
നിപ്പ: പക്ഷി മൃഗാദികളുടെ കടിയേറ്റതോ നിലത്തു വീണു കിടക്കുന്നതോ ആയ പഴങ്ങൾ, പച്ചക്കറികൾ ഉപയോഗിക്കരുത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ മലപ്പുറം ജില്ലയിൽ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ടി.മോഹൻദാസ് അറിയിച്ചു. നിപ്പ സാധ്യതയുള്ള സീസണായതിനാൽ 2 മാസം മുൻപു ജില്ലയിലെ ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങളിൽ നിപ്പയ്ക്ക് പ്രത്യേക പ്രാധാന്യം നൽകി പകർച്ചവ്യാധി സർവയലൻസ് പ്രവർത്തനങ്ങൾ തുടർന്നു വരിയാണ്. ലക്ഷണങ്ങൾ നിരീക്ഷിക്കാനും ഉടൻ റിപ്പോർട്ട് ചെയ്യാനും എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും നിർദേശം നൽകിയിരുന്നു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ശരിയായ പ്രതിരോധമാർഗങ്ങൾ സ്വീകരിച്ച് ജാഗ്രതയോടെ നേരിടണമെന്നും അദ്ദേഹം അറിയിച്ചു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
പനിയോടൊപ്പം ശക്തമായ തലവേദന, ക്ഷീണം, തൊണ്ടവേദന, പേശിവേദന, ഛർദി, ശ്വാസ തടസ്സം, തളർച്ച, കാഴ്ച മങ്ങുക, മാനസിക വിഭ്രാന്തി, ബോധക്ഷയം തുടങ്ങിയവയാണ് നിപ്പയുടെ പ്രധാന രോഗ ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണം. രോഗ ലക്ഷണങ്ങളുള്ളവരെ പരിചരിക്കുന്നവരും അവരുമായി അടുത്തിടപഴകുന്ന സാഹചര്യമുള്ളവരും എൻ 95 മാസ്കും കയ്യുറകളും ഉപയോഗിക്കണം. ലക്ഷണങ്ങളുള്ള രോഗികൾ ഉപയോഗിച്ച വസ്ത്രങ്ങൾ, ബെഡ്ഷീറ്റ് മുതലായവ പ്രത്യേകം പുഴുങ്ങി അലക്കി വെയിലിൽ ഉണക്കുക. മുറികളും, വ്യക്തിഗത സാധനങ്ങളും അണുനാശിനി ഉപയോഗിച്ച് കഴുകുക.
പക്ഷി മൃഗാദികളുടെ കടിയേറ്റതോ നിലത്തു വീണു കിടക്കുന്നതോ ആയ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉപയോഗിക്കരുത്. എല്ലാ പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക. അടയ്ക്ക പോലുള്ള വവ്വാലുകൾ തൊടാൻ സാധ്യതയുള്ള വിഭവങ്ങൾ പെറുക്കുമ്പോൾ കയ്യുറ ഉപയോഗിക്കുക. സഹായങ്ങൾക്കും സംശയങ്ങൾ ദൂരീകരിക്കുന്നതിനും അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളെയോ ആരോഗ്യ പ്രവർത്തകരെയോ ദിശ ഹെൽപ് ലൈൻ നമ്പറുകളിലോ (104, 1056, 0471 2552056) ബന്ധപ്പെടാം.