ഗൂഡല്ലൂർ ∙ അവസാനമില്ലാതെ തുടരുന്ന കാട്ടാനക്കലിയിൽ മരണത്തിന്റെ താഴ്വരയായി ഗൂഡല്ലൂർ. കഴിഞ്ഞ 3 മാസത്തിനിടയിൽ 5 പേരാണ് ഈ പ്രദേശത്തു കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഈ കാലയളവിൽ കാട്ടാനയാക്രമണത്തിൽ പരുക്കേറ്റ് 3 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുമാണ്. ജൂൺ 8 ന് ബിദർക്കാട് ചന്തക്കുന്ന് സ്വദേശി ജോയി (50) യെ വീട്ടിനു സമീപമെത്തിയ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയതാണ് മൂന്ന് മാസത്തിനടയിലുണ്ടായ ആദ്യ ആനക്കൊല.
ജൂൺ 18 ന് മച്ചിക്കൊല്ലി ബേബി നഗറിലെ ആറുമുഖ(60) വും ജൂലൈ 22 ന് കൊളപ്പള്ളിയിൽ വീടിന് മുറ്റത്തിറങ്ങിയ ലക്ഷ്മി (65)യും ഓഗസ്റ്റ് 11 ന് ഓവാലി പഞ്ചായത്തിലെ ന്യൂഹോപ്പിലെ തോട്ടം തൊഴിലാളിയായ മണി(62)യും തുടർച്ചയായ ആനക്കലിക്കിരയായി.
ഇന്നലെ രാവിലെ ഓവാലി പഞ്ചായത്തിലെ മഞ്ചുശ്രീ എസ്റ്റേറ്റിലെ ഫീൽഡ് സൂപ്പർവൈസർ മെഹബൂബിനെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയതോടെ നാടാകെ ഭീതിയിലാണ്.
ഭീതി പരത്തി ബാലകൃഷ്ണൻ
ഇതേ എസ്റ്റേറ്റിൽ രണ്ട് പേരെയാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. 20 വർഷമായി ന്യുഹോപ്പിലെ കമ്പനി എസ്റ്റേറ്റിലെ തോട്ടത്തിൽ കഴിയുന്ന ബാലകൃഷ്ണൻ എന്ന് നാട്ടുകാർ വിളിക്കുന്ന കാട്ടാനയുടെ ആക്രമണത്തിൽ 12 പേർ മരിച്ചതായി വനം വകുപ്പ് തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
രണ്ട് വർഷം മുൻപ് ഈ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചതോടെ കാട്ടാനയെ വനം വകുപ്പ് പിടികൂടി ഉൾവനത്തിലേക്ക് മാറ്റുമെന്ന് ഉറപ്പ് നൽകിയതാണ്. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല.
ഒാഗസ്റ്റ് 11 ന് മണിയുടെ മരണത്തെ തുടർന്ന് ഇവിടെ തെപ്പക്കാട് ആനപ്പന്തിയിൽ നിന്നു രണ്ട് താപ്പാനകളെ കൊണ്ടുവന്ന് നിരീക്ഷണം ആരംഭിച്ചതാണ്. ഈ കാട്ടാനയെ പിടികൂടാനുള്ള ഉത്തരവുകളൊന്നും വനം വകുപ്പിന്റെ ഉന്നതർ നൽകിയിട്ടില്ല.
ആയിരക്കണക്കിന് തൊഴിലാളികളും നാട്ടുകാരും താമസിക്കുന്ന പ്രദേശത്താണ് കൊലയാളി ആനയും കഴിയുന്നത്.
കാട്ടാന ആക്രമണം ഉണ്ടാകുമ്പോൾ നാട്ടുകാർ സമരം നടത്തും. അധികൃതർ സമരക്കാർക്ക് ഉറപ്പ് നൽകും.
പിന്നീട് ഉറപ്പ് പാലിക്കാതെ ദുരന്തങ്ങളിലേക്ക് മാറുന്ന കാഴ്ചയാണ് കാണുന്നത്. കാട്ടാനയുടെ ആക്രമണങ്ങളിൽ ഇത്രയേറെ മരണം സംഭവിച്ചിട്ടും ഭരണകക്ഷിയുടെ പ്രതിനിധികളാരും ഗൂഡല്ലൂർ മണ്ഡലത്തിലെത്താത്തതിൽ പ്രതിഷേധം രൂക്ഷമാണ്.
