മാനന്തവാടി ∙ തിരുനെല്ലി ദേവസ്വത്തിന്റെ സ്ഥിരനിക്ഷേപം തിരിച്ചുനൽകാത്ത തിരുനെല്ലി സർവീസ് സഹകരണ ബാങ്കിന്റെ നടപടി വിവാദത്തിലായതോടെ പ്രശ്നപരിഹാരത്തിനു സിപിഎം നേതൃത്വം. തിരുനെല്ലി, തൃശിലേരി ക്ഷേത്രങ്ങളുടേതായി 17 കോടി രൂപയാണ് സിപിഎം ഭരിക്കുന്ന തിരുനെല്ലി സർവീസ് സഹകരണ ബാങ്കിലെ സ്ഥിര നിക്ഷേപം. ഇതു തിരികെ നൽകണമെന്ന് ഹൈക്കോടതി വിധിയുണ്ടായിട്ടും 8 കോടി രൂപ ഇനിയും തിരിച്ചുകൊടുക്കാനുണ്ട്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ സ്ഥിര നിക്ഷേപങ്ങൾ സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിക്കരുതെന്നു ദേവസ്വം ബോർഡ് മുൻപ് നിർദേശവും നൽകിയിരുന്നു.
ഈ സാഹചര്യത്തിലാണു സർക്കാരിൽ സമ്മർദം ചെലുത്തി സഹകരണബാങ്കുകളിലും ദേവസ്വം നിക്ഷേപങ്ങൾ ആകാമെന്ന നിയമഭേദഗതി കൊണ്ടുവരാനുള്ള പാർട്ടി നേതൃത്വത്തിന്റെ ശ്രമം.
ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുപോലും പണം നൽകാൻ ബാങ്ക് വിസമ്മതിക്കുകയാണെന്നു കാണിച്ച് കോഴിക്കോട് ഉള്ളിയേരി സ്വദേശി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണു ദേവസ്വത്തിന് അനുകൂലമായ വിധിയുണ്ടായത്. എന്നാൽ, നിക്ഷേപത്തുക ഒരുമിച്ച് നൽകാൻ കഴിയാത്ത സാമ്പത്തിക സ്ഥിതിയിലാണെന്നും കൂടുതൽ സമയം വേണമെന്നുമാണു ബാങ്കിന്റെ നിലപാട്.
തിരുനെല്ലി–തൃശ്ശിലേരി ദേവസ്വങ്ങൾ സ്ഥിര നിക്ഷേപം നടത്തിയിട്ടുള്ള 5 സഹകരണ സംഘങ്ങളും സിപിഎം നിയന്ത്രണത്തിലുള്ളതാണ്. കോൺഗ്രസും ബിജെപിയും ബാങ്കിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ബ്രഹ്മഗിരി മാംസ സംസ്കരണ ഫാക്ടറിയിൽ ചട്ടങ്ങൾ മറികടന്ന് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളുൾപ്പെടെ വൻതുക നിക്ഷേപം നടത്തിയത് തിരികെ ലഭിക്കാത്തതു വൻ പ്രതിഷേധത്തിനിടയാക്കിയതിനു പിന്നാലെയാണ് ദേവസ്വം നിക്ഷേപിച്ച തുക സഹകരണ സ്ഥാപനങ്ങൾ തിരികെ നൽകാത്തതിനെ ചൊല്ലിയും വിവാദം ഉയരുന്നത്.
നിക്ഷേപിച്ച തുക എത്രയും വേഗം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടു പോകുമെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കി. വർഷങ്ങളായി തുടർന്നു വരുന്ന സ്ഥിര നിക്ഷേപം ഒറ്റയടിക്കു തിരികെ നൽകുക അപ്രായോഗികമാണെന്നും ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ബാങ്ക് അധികൃതർ പറയുന്നു.
