
മേപ്പാടി ∙ രൂക്ഷമായ വന്യമൃഗശല്യത്തിൽ പൊറുതി മുട്ടിയ നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. കാട്ടാനയ്ക്കും കടുവയ്ക്കും പുലിയ്ക്കും പിന്നാലെ കഴിഞ്ഞ ദിവസം കരടിയും മേപ്പാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയിരുന്നു.
ഇതോടെയാണ് പഞ്ചായത്തിലെ വിവിധ വാർഡുകളിലുള്ളവർ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധവുമായി രംഗത്തിറങ്ങിയത്. പഞ്ചായത്തിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.ഇന്നലെ രാവിലെ 11നു തുടങ്ങിയ ഉപരോധം ഉച്ചയ്ക്ക് ഒന്നര വരെ നീണ്ടു.
തുടർന്ന് ഡിഎഫ്ഒ അജിത് കെ.രാമൻ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. കാടും നാടും വേർതിരിക്കുമെന്നും ഫെൻസിങ് അടക്കമുള്ള പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കാമെന്നും ഉറപ്പു ലഭിച്ചതോടെ ഉച്ച കഴിഞ്ഞ് രണ്ടോടെ ഉപരോധം അവസാനിപ്പിച്ച് പ്രതിഷേധക്കാർ മടങ്ങി.
മേപ്പാടി ടൗണിൽ നടത്തിയ ഉപരോധത്തെ തുടർന്നു ഊട്ടി–കോഴിക്കോട് സംസ്ഥാനാന്തര പാതയിൽ വാഹന ഗതാഗതം മണിക്കൂറുകളോളം മുടങ്ങി. ഡിഎഫ്ഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്താതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ.
ഇതിനിടെ, പ്രതിഷേധക്കാരെ പൊലീസ് നീക്കം ചെയ്യാൻ ശ്രമിച്ചത് നേരിയ തോതിൽ വാക്തർക്കത്തിനിടയാക്കി. തുടർന്ന് സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ചിലരെ പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പിന്നാലെ, പ്രതിഷേധക്കാർ പ്രകടനവുമായി പൊലീസ് സ്റ്റേഷൻ പരിസരത്തെത്തി. തുടർന്ന് സ്റ്റേഷനു മുൻപിൽ ധർണ നടത്തി.
ഇതിനിടയിലാണ് ഡിഎഫ്ഒ അജിത് കെ.രാമൻ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയത്. ഉപരോധത്തിന് സി.ശിഹാബ്, യൂനുസ്, അബ്ദുൽ സലിം, ജനപ്രതിനിധികളായ ജോബിഷ് കുര്യൻ, ബി.നാസർ, സുനീറ, മിനി കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ഇതിനിടെ, ഇന്നലെ രാവിലെയും കാപ്പംകൊല്ലി പുഴമൂല ഭാഗത്ത് കാട്ടാന ഇറങ്ങി. രണ്ടാഴ്ചയ്ക്കിടെ ഇൗ ഭാഗത്തു 7 തവണയാണു കാട്ടാനകളെത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]