ഗൂഡല്ലൂർ നിയോജക മണ്ഡലത്തെ നീലഗിരി എംപിയും ഡിഎംകെയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ എ.രാജ ഉൾപ്പെടെയുള്ള നേതാക്കൾ അവഗണിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
നാട്ടിലാകെ പ്രതിഷേധവും ആശങ്കയും
ഗൂഡല്ലൂർ ∙ കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചതോടെ കടുത്ത പ്രതിഷേധത്തിലും ആശങ്കയിലുമാണു നാട്ടുകാർ. ഓവാലി പഞ്ചായത്തിലെ തോട്ടത്തിലെ ഫീൽഡ് സൂപ്പർ വൈസറായിരുന്ന മെഹബൂബാണ് ഒടുവിലത്തെ ഇര.
കൂടെ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ചെല്ലദുരൈ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ചെല്ലദുരൈയായിരുന്നു സ്കൂട്ടർ ഓടിച്ചത്.
സ്കൂട്ടർ തട്ടിമറിച്ചിട്ട കാട്ടാന രണ്ട് പേരെയും ആക്രമിച്ചു.
ചെല്ലദുരൈയെ തട്ടി എറിഞ്ഞതിനാൽ പരുക്കുകളോടെ രക്ഷപ്പെട്ടു. ചെല്ലദുരൈ ഫോണിൽ അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ എത്തിയത്.
കമ്പനിയുടെ തോട്ടത്തിൽ വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
വൻ പ്രതിഷേധവുമായി ഓടിയെത്തിയ നാട്ടുകാർ മേൽ ഗൂഡല്ലൂരിലെ ജില്ലാ ആശുപത്രിയുടെ സമീപത്ത് ഗൂഡല്ലൂർ –ഊട്ടി ദേശീയ പാത ഉപരോധിച്ചു. ഉടൻ പൊലീസെത്തി ബലപ്രയോഗം നടത്തി സമരം നടത്തിയവരെ അറസ്റ്റ് ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.
സമരം നടത്തിയവരുടെ പേരിൽ കേസെടുത്ത് ഭീഷണിപ്പെടുത്തുന്നതായും നാട്ടുകാർ പറഞ്ഞു. ജനകീയ സമരങ്ങളെ ഇല്ലാതാക്കുന്ന പ്രവണതയാണ് നടക്കുന്നതെന്നും കഴിഞ്ഞ ആഴ്ചയിൽ ഗൂഡല്ലൂർ നഗരത്തിലിറങ്ങിയ കാട്ടാനയുടെ മുൻപിൽ നിന്നും തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.
ഡോക്ടർ എത്തിയത് 15 മിനിറ്റ് കഴിഞ്ഞ്
കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ രണ്ട് പേരെയും നാട്ടുകാർ ഉടൻ ഗൂഡല്ലൂരിലെ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഡോക്ടറില്ലാതിരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 15 മിനിറ്റിന് ശേഷമാണ് ഡോക്ടർ എത്തിയത്.
അപ്പോഴേക്കും മെഹബൂബ് കടുത്ത ശ്വാസ തടസ്സം നേരിട്ട് മരണത്തിന് കീഴടങ്ങി. പ്രത്യക്ഷത്തിൽ പരുക്കുകളൊന്നും ഉണ്ടായിരുന്നില്ല.
വാരിയെല്ല് ഒടിഞ്ഞ നിലയിലായിരുന്നു. കൃത്യമായ ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. തുടർന്ന് ആശുപത്രിയിൽ ഗൂഡല്ലൂർ എംഎൽഎ പൊൻ ജയശീലനും ഭരണ കക്ഷി പ്രതിനിധികളും എത്തി. ഡോക്ടറുടെ ഭാഗത്ത് അനാസ്ഥ ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. ജില്ലാ ആശുപത്രിയായി മാറ്റിയ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.
ഡോക്ടർമാർ ഇല്ലാത്തതിനാൽ രോഗികളെ സ്ഥിരമായി ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ്.
ഗൂഡല്ലൂർ മണ്ഡലത്തിൽ നാളെ വ്യാപാരബന്ദ്
ഗൂഡല്ലൂർ നിയോജക മണ്ഡലത്തിൽ തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ സർക്കാർ നിസ്സംഗത കാണിക്കുന്നതിൽ പ്രതിഷേധിച്ച് നാളെ വ്യാപാരി സംഘത്തിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ 24 മണിക്കൂറും വ്യാപാര ബന്ദ് നടത്തുമെന്ന് നിയോജക മണ്ഡലം വ്യാപാരി സംഘം അറിയിച്ചു. വന്യജീവി ആക്രമണം തടയാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം, വന്യജീവി ആക്രമണങ്ങളിൽ മരണമടയുന്നവരുടെ ആശ്രിതർക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, കുടുംബത്തിലെ അംഗത്തിന് സർക്കാർ ജോലി നൽകണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബന്ദ് നടത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]