തിരുനെല്ലി സർവീസ് സഹകരണ ബാങ്കിലെ പ്രതിസന്ധി പ്രതിഷേധം വ്യാപകം; മാർച്ച്, ഉപരോധം
കാട്ടിക്കുളം ∙ ക്ഷേത്രങ്ങളുടെ സ്ഥിര നിക്ഷേപം സഹകരണ സ്ഥാപനങ്ങളിൽ നിന്ന് പിൻവലിക്കണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കാത്ത തിരുനെല്ലി സർവീസ് സഹകരണ ബാങ്കിന്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ മാർച്ചും ഉപരോധവും നടത്തി.
ഉപരോധ സമരം ഡിസിസി ജനറൽ സെക്രട്ടറി കമ്മന മോഹനൻ ഉദ്ഘാടനം ചെയ്തു. തൃശ്ശിലേരി മണ്ഡലം പ്രസിഡന്റ് സതീശൻ പുളിമൂട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എം.നിഷാന്ത് പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് റഷീദ് തൃശിലേരി, കെ.വി. ഷിനോജ്, കെ.ജി.രാമകൃഷ്ണൻ, സുധാകരൻ പാൽവെളിച്ചം, സലീം തോൽപെട്ടി എന്നിവർ പ്രസംഗിച്ചു.
സംഘർഷ സാധ്യത കണക്കിലെടുത്ത് ബാങ്കിന് മുന്നിൽ പൊലീസ് നിലയുറപ്പിച്ചിരുന്നു.
കാട്ടിക്കുളം ∙ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ സ്ഥിര നിക്ഷേപം സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്നതിനെതിരെ ഹൈക്കോടതി വിധി വന്നിട്ടും തുക തിരികെ നൽകാത്തതിൽ പ്രതിഷേധിച്ച് തിരുനെല്ലി സർവീസ് സഹകരണ ബാങ്കിലേക്ക് ബിജെപി തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ധർണ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രകാശൻ കൈപ്പഞ്ചേരി അധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സി.അഖിൽ പ്രേം പ്രഭാഷണം നടത്തി.
ബിജെപി ഭാരവാഹികളായ വിജിഷ സജീവൻ, അഖിൽ കേളോത്ത്, അരുൺ രമേശ്, പി.ജി.രാഖിൽ, രൂപേഷ് പിലാക്കാവ് എന്നിവർ പ്രസംഗിച്ചു.
സമരം ശക്തമാക്കുമെന്ന് സമരസമിതി
പുൽപള്ളി ∙ വായ്പ തട്ടിപ്പിലുൾപ്പെട്ടവർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള ജനകീയ സമരസമിതിയുടെ പ്രക്ഷോഭങ്ങൾ ശക്തമാക്കുമെന്ന് സമരസമിതി ഭാരവാഹികൾ വ്യക്തമാക്കി. 10 മുതൽ കൽപറ്റയിലെ ജോയിന്റ് റജിസ്ട്രാർ ഓഫിസിനു മുന്നിലും സമരം ആരംഭിക്കും.
2022ൽ പുറപ്പെടുവിച്ച സർചാർജ് ഉത്തരവ് നടപ്പാക്കാതെ ബന്ധപ്പെട്ടവർ തട്ടിപ്പിനിരയായവരെ കബളിപ്പിക്കുകയാണ്. ഇതു നടപ്പാക്കാൻ ബാങ്ക് ഭരണസമിതിയും ഭരണ കർത്താക്കളും വീഴ്ച വരുത്തുകയാണ്.ഉത്തരവ് നടപ്പാക്കാൻ ബാങ്ക് ഇതുവരെ ഒരപേക്ഷപോലും ബന്ധപ്പെട്ടവർക്ക് നൽകിയിട്ടില്ല.
സർക്കാർ നിയോഗിച്ച അയ്യപ്പൻനായർ കമ്മിഷൻ ബാങ്കിൽ നടന്ന പലക്രമക്കേടുകളും കണ്ടെത്തിയിരുന്നു.
