
ബത്തേരി ∙ കാട്ടാനയെ കണ്ടു തിരിഞ്ഞോടി തെറിച്ചു വീണ യുവാവിനു നേരെ 2 തവണ കാട്ടുകൊമ്പൻ അലറിക്കൊണ്ട് ആഞ്ഞു കുത്തി. കൊമ്പ് ആഴ്ന്നിറങ്ങിയത് ഒരു തവണ മരത്തടിയിലും രണ്ടാം തവണ മണ്ണിലും ആയതിനാൽ 2 കുരുന്നുകൾക്ക് അവരുടെ അച്ഛനെ തിരിച്ചു കിട്ടി. കലിപൂണ്ട
കൊമ്പൻ അടുത്ത വീട്ടിലെത്തി മുറ്റത്തു നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തകർത്തു. കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെ വാകേരി മൂടക്കൊല്ലിയിലായിരുന്നു സംഭവം.മുക്തിമല അഭിലാഷ്(37) ആണു കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
നെടിയാങ്കൽ ബിനുവിന്റെ ഓട്ടോറിക്ഷയാണു തകർത്തത്. വനംവകുപ്പിന്റെ ഭാഗത്തു നിന്നു സഹായങ്ങളൊന്നും ലഭിച്ചില്ലെന്ന് അഭിലാഷ് പറയുന്നു. വാകേരി മൂടക്കൊല്ലി, കൂടല്ലൂർ, പാപ്ലശേരി ഭാഗങ്ങളിൽ കഴിഞ്ഞ 2 മാസമായി കാട്ടാന പ്രശ്നം രൂക്ഷമാണ്.
ഒട്ടേറെപ്പേരുടെ കൃഷിയിടങ്ങളിലാണ് കാട്ടാന വൻ നാശം വരുത്തുന്നത്.
കൊമ്പുകൾ ആഴ്ന്നിറങ്ങുന്നത് കൺമുന്നിൽ കണ്ടു: അഭിലാഷ്
കൂലിപ്പണി കഴിഞ്ഞ് ബത്തേരി ടൗണിൽ പോയി ഓട്ടോറിക്ഷയിൽ മടങ്ങിയെത്തിയതായിരുന്നു ഞാൻ. മൂടക്കൊല്ലി ക്ഷേത്രത്തിനു സമീപം രാത്രി 9ന് ഓട്ടോയിറങ്ങി.
തുടർന്നു നൂറു മീറ്ററോളം ടാർ റോഡിൽ കൂടി നടന്നു വീട്ടിലേക്കുള്ള സിമന്റ് പാതയിലൂടെ നടക്കുമ്പോഴാണു കാട്ടുകൊമ്പന്റെ മുൻപിൽപെട്ടത്. വഴിയരികിലെ മരച്ചുവട്ടിൽ നിൽക്കുകയായിരുന്നു കൊമ്പൻ. ഭയന്നു പോയെങ്കിലും ഉടൻ തിരിഞ്ഞോടി.
ചിന്നം വിളിച്ച് അലറിക്കൊണ്ട് കാട്ടാനയും തൊട്ടുപിന്നാലെയെത്തി. വഴിയരികിൽ ആദ്യ രണ്ടു വീടിന്റെ ഗേറ്റുകൾ അടച്ചിട്ടിരുന്നതിനാൽ അതിലെ കയറാൻ കഴിഞ്ഞില്ല.
അവിടെ പുറമേ വെളിച്ചവുമില്ലായിരുന്നു. മൂന്നാമത്തെ വീടിനടുത്തെത്തിയപ്പോൾ റോഡിൽ കമിഴ്ന്നടിച്ച് വീണു പോയി.
വീണിടത്തു നിന്നു നോക്കുമ്പോൾ വീടിനുചുറ്റും നട്ടുപിടിച്ച ചെമ്പരത്തി വേലി കണ്ടു.
