്തീകരിക്കാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ട
അവസ്ഥയാണുള്ളത്. പുഞ്ചവയൽ മുതൽ പനമരം വരെയുള്ള ഭാഗത്തെ പണികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ നടപടിയില്ലെങ്കിൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമരവുമായി രംഗത്ത് എത്താനാണ് നാട്ടുകാരുടെ തീരുമാനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