കാപ്പിസെറ്റ് ശാഖ അടച്ചതുൾപ്പെടെയുള്ള പലകാര്യങ്ങളിലും കൃത്യമായ തീരുമാനമില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സ്വാശ്രയ സംഘങ്ങളുടെ ജെഎൽജി വായ്പകളിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ഗോത്രവിഭാഗങ്ങളടക്കം ഇപ്പോൾ ജപ്തി ഭീഷണിയിലാണെന്നും സമരസമിതി ചൂണ്ടിക്കാട്ടി.കിട്ടാത്ത വായ്പയുടെ പേരിലാണ് പലരും കടക്കെണിയിലായത്.ബാങ്കിൽ സോഷ്യൽ ഓഡിറ്റ് നടത്താൻ ബന്ധപ്പെട്ടവർ തയാറാവണം. സർക്കാർ ഇടപെട്ട് പ്രശ്നത്തിനു പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.
ബാങ്കിൽ അന്വേഷത്തിനെത്തിയ വിജിലൻസ്, എൻഫോഴ്സമെന്റ് വകുപ്പുകൾ ആരുടെയും ആധാരങ്ങളൊന്നും കൊണ്ടുപോയിട്ടില്ലെന്നും ബാങ്ക് ഭരണസമിതി പ്രചരിപ്പിക്കുന്നത് നുണയാണെന്നും സമിതി പറയുന്നു. ഉത്തരവാദിത്വത്തിൽ നിന്നുഭരണസമിതി ഒളിച്ചോടുകയാണ്.ജീവനൊടുക്കിയ രാജേന്ദ്രൻ നായരുടെ ഭാര്യയ്ക്കു പുറമേ മകൻ കെ.ആർ.ശ്രീജിത്തും നിരാഹാരസമരം ആരംഭിച്ചു.
ബാങ്കിനുമുന്നിൽ സമരം പാടില്ലെന്ന് ബാങ്ക് കോടതിവിധി സമ്പാദിച്ചതിനാൽ സമരവേദിയും മാറുകയാണ്. ഏതെല്ലാം ഭീഷണിയുണ്ടായാലും നീതിലഭിക്കുംവരെ സമരം തുടരാനും തീരുമാനിച്ചു.
പി.ആർ.അജയകുമാർ അധ്യക്ഷത വഹിച്ചു. പറമ്പക്കാട്ട് ഡാനിയേൽ, എൻ.സത്യാനന്ദൻ, കെ.ആർ.ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
കുറ്റക്കാർക്കെതിരെ കേസ് എടുക്കണം: കോൺഗ്രസ്
കൽപറ്റ ∙ സഹകരണ ബാങ്കിൽ നിക്ഷേപിച്ച നിക്ഷേപകരുടെ പണം നിയമ വിരുദ്ധമായി ബ്രഹ്മഗിരി സൊസൈറ്റിയിൽ നിക്ഷേപിച്ച ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അനധികൃതമായി സാമ്പത്തിക തിരിമറി നടത്തിയതിൽ കുറ്റക്കാരായ അംഗങ്ങൾക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിലേക്കു മാർച്ചും ധർണയും നടത്തി. കെപിസിസി അംഗം പി.പി.ആലി ധർണ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗിരീഷ് കൽപറ്റ അധ്യക്ഷത വഹിച്ചു. എം.എ.ജോസഫ്, സി.ജയപ്രസാദ്, പി.വിനോദ് കുമാർ, ജി.വിജയമ്മ, ഹർഷൽ കോന്നാടൻ, കെ.
കെ.രാജേന്ദ്രൻ, കെ.ശശി കുമാർ, ഡിന്റോ ജോസ്, എസ്.മണി, പി.കെ.മുരളി, ഷബ്നാസ് തന്നാനി, കെ.അജിത, ആയിഷ പള്ളിയാൽ, പി.രാജാറാണി, ബിന്ദു ജോസ്, രമ്യ ജയപ്രസാദ്, ഗിരിജ സതീഷ്, സെബാസ്റ്റ്യൻ കൽപറ്റ, ടി.സതീഷ് കുമാർ, രമേശ് മാണിക്യം, മുഹമ്മദ് ഫെബിൻ, അർജുൻ ദാസ്, മാടായി ലത്തീഫ്, ഗിരിജ മടിയൂർകുനി എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]