
രാത്രി മല കയറാൻ പോയാലോ? ഇൻ ബോൺ, ഔട് ബോൺ യാത്രകൾ; നൈറ്റ് ഹിൽ ട്രെക്കിങ്ങുമായി കെഎസ്ആർടിസി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ ചീങ്ങേരി മലയിലേക്ക് രാത്രിയുള്ള മല കയറ്റവുമായി കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ. ഡിടിപിസിയുമായി സഹകരിച്ചാണു പുതിയ പദ്ധതി നടപ്പിലാക്കുന്നത്. 10 പേരുടെ സംഘത്തിന് ഒരു ഗൈഡിനെയും ലഭിക്കും. കെഎസ്ആർടിസിയിലൂടെ മാത്രമുള്ള എക്സ്ക്ലൂസീവ് ബുക്കിങ് ആണ് 6 മാസത്തേക്ക് ഒരുക്കിയിരിക്കുന്നത്. ഇന്നലെ കെഎസ്ആർടിസി അധികൃതരുടെ നേതൃത്വത്തിൽ കൽപറ്റയിൽ നിന്നു ട്രയൽ റൺ നടത്തി. ഇത്തരത്തിൽ ‘നൈറ്റ് ഹിൽ ട്രക്കിങ്’ കേരളത്തിൽ ആദ്യമാണെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രകൾ സംഘടിപ്പിക്കുക എന്ന ആശയമാണ് 2021ൽ ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതിയിലൂടെ കെഎസ്ആർടിസി സാക്ഷാത്കരിക്കുന്നത്. 10 ലക്ഷത്തിലധികം യാത്രക്കാർ ഇതുവരെ ബജറ്റ് വിനോദ സഞ്ചാരത്തിന്റെ ഭാഗമായി വയനാട്ടിലൂടെ കെഎസ്ആർടിസിയിൽ യാത്ര ചെയ്തത്. സംസ്ഥാനമൊട്ടാകെ 64 കോടി രൂപയാണ് ഇതുവരെയുള്ള വരുമാനം.
ഇൻ ബോൺ, ഔട് ബോൺ യാത്രകൾ
മറ്റു ജില്ലകളിൽ നിന്നു വയനാട്ടിലേക്കും (ഇൻ ബോൺ) ഇവിടെ നിന്നു പുറത്തേക്കും (ഔട് ബോൺ) ട്രിപ്പുകളുണ്ട്. വയനാട്ടിൽ നിലവിൽ 2 അല്ലെങ്കിൽ 3 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പാക്കേജുകളാണു ഉള്ളത്. 2 ദിവസത്തെ പാക്കേജിൽ ഒരു രാത്രിയും 2 പകലും 3 ദിവസത്തെ പാക്കേജിൽ 2 രാത്രിയും 3 പകലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അകലാപ്പുഴ, മൈസൂരു, ഗവി, മൂന്നാർ, കോഴിക്കോട്, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ജില്ലയിൽ നിന്നു പുറത്തേക്കുള്ള യാത്രകൾ.
ആനയെ കാണാൻ ആനവണ്ടി
വയനാട് കെഎസ്ആർടിസി ഒരുക്കിയതിൽ ഏറ്റവും സ്വീകാര്യത ലഭിച്ച പദ്ധതി ജംഗിൾ സഫാരിയാണ്. കാട്ടിനുള്ളിലൂടെ ആന വണ്ടിയിൽ കാഴ്ചകൾ കണ്ടുള്ള യാത്ര. ബത്തേരിയിൽ നിന്നു 300 ൽ അധികം യാത്രകളും മാനന്തവാടിയിൽ നിന്നു 100 ൽ അധികം യാത്രകളും ഈ പദ്ധതിയുടെ ഭാഗമായി ഇതുവരെ നടന്നു കഴിഞ്ഞു. ബത്തേരിയിൽ പഴയ കെഎസ്ആർടിസി ബസിനുള്ളിൽ ചെറിയ മാറ്റം വരുത്തി വിനോദ സഞ്ചാരികൾക്ക് താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 61 പേർക്ക് താമസിക്കാൻ സാധിക്കുന്ന ഡോർമിറ്ററി സൗകര്യവും 2 കുടുംബങ്ങൾക്ക് താമസിക്കാവുന്ന 2 മുറികളുമാണു കെഎസ്ആർടിസി ബസിനുള്ളിൽ ഒരുക്കിയിരിക്കുന്നത്. ഡോർമിറ്ററിയിൽ ഒരാൾക്കു 160 രൂപയും മുറിയൊന്നിനു 1000 രൂപയുമാണ് ഈടാക്കുക.