വേലി ചാടിക്കടക്കാൻ ശ്രമിക്കുമ്പോഴേക്കും കാട്ടുകൊമ്പൻ എന്നെ ലക്ഷ്യം വച്ച് ആഞ്ഞു കുത്തി. അതു സമീപത്തെ മരത്തടിയിലാണു കൊണ്ടത്.
വീണ്ടും കുത്തിയതു മണ്ണിലും. അപ്പോഴേക്കും വേലി മറികടന്ന് താൻ ഒരു മൺതിട്ടയിലേക്കു കയറിയിരുന്നു. അവിടെ നിന്ന് കുന്നേക്കാട്ടിൽ മുരളിയുടെ വീടിന്റെ മുറ്റത്തേക്ക് ഉരുണ്ടു വീണു.
വീട്ടുകാർ വാതിൽ തുറന്ന് ഓടിയെത്തി പരിചരണം നൽകി. വനംവകുപ്പിനെ വിളിച്ചെങ്കിലും എത്തിയില്ല.
തുടർന്ന് സമീപവാസികളാണു താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ദേഹമാസകലം ചതവും മുറിവും നീരുമാണ്.
രാത്രിയിൽ തന്നെ ആശുപത്രിയിൽ നിന്നു പറഞ്ഞു വിട്ടെങ്കിലും ശാരീരിക അസ്വസ്ഥതകൾ നിമിത്തം ഇന്നലെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ വീണ്ടും ചികിത്സ തേടി. ഡോക്ടർ കിടത്തി ചികിത്സ നിർദേശിച്ചെങ്കിലും സാമ്പത്തിക പ്രയാസമുള്ളതിനാൽ വീട്ടിലേക്ക് പോന്നു.
ഇതുവരെ നടത്തിയ ചികിത്സകൾക്കു തന്നെ 12,000 രൂപ ചെലവായെന്നും വനംവകുപ്പിന്റെ ഭാഗത്തു നിന്ന് സഹായമൊന്നും ലഭിച്ചില്ലെന്നും അഭിലാഷ് പറയുന്നു.
മൂടക്കൊല്ലിയിലെ വഴിയരുകിൽ നിന്നത് 2 കാട്ടാനകൾ
വീട്ടിലേക്ക് നടക്കവെ റോഡരുകിൽ മരച്ചുവട്ടിലായി 2 കാട്ടാനകളാണ് ഉണ്ടായിരുന്നതെന്ന് അഭിലാഷ് പറഞ്ഞു. കൊമ്പനാണ് അഭിലാഷിനെ ഓടിച്ചത്.
ഒപ്പമുണ്ടായിരുന്ന ആന കൃഷിയിടങ്ങളിലേക്കു നടന്നു നീങ്ങിയിരുന്നു. പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്ന സ്ഥിതിയാണെന്നും വനാതിർത്തിയിൽ പ്രതിരോധ സംവിധാനം ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അഭിലാഷ് പറഞ്ഞു. അഭിലാഷിന്റെ മക്കളും സ്കൂൾ വിദ്യാർഥികളുമായ ആദർശും അദിഷും ഭാര്യ രഞ്ജുവുമെല്ലാം ഇതുവഴിയാണു യാത്ര ചെയ്യുന്നതെന്നും ഇനിയൊരു ആക്രമണമുണ്ടായാൽ ആര് ഉത്തരവാദിത്തമേൽക്കുമെന്നും അഭിലാഷ് ചോദിക്കുന്നു.
ഓട്ടോറിക്ഷ തകർത്തു
അഭിലാഷിനെ ആക്രമിച്ച ശേഷം തിരിഞ്ഞു നടന്ന കൊമ്പനാണ് ഒൻപതേമുക്കാലോടെ നെടിയാങ്കൽ ബിനുവിന്റെ ഓട്ടോറിക്ഷ തകർത്തത്.
