
കൽപറ്റ ∙ കടുവസങ്കേതത്തിനു പുറത്തുള്ള വനമേഖലയിലെ കടുവകളുടെ സംരക്ഷണത്തിനുള്ള കേന്ദ്ര പദ്ധതിയിൽ (ടൈഗേഴ്സ് ഔട്ട്സൈഡ് ടൈഗർ റിസർവ്സ്–ടിഒടിആർ) ഉൾപ്പെടുത്തുന്നതോടെ വയനാട്ടിലെ വന്യജീവിശല്യ പ്രതിരോധം കൂടുതൽ ഫലപ്രദമാകുമോയെന്നതിൽ വനംവകുപ്പും കർഷകസംഘടനകളും രണ്ടുതട്ടിൽ. ഫണ്ടിന്റെ അപര്യാപ്തയാണു പലപ്പോഴും വന്യജീവിശല്യ പ്രതിരോധത്തിനു തടസ്സമാകുന്നത്.
എന്നാൽ, രാജ്യമൊട്ടാകെ 88.7 കോടി രൂപ ചെലവിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ വയനാടും ഇടംനേടുന്നതോടെ വന്യജീവി ശല്യത്തിനു വലിയൊരളവു വരെ പരിഹാരം കാണാനാകുമെന്നാണു പ്രതീക്ഷയെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
സൗത്ത് വയനാട്, നോർത്ത് വയനാട് വനംഡിവിഷനുകളെയും വയനാട് വന്യജീവി സങ്കേതത്തെയും ഉൾപ്പെടുത്തി പ്രത്യേക കടുവാസംരക്ഷണപദ്ധതി നടപ്പിലാക്കുകയാണു ലക്ഷ്യം. കേരളത്തിലെ മറ്റു ഡിവിഷനുകളിലും ടിഒടിആർ പദ്ധതി വരും.രാജ്യത്തുടനീളം 2 ഘട്ടങ്ങളിലായി 3 വർഷം കൊണ്ടു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണു ടിഒടിആർ നടപ്പിലാക്കുക. കടുവകളുടെയും കടുവകളുടെ ആവാസവ്യവസ്ഥയുടെയും ശാസ്ത്രീയ സംരക്ഷണവും അതുവഴിയുള്ള വന്യജീവി പ്രതിരോധവും പദ്ധതിയിലൂടെ നടപ്പിലാകും. കൂടുതൽ ക്യാമറ ട്രാപ്പുകൾ സ്ഥാപിക്കുന്നതിലൂടെ നിരീക്ഷണം ശക്തമാകും. ആധുനിക സൗകര്യങ്ങളുള്ള വാഹനങ്ങളും മറ്റ് ഉപകരണങ്ങളും ലഭ്യമാക്കും.
നിർമിത ബുദ്ധി ഉപയോഗിച്ചുള്ള മുന്നറിയിപ്പ് സംവിധാനവും സജ്ജീകരിക്കും.
ഉയരുന്നചോദ്യങ്ങൾ
അതേസമയം, കടുവാസങ്കേതമായി പ്രഖ്യാപിച്ചാലോ കടുവാസംരക്ഷണത്തിനുള്ള പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയാലോ വനാതിർത്തികളിൽ കടുത്ത നിയന്ത്രണമുണ്ടാകുമെന്നും ഇതു കർഷകരും ആദിവാസികളും ഉൾപ്പെടെയുള്ള തദ്ദേശജനവിഭാഗങ്ങളുടെ ഉപജീവനമാർഗത്തിലുൾപ്പെടെ വലിയ പ്രയാസമുണ്ടാക്കുമെന്നുമുള്ള ആശങ്ക കർഷകസംഘടനകൾക്കുണ്ട്. കടുവാസംരക്ഷണത്തിനുള്ള പദ്ധതിയെന്ന ഓമനപ്പേരിൽ പുതിയ കടുവസങ്കേതം തന്നെയാണു വരുന്നതെന്നാണ് ആരോപണം. ബന്ദിപ്പൂർ കടുവാസങ്കേതത്തിനുള്ളിലായതുകൊണ്ടു മാത്രമാണു ദേശീയപാത 766ൽ രാത്രിയാത്രയ്ക്കു നിരോധനം വന്നത്.
ടിഒടിആർ പോലുള്ള പുതിയ പദ്ധതികൾ ഇത്തരം യാത്രാനിയന്ത്രണങ്ങൾക്കോ നിരോധനങ്ങൾക്കു തന്നെയോ കാരണമാകുമോയെന്നതാണ് ആശങ്ക.
