
പാതിവില തട്ടിപ്പ്; അനന്തുകൃഷ്ണൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ; വയനാട്ടിൽ മാത്രം 10 കോടിയുടെ തട്ടിപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി ∙ പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ പേരിൽ പല സ്റ്റേഷനുകളിലും ഇപ്പോഴും കേസുകൾ റജിസ്റ്റർ ചെയ്ത് പൊലീസ്. ബത്തേരി, കൽപറ്റ, മാനന്തവാടി, പനമരം എന്നിവിടങ്ങളിൽ സീഡ് എന്ന പേരിൽ സൊസൈറ്റികൾ രൂപീകരിച്ചു തട്ടിപ്പ് നടത്തിയ അനന്തുകൃഷ്ണനെ ഇന്നലെ വയനാട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്തിട്ടുള്ള 45 കേസുകളിലെ 600 പേരിൽ നിന്നു മാത്രം 6 കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടാകാമെന്നാണ് നിഗമനം. മറ്റു പരാതികൾ കൂടി കൂട്ടിയാൽ ജില്ലയിൽ നിന്ന് മാത്രം കുറഞ്ഞത് 10 കോടി രൂപയുടെ തട്ടിപ്പു നടത്തിയിട്ടുണ്ടാകാം.ജില്ലയിൽ മാത്രം ആയിരത്തോളം പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പ്രഥാമിക നിഗമനം. ആദ്യഘട്ടത്തിൽ അനന്തു കൃഷ്ണനെയും സഹായി ആനന്ദകുമാറിനെയുമാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.
രണ്ടാം ഘട്ടത്തിൽ ഇവർക്കൊപ്പം അക്ഷയ സംരംഭകരിലേക്കും പൊലീസെത്തും.ജില്ലയിലെ ചില അക്ഷയ സെന്ററുകളെ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. അനന്തുകൃഷ്ണന്റെ നിർദേശപ്രകാരം ജില്ലയിലെ ഇരുപതോളം വരുന്ന അക്ഷയ സംരംഭകർ ചേർന്ന് ഇവിടെയും സൊസൈറ്റികൾ രൂപീകരിച്ച് പാതി വിലയ്ക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും ലഭ്യമാക്കാമെന്ന് വാഗ്ദാനം നൽകി നൂറുകണക്കിനാളുകളിൽ നിന്ന് പണം ഈടാക്കുകയായിരുന്നു.
സ്കൂട്ടറിന്റെ പാതിവിലയായ 60000 രൂപയും അക്ഷയ സംരംഭകർക്കുള്ള കമ്മിഷൻ തുക 5900 രൂപയും അംഗത്വ ഫീസ് 350 രൂപയും മുദ്രക്കടലാസ് വില 200 രൂപയുമാണ് ഇടപാടുകാരിൽ നിന്ന് ഈടാക്കിയിരുന്നത്. ഇതിൽ സ്കൂട്ടർ വില മാത്രമാണ് അനന്തു കൃഷ്ണന്റെ നേതൃത്വത്തിലുള്ള സൊസൈറ്റിയുടെ ഹെഡ് ഓഫിസ് അക്കൗണ്ടിലേക്ക് അടപ്പിച്ചിരുന്നത്. ബാക്കി കമ്മിഷൻ തുകയും അംഗത്വ ഫീസുമെല്ലാം അതാത് അക്ഷയ സെന്ററുകളിലാണ് വാങ്ങിയിരുന്നത്.
സ്കൂട്ടറിനു പുറമെ ഗൃഹോപകരണങ്ങൾ പാതിവിലയ്ക്കെന്നു പറഞ്ഞും ലക്ഷങ്ങൾ കൈപ്പറ്റിയിരുന്നു. 30000 രൂപ വീതമാണ് കുറഞ്ഞ തുകയായി ഓരോരുത്തരും അടച്ചത്. ഇതെല്ലാം വയനാട് കേന്ദ്രമായ സൊസൈറ്റികളിലേക്കും ചില അക്ഷയ സംരംഭകരിലേക്കുമാണ് പോയതെന്ന് പരാതിയുണ്ട്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എസ്.എസ്. സുരേഷ് ബാബുവിനു പുറമെ എസ്ഐ പി.എം. പുഷ്പരാജൻ, സീനിയർ സിപിഒമാരായ കെ.സുരേഷ്, രാഗേഷ് എന്നിവരാണ് അനന്തുകൃഷ്ണനെ കസ്റ്റഡിയിലെടുത്ത സംഘത്തിലുള്ളത്.