കൽപറ്റ ∙ കടുവ സങ്കേതങ്ങൾക്കു പുറത്തുള്ള കടുവകളെ സംരക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതി (ടിഒടിആർ) നടപ്പിലാക്കുമ്പോൾ വനത്തെ ആശ്രയിച്ചു ജീവിക്കുന്ന ഗോത്രവിഭാഗങ്ങളുടെയും വനപ്രദേശങ്ങളോടു ചേർന്ന ജനവാസമേഖലയിലെ കർഷകരുടെയും അഭിപ്രായം കൂടി കണക്കിലെടുക്കണമെന്ന് ആവശ്യമുയരുന്നു. കടുവ സംരക്ഷണത്തിനെന്ന പേരിൽ കടുവസങ്കേതങ്ങൾക്കു പുറത്തുള്ള വനമേഖലയോടു ചേർന്നും നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കമുണ്ടായാൽ ചെറുക്കുമെന്നാണു കർഷകസംഘടനകൾ വ്യക്തമാക്കുന്നത്.
വയനാട് വന്യജീവി സങ്കേതം, സൗത്ത് വയനാട് ഡിവിഷൻ, നോർത്ത് വയനാട് ഡിവിഷൻ എന്നിവിടങ്ങളോടു ചേർന്ന ജനവാസകേന്ദ്രങ്ങളിൽ കടുവയുൾപ്പെടെയുള്ള വന്യജീവികളുടെ ശല്യം രൂക്ഷമായതിനാൽ ടിഒടിആർ പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്ന പ്രദേശങ്ങളിൽ വയനാടും ഇടം നേടിയിട്ടുണ്ട്.
രാജ്യമൊട്ടാകെ 88.7 കോടി രൂപ ചെലവഴിച്ചു നടപ്പിലാക്കുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിലെ 40 ഡിവിഷനുകളിലാണു വയനാട്ടിലെ വനമേഖലകളും ഉൾപ്പെട്ടിരിക്കുന്നത്. 2014ൽ വയനാട് വന്യജീവി സങ്കേതത്തെ കടുവസങ്കേതമായി പ്രഖ്യാപിക്കാനുള്ള നീക്കം വൻ ജനകീയ പ്രതിഷേധത്തെത്തുടർന്നു മരവിച്ചിരുന്നു.
തുടർന്ന് 2021ൽ ദേശീയ കടുവസംരക്ഷണ അതോറിറ്റി വയനാട് വന്യജീവി സങ്കേതത്തെ കടുവസങ്കേതമാക്കണമെന്നു ശുപാർശ ചെയ്യുകയുമുണ്ടായി.
പെരിയാർ കടുവസങ്കേതത്തെക്കാളും പറമ്പിക്കുളം കടുവസങ്കേതത്തെക്കാളും കൂടുതൽ കടുവകൾ വയനാട് വന്യജീവി സങ്കേതത്തിലുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് കടുവസങ്കേതം പ്രഖ്യാപനത്തിനു പലതവണ നീക്കമുണ്ടായത്.
കടുവസങ്കേതം പേരുമാറ്റി എത്തുന്നതാണ് ടിഒടിആർ പദ്ധതിയെന്നാണു കർഷകസംഘടനകളുടെ സംശയം. കടുവസങ്കേതമായി പ്രഖ്യാപിച്ചാൽ വനത്തിനുള്ളിൽ നിന്നു പലരെയും കുടിയൊഴിപ്പിക്കുമെന്ന ആരോപണവുമായി കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) രംഗത്തെത്തിയിട്ടുണ്ട്.എന്നാൽ, ടിഒടിആർ പദ്ധതിയുടെ കരട് റിപ്പോർട്ടിൽ ഇത്തരം നിർദേശങ്ങളോ പരാമർശങ്ങളോ ഇല്ലെന്നതു ചൂണ്ടിക്കാട്ടി വനംവകുപ്പ് ഉദ്യോഗസ്ഥർ പദ്ധതിക്കെതിരായ എതിർപ്പുകളെ തള്ളിക്കളയുന്നു.
വനത്തിനുള്ളിലെ ജനവാസമേഖലകളിൽ നിന്ന് പുനരധിവസിപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നില്ല.
നിയന്ത്രണങ്ങളൊന്നും ശുപാർശ ചെയ്തിട്ടുമില്ല. ഓരോ ഡിവിഷനുകളിലും വന്യജീവി പ്രതിരോധം ഫലപ്രദമാക്കാൻ കൂടുതൽ ഉപകരണങ്ങളും ജീവനക്കാരും എത്തും.
പ്രോജക്ട് ടൈഗർ വഴി കടുവസങ്കേതങ്ങൾക്കു ലഭിച്ചിരുന്ന കൂടുതൽ ഫണ്ടും മറ്റു സഹായങ്ങളും ടിഒടിആർ പദ്ധതിയിലൂടെ, കടുവ സങ്കേതങ്ങളല്ലാത്ത വനമേഖലകളിലേക്കു കൂടി എത്തിക്കുകയാണു ലക്ഷ്യം. അതുവഴി കടുവകളുടെ സംരക്ഷണവും വന്യജീവി പ്രതിരോധവും കൂടുതൽ വിജയകരമായി നടപ്പിലാക്കാനാകുമെന്നും പദ്ധതിയെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
കാട്ടിനുള്ളിൽ ഇരജീവികളുടെ സംരക്ഷണവും ആവാസവ്യവസ്ഥയുടെ ആരോഗ്യം ഉറപ്പാക്കലും പദ്ധതിയുടെ ലക്ഷ്യമാണ്. ഇതുവഴി അധിനിവേശ സസ്യങ്ങളുടെ നിർമാർജനത്തിനുൾപ്പെടെ കൂടുതൽ ധനസഹായം ലഭിക്കും. ഇരജീവികൾ കാടിനു പുറത്തിറങ്ങാതിരിക്കുമ്പോൾ കടുവകളെക്കൊണ്ടുള്ള ശല്യവും കുറയും.
ഇക്കോടൂറിസം സാധ്യത വർധിക്കും. സാമൂഹിക പിന്തുണയോടുള്ള ബോധവൽക്കരണ–സംരക്ഷണ പ്രവർത്തനങ്ങൾ തദ്ദേശ ജനവിഭാഗങ്ങൾക്ക് വലിയ തൊഴിൽസാധ്യത തുറന്നിടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]