ഫണ്ട് വന്നിട്ടും കടുവകൾകുറയുന്ന അദ്ഭുതം!
വയനാട് വന്യജീവി സങ്കേതത്തെ കടുവസങ്കേതമായി പ്രഖ്യാപിക്കാൻ 2014ൽ ദേശീയ കടുവാസംരക്ഷണ അതോറിറ്റി പദ്ധതി തയാറാക്കിയിരുന്നു.
എന്നാൽ, ജനങ്ങളിൽനിന്നു കടുത്ത എതിർപ്പുണ്ടായതിനെത്തുടർന്നു മുടങ്ങി. ബത്തേരി, തോൽപെട്ടി, കുറിച്യാട് റേഞ്ചുകൾ ഉൾപെട്ട
കടുവസങ്കേതം പ്രഖ്യാപിക്കാനായിരുന്നു നീക്കം. വയനാട് വന്യജീവി സങ്കേതത്തെ കടുവാ സംരക്ഷണ കേന്ദ്രമാക്കി മാറ്റണമെന്ന് 2018ലെ കടുവാ സെൻസസ് റിപ്പോർട്ടിലും ശുപാർശയുണ്ടായിരുന്നു.
കടുവസങ്കേതത്തിനു പുറത്തുള്ള കടുവകളെ സംരക്ഷിക്കുക ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതി ഫലത്തിൽ കടുവസങ്കേതമായി പ്രഖ്യാപിക്കുമ്പോഴുള്ള നേട്ടങ്ങളും കൊണ്ടുവരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ടൂറിസം വികസനത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നും അവർ വിശദീകരിക്കുന്നു.
എന്നാൽ, കടുവാസംരക്ഷണമെന്ന പേരിൽ കോടികൾ ചെലവഴിക്കുമ്പോഴും കടുവകളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്ന വൈരുധ്യമാണു കടുവ സെൻസസിലൂടെ തെളിയുന്നതെന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്.
ടൈഗേഴ്സ് ഔട്ട്സൈഡ് ടൈഗർ റിസർവ്സ് പദ്ധതി വന്ന വഴി ഇങ്ങനെ
ജില്ലയിലെ വയനാട് വന്യജീവി സങ്കേതവും സൗത്ത്–നോർത്ത് വനംഡിവിഷനുകളും തൊട്ടടുത്തു കർണാടകയിലെ നാഗർഹോള, തമിഴ്നാട്ടിലെ ബന്ദിപ്പൂർ, മുതുമല കടുവസങ്കേതങ്ങൾക്കു പുറത്താണ്. കടുവസങ്കേതത്തിനു പുറത്തെ വനമേഖലകളിലുള്ള കടുവകളെ സംരക്ഷിക്കാനായാണു കേന്ദ്രം പദ്ധതി തയാറാക്കിയിരിക്കുന്നത്.
ഏറ്റവും ഒടുവിലായി 2022ൽ നടന്ന കണക്കെടുപ്പ് പ്രകാരം വയനാട്ടിൽ 84 കടുവകളാണുള്ളത്. 2018ലെ കണക്കെടുപ്പിൽ 120 കടുവകളെ കണ്ടെത്തിയിരുന്നു.
ഇതു കൂടാതെ വയനാട്ടിലെ സൗത്ത്, നോർത്ത് ഡിവിഷനുകളിലും ധാരാളം കടുവകളുണ്ട്.
2022ലെ സർവേ പ്രകാരം വയനാട് വന്യജീവി സങ്കേതം (69), നോർത്ത് വയനാട് ഡിവിഷൻ (8) സൗത്ത് വയനാട് ഡിവിഷൻ (9) എന്നിങ്ങനെയാണു വയനാട്ടിലെ കടുവകളുടെ കണക്ക്. ഇതിനു പുറമെ വയനാടിന്റെ അതിർത്തിയിൽ കോഴിക്കോട് ജില്ലയിലെ വനമേഖലയിലേക്കും പുറത്തെ ജനവാസകേന്ദ്രങ്ങളിലും വരെ കടുവയെ കണ്ടു. പലയിടത്തും കടുവകൾ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയായി മാറുകയും ചെയ്യുന്നു.
ഈ കടുവകളുടെ സംരക്ഷണവും ജനവാസകേന്ദ്രങ്ങളിലെത്തുന്നതു തടയുകയുമാണു ടൈഗേഴ്സ് ഔട്ട്സൈഡ് ടൈഗർ റിസർവ് പദ്ധതിയുടെ ലക്ഷ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]