വീടിനു മുൻപിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ഓട്ടോറിക്ഷ. ചിന്നം വിളിച്ചെത്തിയ കൊമ്പൻ ഓട്ടോറിക്ഷയുടെ പിറകുവശത്തായി റെക്സിൻ കുത്തിക്കീറുകയായിരുന്നു.ബിനുവിന്റെ കൃഷിയിടത്തിലും വൻ നാശനഷ്ടം വരുത്തി.
കമുക്, തെങ്ങ്, വാഴ എന്നിവയെല്ലാം നശിപ്പിച്ചു. ബിനുവിന്റെ വീട്ടിൽ നിന്ന് നടന്നു നീങ്ങിയ കൊമ്പൻ ഇരുമ്പുകുത്തി ഭാഗത്ത് ഒട്ടേറെപ്പേരുടെ കൃഷിയിടങ്ങളിൽ നാശം വിതച്ചു.
തുറന്ന ജയിലായി മൂടക്കൊല്ലി
മൂടക്കൊല്ലി കൂടല്ലൂരിൽ കർഷകനായ അജീഷിനെ ഒന്നര വർഷം മുൻപ് കടുവ കൊന്നപ്പോൾ സ്ഥലത്തെത്തിയ മന്ത്രിമാരും ജനപ്രതിനിധികളും വലിയ വാഗ്ദാനങ്ങളാണ് മൂടക്കൊല്ലിക്കു നൽകിയത്.
കൂടല്ലൂർ മുതൽ മൂടക്കൊല്ലി വരെ 2.8 കിലോമീറ്റർ ദൂരത്തിൽ വനാതിർത്തിൽ പ്രതിരോധ സംവിധാനങ്ങളില്ലാത്തതായിരുന്നു പ്രധാന പ്രശ്നം. ഉടൻ പരിഹരിക്കുമെന്നായിരുന്നു വാഗ്ദാനം.ഒന്നും നടപ്പായില്ലെന്ന് മാത്രമല്ല അതുവഴി വന്യജീവികൾ യഥേഷ്ടം നാട്ടിലേക്കു പ്രവഹിക്കുകയാണ്.
കാട്ടാനയിറങ്ങാത്ത ദിവസങ്ങളില്ലെന്നു നാട്ടുകാർ പറയുന്നു. കൂടല്ലൂർ, മൂടക്കൊല്ലി, വാകേരി, രണ്ടാം നമ്പർ, ചേമ്പും കൊല്ലി, അബ്ബാസ്കൊല്ലി, മണ്ണുണ്ടി ഭാഗങ്ങളിലായി നൂറിലേറെപ്പേരുടെ കൃഷിയാണ് രണ്ടു മാസത്തിനിടെ കാട്ടാനകൾ ചവിട്ടിമെതിച്ചത്. മൂടക്കൊല്ലി മുതൽ ബത്തേരി സത്രം കുന്ന് വരെ സ്ഥാപിച്ചിട്ടുള്ള റെയിൽപാള വേലി പലയിടത്തായി തകർന്നു കിടക്കുന്നതാണു പ്രദേശങ്ങളിൽ കാട്ടാനശല്യം ഇരട്ടിയാക്കുന്നത്.
ആരോപണം അടിസ്ഥാനരഹിതം:വനപാലകർ
കാട്ടാനയുടെ ആക്രമണമുണ്ടായപ്പോൾ വേണ്ട
രീതിയിൽ ഇടപെട്ടില്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ പറഞ്ഞു. വിവരമറിഞ്ഞയുടൻ ഇരുളത്തു നിന്ന് വനപാലകർ സ്ഥലത്തേക്ക് തിരിച്ചിരുന്നു.
അവിടെ എത്തിയപ്പോഴേക്കും അഭിലാഷിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.തുടർന്ന് ആശുപത്രിയിലുമെത്തി. അതിനിടെ ആനയെ തുരത്താനും ഒരു സംഘം നീങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]