
ട്രാൻസ്ഗ്രിഡ് പവർ ലൈൻ പദ്ധതി: ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരമില്ല
മാനന്തവാടി ∙ മലബാറിന്റെ വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിൽ നടപ്പിലാക്കുന്ന ട്രാൻസ്ഗ്രിഡ് പവർലൈൻ നിർമാണത്തിനായി ടവർ സ്ഥാപിക്കാൻ സ്ഥലം വിട്ടു നൽകിയവർക്കു നഷ്ടപരിഹാരം വൈകുന്നു. നഷ്ടപരിഹാരം ലഭിക്കുന്നതിനായി കരുതലും കൈത്താങ്ങും പരിപാടിയിലടക്കം പരാതികൾ നൽകിയിട്ടും അനുകൂല നടപടി ഉണ്ടാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. കെഎസ്ഇബിയും കരാറെടുത്ത കമ്പനിയായ എൽ ആൻഡ് ടിയും പരസ്പര വിരുദ്ധമായാണ് മറുപടി പറയുന്നതെന്നും ആക്ഷേപമുണ്ട്. കർണാടക അതിർത്തിയിലെ കാസർകോട് കരിന്തളം മുതൽ മാനന്തവാടി പയ്യമ്പള്ളി വരെ 125 കിലോമീറ്റർ ദൈർഘ്യമുള്ള 400 കെവി പവർ ലൈനിന്റെ നിർമാണം നടന്നുവരികയാണ്.2004ൽ ആരംഭിച്ച ഇൗ വൻ പദ്ധതി കെഎസ്ഇബിയുടെ അഭിമാന പ്രൊജക്ടുകളിൽ ഒന്നാണ്. മലബാറിൽ വൈദ്യുതി വിതരണത്തിന് പര്യാപ്തമായ 400 കെവി പവർ ലൈൻ നിലവിൽ ഇല്ല. ട്രാൻസ് ഗ്രിഡ് ലൈനിലൂടെ കർണാടകയിൽ നിന്ന് വൈദ്യുതി എത്തിക്കാനും മഴക്കാലത്ത് കേരളത്തിൽ അധികമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതി വിൽപന നടത്താനും കഴിയും.
ട്രാൻസ് ഗ്രിഡ് പവർ ലൈൻ നിർമാണത്തിനായി ടവർ സ്ഥാപിക്കാൻ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുകൂടെ വെട്ടിയ റോഡ്.
860 കോടിയിലേറെ രൂപ മുതൽമുടക്ക് വരുന്ന പദ്ധതി നടപ്പിലാക്കിയാൽ മലബാറിന്റെ വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമാകും.
എന്നാൽ, കണ്ണൂർ ജില്ലയിൽ പലയിടത്തും നഷ്ടപരിഹാരത്തെ ചൊല്ലിയുള്ള തർക്കം നിലനിൽക്കുന്നതിനാൽ ടവർ നിർമാണം ആരംഭിച്ചിട്ടില്ല. 36 ഹെക്ടറോളം വനഭൂമിയാണ് പദ്ധതിക്കായി വേണ്ടി വരിക. ഇതിന് തുല്യമായ സ്ഥലം സർക്കാർ വനഭൂമിയായി വിട്ട് നൽകും. പയ്യമ്പള്ളിയിൽ 12 ഏക്കർ സ്ഥലം ഏറ്റെടുത്താണ് 400 കെവി സബ് സ്റ്റേഷൻ നിർമിക്കുക.
നഷ്ടപരിഹാരം ഉടൻ നൽകണം: കർഷക സംഘം
തലപ്പുഴ ∙ കേരള വൈദ്യുതി ബോർഡ് നടപ്പിലാക്കുന്ന 400 കെ വി വൈദ്യുതി ലൈനിന്റെ ആവശ്യത്തിനായി കർഷകരുടെ ഭൂമിയിൽ സ്ഥാപിക്കുന്ന ടവറുകളുടെ നിർമാണത്തിനായി സ്ഥലം വിട്ടു നൽകിയ കർഷകർക്കും ടവറിന് അടുത്തേക്ക് പോകേണ്ട റോഡിന് സ്ഥലം നൽകിയ കർഷകർക്കും മാസങ്ങളായി ഒരു വിധ നഷ്ടപരിഹാരവും നൽകാത്തതിൽ കേരള കർഷക സംഘം തവിഞ്ഞാൽ വില്ലേജ് കമ്മിറ്റി പ്രതിഷേധിച്ചു.
ജോലി കരാറെടുത്ത കമ്പനി നഷ്ടപരിഹാരം നൽകേണ്ടത് കെഎസ്ഇബി ആണെന്ന് പറയുന്നു. എന്നാൽ കെഎസ്ഇബി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ കരാറെടുത്ത കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നും പറയുന്നു.കർഷകർക്ക് നഷ്ടമായ ഭൂമിയുടെയും വിളകളുടെയും മരങ്ങളുടെയും വില എത്രയും പെട്ടെന്ന് നൽകാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ കെഎസ്ഇബി ഓഫിസിലേക്ക് മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ സമരങ്ങൾക്ക് കർഷക സംഘം നേതൃത്വം നൽകും.
കെ.ജെ.അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. പി.ജി.
ഭാസ്കരൻ, കെ.കെ. ബേബി, എം.ആർ.
സുരേഷ്, പി.ടി. മോഹൻ, എം.കെ.
ഹരികുമാർ, കെ.വി. ബഷീർ, വി.എൻ.
സലിംകുമാർ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]