
കൽപറ്റ ∙ ദൈനംദിന പ്രവർത്തനങ്ങൾ സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഡിജിറ്റൈസേഷൻ നടപടികൾ കാരണം പൊല്ലാപ്പിലായിരിക്കുകയാണ് അങ്കണവാടി വർക്കർമാർ. മുൻപ് പ്രതിദിന വിവര ശേഖരണവും തുടർനടപടികളും റജിസ്റ്ററുകളിൽ എഴുതി സൂക്ഷിക്കലായിരുന്നു പതിവ്.
എന്നാൽ, 2018 ലെ ഡിജിറ്റലൈസേഷൻ നടപടികളുടെ ഭാഗമായി സ്മാർട് ഫോണുകൾ വിതരണം ചെയ്തതോടെയാണ് അങ്കണവാടി വർക്കർമാർ പ്രതിസന്ധിയിലായത്. സംവിധാനം പൂർണമായും ഡിജിറ്റലായതോടെ വിവരങ്ങളും തുടർനടപടികളും റജിസ്റ്ററുകളിൽ രേഖപ്പെടുത്തണം.
ഇവ പിന്നീട് കുത്തിയിരുന്നു സ്മാർട് ഫോണിലെ ആപ്ലിക്കേഷനിലും അപ്ലോഡ് ചെയ്യണം.
പ്രധാനമന്ത്രിയുടെ സമഗ്ര പോഷകാഹാര പദ്ധതിക്ക് കീഴിൽ സംസ്ഥാന വനിതാ-ശിശുവികസന വകുപ്പ് മുഖേനയാണ് വിവര ശേഖരണത്തിനായി സംസ്ഥാനത്തെ അങ്കണവാടികൾക്ക് സ്മാർട് ഫോണുകൾ സർക്കാർ അനുവദിച്ചത്. തുടക്കത്തിൽ ഫോണുകളിൽ ‘കോം കെയർ എൽടിഎസ്’ എന്ന സോഫ്റ്റ്വെയറാണ് ഉപയോഗിച്ചിരുന്നത്.
മാസങ്ങൾക്കു ശേഷം പോഷൺ ട്രാക്കറെന്ന ആപ്ലിക്കേഷനിലേക്ക് മാറി.
ഇതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നു അങ്കണവാടി വർക്കർമാർ പറയുന്നു. അടിക്കടിയുള്ള അപ്ഡേഷനും സെർവർ ഡൗണാകലും കാരണം പ്രതിദിന വിവര ശേഖരണവും തുടർനടപടികളും മുടങ്ങി.
വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ മണിക്കൂറുകളെടുക്കും. അപ്ലോഡ് ചെയ്യുന്ന വിവരങ്ങളാകട്ടെ പൂർണമായ രീതിയിൽ ലഭിക്കുകയുമില്ല.
പരാതി പറഞ്ഞു മടുത്ത അങ്കണവാടി വർക്കർമാരിൽ പലരും സർക്കാർ നൽകിയ ഫോണുകൾ ഉപേക്ഷിച്ചു. സ്വന്തമായി ഉപയോഗിക്കുന്ന ഫോൺ വഴി വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ തുടങ്ങി.
എന്നാൽ, അടിക്കടിയുള്ള സോഫ്റ്റ്വെയർ അപ്ഡേഷൻ കാരണം പല ഫോണുകളിലും പോഷൺ ട്രാക്കർ ആപ് ഉപയോഗിക്കാനാകുന്നില്ല.
അങ്കണവാടികളിലൂടെ നൽകിവരുന്ന അനുപൂരക പോഷകാഹാരം വിതരണത്തിന് ഈ മാസം മുതൽ ഫേസ് റെക്കഗ്നിഷൻ സംവിധാനം നിർബന്ധമാക്കിയിട്ടുണ്ട്.എന്നാൽ, ആപ് പണിമുടക്കുന്നത് കാരണം ഇതുവരെ വിതരണം ചെയ്ത അനുപൂരക പോഷകാഹാരത്തിന്റെ വിവരം പോഷൺ ട്രാക്കറിൽ രേഖപ്പെടുത്താൻ കഴിയുന്നില്ല.
അങ്കണവാടി പരിധിയിൽ വരുന്ന കുടുംബ വിവര റജിസ്റ്റർ, പ്രതിദിന ഭക്ഷണ റജിസ്റ്റർ, ഭവന സന്ദർശന റജിസ്റ്റർ, പിഎംഎംവിവൈ, പ്രതിരോധ കുത്തിവയ്പ് റജിസ്റ്റർ തുടങ്ങിയ 11 കാര്യങ്ങളാണ് പോഷൺ ട്രാക്കറിലും അപ്ലോഡ് ചെയ്യേണ്ടത്. അങ്കണവാടി ജീവനക്കാർ വർഷങ്ങളോളം വീടുകളിൽ സർവേ നടത്തി ശേഖരിച്ച വിവരങ്ങളാണ് ഫോണിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഇതിൽ പ്രതിദിനമുള്ള പുതിയ കൂട്ടിച്ചേർക്കലുകളാണ് നടത്തേണ്ടത്.
കേന്ദ്രവിഹിതം ലഭിക്കാതെയായതോടെ അങ്കണവാടി വർക്കർമാർക്ക് കഴിഞ്ഞ 3 വർഷമായി പെർഫോമൻസ് അലവൻസ് നൽകുന്നില്ല. 5 വർഷമായിട്ട് യാത്രാ അലവൻസും ലഭിക്കുന്നില്ല.
മറ്റു വകുപ്പുകളെ അപേക്ഷിച്ച് കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന അങ്കണവാടി വർക്കർമാർക്കു 3 ഘട്ടങ്ങളായിട്ടാണ് വേതനം പോലും ലഭിക്കുന്നത്. സുഗമമായി ജോലി ചെയ്യാനുള്ള പുതിയ സ്മാർട് ഫോണുകൾ അടക്കമുള്ള നൂതന സൗകര്യങ്ങൾ ഒരുക്കി നൽകണമെന്നാണ് അങ്കണവാടി ജീവനക്കാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]